തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രചാരണങ്ങള്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കേരളാ പൊലീസ്. വിദ്വേഷ പോസ്റ്റുകള്‍ ആളുകളുടെ ശ്രദ്ധയില്‍പെടുകയാണെങ്കില്‍ ഉടന്‍ കേരളാ പൊലീസിന്റെ പേജിലേക്ക് ഇന്‍ബോക്‌സ് ചെയ്യണെമെന്നും അറിയിച്ചു. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പൊലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിപ്പില്‍ പറഞ്ഞു.
അതേസമയം, ഡിസംബര്‍ 19 മുതല്‍ ഇന്ന് വരെ സംസ്ഥാനത്തുടനീളമായി വിദ്വേഷപ്രചാരണളുടെ ഭാഗമായി 51 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പോലീസ് ജില്ലയിലാണ്. 14 കേസുകള്‍. മലപ്പുറത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ സിറ്റി നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ റൂറല്‍ ഒന്ന്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലയിലെ കണക്കുകള്‍.
അലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. കഴിഞ്ഞ ഡിസംബര്‍ 18ന് രാത്രിയും 19ന് പുലര്‍ച്ചെയുമാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ രാത്രി 7:30തോടെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പിറ്റേദിവസം പുലര്‍ച്ചെയാണ് ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ വെട്ടിക്കൊല്ലുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights : Kerala Police says stern action will be taken against hate propaganda through new media