| Wednesday, 11th July 2018, 8:08 am

അഭിമന്യു വധം: പ്രതികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അഭിമന്യുവിന്റെ കൊലയാളികളെ കണ്ടെത്താന്‍ കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്നു പേര്‍ വിദേശത്തേക്കു കടന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തീരുമാനിച്ചത്.

കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിന് വിദേശത്തേക്കു പോവാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ അന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറാനും ആലോചനയുണ്ട്.

കൊലപാതകം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇതിനിടെ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നതെന്നു സംശയിക്കുന്നു.


Read: പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ വാഹനം ലഭിച്ചില്ല; മാതാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ബൈക്കില്‍ കെട്ടിവെച്ച്


കൊച്ചിയില്‍നിന്നും റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെനിന്ന് വിദേശത്തേക്ക് കടന്നതായാണ് പ്രാഥമിക നിഗമനം. പ്രതികള്‍ക്ക് വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നു.

കൊലയാളി സംഘത്തിന് നേതൃത്വം നല്‍കിയത് നെട്ടൂര്‍ സ്വദേശികളായ ആറുപേരാണെന്ന് പിടിക്കപ്പെട്ടവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവരില്‍ രണ്ടു പേര്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരാണ്.

കൈവെട്ട് കേസില്‍ എന്‍.ഐ.എ കോടതി ഇവരെ വിട്ടയച്ചതിനു ശേഷവും ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊലപാതകത്തിനു പിന്നില്‍ ദീര്‍ഘകാലത്തെ ഗൂഢാലോചന നടന്നതിനുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്.

സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യൂ കൊലപാതകത്തിലെ മുഖ്യപ്രതി മുഹമ്മദിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.


Read:  ഒരൊറ്റ ഗോളില്‍ ഫ്രഞ്ച് വിപ്ലവം; ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍ (1-0) -വീഡിയോ


മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ മുഹമ്മദ് ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വീട്ടുകാരും ഒളിവിലാണ്.

മുഹമ്മദിനായി പൊലീസ് പലയിടത്തും തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. സമൂഹമാധ്യമ അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമാണ്.

We use cookies to give you the best possible experience. Learn more