| Tuesday, 4th October 2022, 3:33 pm

ഉദ്യോഗസ്ഥര്‍ക്ക് പി.എഫ്.ഐ ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതം: കേരള പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് പി.എഫ്.ഐ ബന്ധമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഇതുസംബന്ധിച്ച ഒരു പത്രക്കുറിപ്പ് പുറത്തുവിട്ടത്.

‘കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്,’ എന്നാണ് കേരള പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നത്.

എന്നാല്‍ ഇതുസംബന്ധിച്ച സോഴ്‌സ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് സംബന്ധിച്ച വിശദാംശങ്ങള്‍ ഈ പത്രക്കുറിപ്പില്‍ പറയുന്നില്ല.

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് എന്‍.ഐ.എ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി എന്നായിരുന്നു വാര്‍ത്ത. ഇവര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘പട്ടികയിലുള്ള സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്.ഐമാര്‍, എസ്.എച്ച്.ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരികയാണ്, സംസ്ഥാന പൊലീസിലെ സ്‌പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണു കേന്ദ്ര ഏജന്‍സികളുടെനിരീക്ഷണ വലയത്തിലുള്ളത്,’ തുടങ്ങിയ കാര്യങ്ങളും വാര്‍ത്തയിലുണ്ടായിരുന്നു.

Content Highlights: Kerala Police says that the news that the officials have PFI connection is baseless

We use cookies to give you the best possible experience. Learn more