ഇതിനൊരു അന്ത്യമില്ലേ? കേരള പൊലീസ് വക ബേസിൽ വീണ്ടും എയറിൽ; ഹെൽപ് ലൈൻ നമ്പർ ചോദിച്ച് ബേസിൽ
Entertainment
ഇതിനൊരു അന്ത്യമില്ലേ? കേരള പൊലീസ് വക ബേസിൽ വീണ്ടും എയറിൽ; ഹെൽപ് ലൈൻ നമ്പർ ചോദിച്ച് ബേസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th November 2024, 8:32 pm

കഴിഞ്ഞ ദിവസം നടന്ന കേരള സൂപ്പർ ലീഗ് ഫൈനൽ മത്സരത്തിലെ ബേസിൽ ജോസഫിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ഷേക്ക്‌ ഹാൻഡ് നൽകാൻ ശ്രമിച്ചപ്പോൾ അത് കാണാതെ താരം ബേസിലിനടുത്ത് നിന്ന പൃഥ്വിരാജിന് കൈ കൊടുക്കുകയായിരുന്നു.

പിന്നാലെ ബേസിലിനെ ട്രോളി നടൻ ടൊവിനോ തോമസും ക്രിക്കറ്റർ സഞ്ജു സാംസണുമൊക്കെ മുന്നോട്ട് വന്നിരിന്നു. സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്ത സംഭവം നിമിഷ നേരം കൊണ്ടാണ് വലിയ ശ്രദ്ധ നേടിയത്.

കൈ കിട്ടിയില്ലെങ്കിലും കപ്പ് തന്റെ ടീമിന് കിട്ടിയെന്ന് പറഞ്ഞ് ബേസിൽ ഒരു ഫോട്ടോയിലൂടെ എല്ലാവർക്കും മറുപടി നൽകിയിരുന്നു. ചിത്രത്തിന് താഴെ ടൊവിനോയേയും സഞ്ജു സാംസണിനെയും ബേസിൽ ടാഗ് ചെയ്തിരുന്നു.

എന്നാൽ ട്രോളുകൾ ഒന്ന് കുറഞ്ഞ് വന്ന സമയത്ത് ബേസിലിനെ വീണ്ടും എയറിൽ കയറ്റിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ‘ചിരി പദ്ധതി’ക്കാണ് ബേസിലിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
‘ചിരി പദ്ധതി, കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനായി പൊലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി.

ചിരിയുടെ 9497900200 എന്ന ഹെൽപ് ലൈൻ നമ്പറിലേക്ക് കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാം,’ എന്നാണ് കേരള പൊലീസ് അവരുടെ സോഷ്യൽ മീഡിയകളിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

കുട്ടികളുടെ സ്ഥാനത്ത് ഫുട്ബോൾ താരവും ചിരി ഹെൽപ് ലൈനിന്റെ സ്ഥാനത്ത് പൃഥ്വിരാജിനെയും കാണിക്കുന്ന ചിത്രത്തിൽ മാനസികസമ്മർദം എന്ന ഭാഗത്ത്‌ ബേസിലിനെയാണ് അവതരിപ്പിച്ചിട്ടുള്ളത്. പിന്നാലെ ഒന്നടങ്ങിയെന്ന് കരുതിയ ട്രോളുകൾ വീണ്ടും കത്തി കയറിയിരിക്കുകയാണ്.

ഇനി ഈ പോസ്റ്റ്‌ കണ്ട് ബേസിൽ ജോസഫിനാവും മാനസിക സമ്മർദം കൂടുകയെന്നാണ് പലരും പോസ്റ്റിന് താഴെ കമന്റ്‌ ചെയ്തിരിക്കുന്നത്. ഹെൽപ് ലൈൻ നമ്പർ പ്ലീസ് എന്ന് പറഞ്ഞ് ബേസിൽ തന്നെ പോസ്റ്റിനടിയിൽ കമന്റ്‌ ചെയ്തിട്ടുണ്ട്.

 

Content Highlight: Kerala Police’s Funny Troll About Basil And Prithviraj’s Incident