|

കളിക്കളത്തില്‍ രോഹിത് സര്‍ഫറാസിനോട് പറഞ്ഞ അതേ കാര്യം കേരള പൊലീസും നിങ്ങളോട് പറയുന്നു; ഹീറോയാകരുത്...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 3-1ന് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി.

മത്സരത്തിനിടെ രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെ കാര്‍ക്കശ്യത്തെ വാനോളം പുകഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകര്‍. മത്സരത്തില്‍ സില്ലി പോയിന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് ഖാനെ ശകാരിക്കുന്ന രോഹിത് ശര്‍മയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ഹെല്‍മെറ്റ് ധരിക്കാതെയാണ് സര്‍ഫറാസ് ബാറ്ററിന് തൊട്ടരികില്‍ ഫീല്‍ഡ് ചെയ്തത്. ഇതുകണ്ട് രോഹിത് സര്‍ഫറാസിനെക്കൊണ്ട് ഹെല്‍മെറ്റ് ധരിപ്പിക്കുകയായിരുന്നു. സുരക്ഷയുറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് രോഹിത് സര്‍ഫറാസിനെ വീണ്ടും ഫീല്‍ഡ് ചെയ്യാന്‍ അനുവദിച്ചത്.

രോഹിത്തിന്റെ നിര്‍ദേശ പ്രകാരം ബെഞ്ചിലികുന്ന കെ.എസ്. ഭരത് ഹെല്‍മെറ്റുമായി വരുന്നതും താരം ഹെല്‍മെറ്റ് ധരിക്കുന്നതുമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ഇപ്പോള്‍ ഈ വീഡിയോ കേരള പൊലീസും ഏറ്റെടുത്തിരിക്കുകയാണ്. ഇവിടെ ഹീറോയാകരുത്, ഹെല്‍മെറ്റ് ധരിക്കൂ എന്ന് രോഹിത് സര്‍ഫറാസിനോട് പറഞ്ഞത് തന്നെയാണ് കേരള പൊലീസിനും പറയാനുള്ളത്.

ഫീല്‍ഡിലായാലും റോഡിലായാലും ഹെല്‍മെറ്റ് നിര്‍ബന്ധം എന്ന ക്യാപ്ഷനോടെ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പങ്കുവെച്ചിട്ടുമുണ്ട്.

അതേസമയം, സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 17ാം ടെസ്റ്റ് പരമ്പര ജയം എന്ന റെക്കോഡ് നേട്ടത്തോടെയാണ് ഇന്ത്യ അഞ്ചാം മത്സരത്തിനിറങ്ങുന്നത്. മാര്‍ച്ച് ഏഴിനാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ അവസാന മത്സരം. ധര്‍മശാലയാണ് വേദി.

Content Highlight: Kerala Police shares the video of Rohit Sharma scolding Sarfaraz Khan

Latest Stories

Video Stories