വാഹനപരിശോധനക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസ് താക്കോല്‍ ഊരിയെടുത്തു; പരാതിയുമായി മാതാപിതാക്കള്‍
Kerala News
വാഹനപരിശോധനക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസ് താക്കോല്‍ ഊരിയെടുത്തു; പരാതിയുമായി മാതാപിതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd September 2021, 9:08 am

ബാലരാമപുരം: വാഹനപരിശോധനക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ തനിച്ചാക്കി പൊലീസ് താക്കോല്‍ ഊരിയെടുത്തു. ഫെബ്രുവരിയില്‍ തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് വെച്ചു നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഫെബ്രുവരി 23നാണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശിയായ ഷിബുകുമാറും ഭാര്യ അഞ്ജന സുരേഷും കുഞ്ഞും കാറില്‍ പോകുന്ന സമയത്ത് ബാലരാമപുരത്ത് വെച്ച് പൊലീസ് ഇവരെ തടയുകയായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നും 1500 രൂപ പിഴയൊടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാനമേളക്ക് സംഗീതോപകരണങ്ങള്‍ വായിക്കുന്നയാളാണ് താനെന്നും ഭാര്യ അഞ്ജന ഗായികയാണെന്നും തങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെയായി പരിപാടികളിലൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഇത്രയും തുക അടക്കാനാവില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. പക്ഷെ പൊലീസ് ഇളവ് നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങി.

ഇതിനിടയില്‍ അതിവേഗതയില്‍ പോകുന്ന മറ്റു വാഹനങ്ങളെ എന്തുകൊണ്ട് തടയുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഷിബുകുമാറിനെ പൊലീസ് മര്‍ദിക്കാന്‍ തുടങ്ങുകയായിരുന്നു.ഇതുകണ്ട് കാറിന് പുറത്തിറങ്ങിയ അഞ്ജന ഈ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കാന്‍ തുടങ്ങിയതോടെ പൊലീസുദ്യോഗസ്ഥന്‍ ദേഷ്യപ്പെട്ട് കാറിനടുത്തേക്ക് വന്നു.

കാറിനുള്ളില്‍ നിന്നും താക്കോല്‍ ഊരിയെടുത്ത പൊലീസ് ഡോര്‍ ലോക്ക് ചെയ്യുകയും ചെയ്തു. ഈ സമയമെല്ലാം കുഞ്ഞ് അകത്തിരുന്ന് നിലവിളിക്കുന്നുണ്ടായിരുന്നെങ്കിലും പൊലീസ് അത് പാടേ അവഗണിക്കുകയും തങ്ങള്‍ക്കെതിരെ ആക്രോശിക്കുകയുമായിരുന്നെന്നാണ് അഞ്ജന പറയുന്നത്.

‘ഭര്‍ത്താവിനെ അടിക്കാനൊരുങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ കാറിന്റെ പുറത്തിറങ്ങി. കുട്ടി കാറിനകത്ത് ഇരിക്കുകായിരുന്നതുകൊണ്ട് എനിക്ക് അങ്ങോട്ട് പോകാന്‍ പറ്റില്ലായിരുന്നു. അപ്പോഴാണ് ഒരു പൊലീസുകാരന്‍ ഇങ്ങോട്ട് വേഗത്തില്‍ വന്നത്. അപ്പോള്‍ ഞാന്‍ വീഡിയോ ഓണ്‍ ചെയതു,’ അഞ്ജന പറയുന്നു.

കേസെടുത്ത് അകത്താക്കുമെന്നാണ് ഈ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതെന്നും അഞ്ജന പറഞ്ഞു. ഇയാള്‍ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അഞ്ജന പകര്‍ത്തിയ വീഡിയോയിലുണ്ട്.

കുട്ടി കരയുന്നത് കണ്ടതോടെ തങ്ങള്‍ അവിടെ നിന്നും പൊലീസിനോട് മറ്റൊന്നും പറയാന്‍ നില്‍ക്കാതെ പോയെന്നും പിന്നീട് ഇതേ കുറിച്ച് ഒന്നും ചെയ്യേണ്ടതില്ലെന്ന് വെച്ച് വിട്ടുകളഞ്ഞതാണെന്നും ഷിബു പറഞ്ഞു.

എന്നാല്‍ ആറ്റിങ്ങലില്‍ അച്ഛനും മകള്‍ക്കുമെതിരെ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവം കണ്ടതോടെയാണ് പരാതിയുമായി മുന്നോട്ടുവരാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറഞ്ഞു.

‘നല്ല കാര്യങ്ങള്‍ ചെയ്യുന്ന പൊലീസുകാരുണ്ടാകാം. ജനമൈത്രി പൊലീസ് എന്നല്ലേ പറയുന്നത്. പക്ഷെ ഇത്തരം പെരുമാറ്റം തുടരുകയാണ്. മുതിര്‍ന്നവരുടെ എടുത്ത് എന്തുമായിക്കൊള്ളട്ടെ, കുഞ്ഞുങ്ങളുടെ പേടിയോ കരച്ചിലോ കണ്ടിട്ടുപോലും ഒരു മനസലിവില്ലാത്ത പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്,’ അഞ്ജന പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kerala Police’s cruel actions against a 3 year old in Thiruvananthapuram, video