| Tuesday, 1st February 2022, 10:12 am

നിരുപാധികം നികേഷ് കുമാറിനൊപ്പം

അന്ന കീർത്തി ജോർജ്

മീഡിയ വണ്‍ ചാനലിന് നേരെയുണ്ടായ കേന്ദ്ര വിലക്കില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഭരണകൂടങ്ങളുടെ കടന്നുകയറ്റം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ ഘട്ടത്തില്‍ അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ട മറ്റൊരു സംഭവമാണ് റിപ്പോര്‍ട്ടര്‍ ചാനലിനും നികേഷ് കുമാറിനുമെതിരെ കേരള പൊലീസ് കേസുകളെടുത്ത നടപടി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടര്‍ ചാനലിനും ചാനലിന്റെ എം.ഡിയും എഡിറ്ററുമായ നികേഷ് കുമാറിനുമെതിരെയായി അഞ്ച് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കേരള പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുമുണ്ടായ ഈ നടപടി എതിര്‍ക്കപ്പെടേണ്ടതുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്.

നികേഷ് കുമാറിനെതിരായ കേസുകളിലേക്ക് നയിച്ച പശ്ചാത്തലവും പൊലീസിന്റെ വേര്‍ഷനും ഒന്ന് ചെറുതായി പറയാം. എങ്കിലേ ഈ നടപടിയിലെ നീതിരാഹിത്യം വ്യക്തമാവുകയുള്ളൂ.

നടി ആക്രമിക്കപ്പെട്ട കാലത്ത് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇക്കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍, 2017ല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ ദിലീപിനെതിരെ പുനരന്വേഷണം പ്രഖ്യാപിക്കുന്നത്. ബാലചന്ദ്ര കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതാണെന്ന് പൊലീസിനും കോടതിക്കും ബോധ്യം വന്നതിന് ശേഷമാണ് നടപടിയുണ്ടാകുന്നത്.

ഇതിന് പിന്നാലെ ദിലീപ് ഹൈക്കോടതിയില്‍ ഒരു ഹരജി നല്‍കുന്നു. തന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയായിരുന്നു ഇത്. ഈ ഹരജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

തൊട്ടടുത്ത ദിവസമാണ് കേരള പൊലീസ് നികേഷ് കുമാറിനും റിപ്പോര്‍ട്ടറിനുമെതിരെ സ്വമേധയാ കേസെടുക്കുന്നത്. ബാലചന്ദ്ര കുമാറിന്റെ ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചതിനാണ് വിവിധ എഫ്.ഐ.ആറുകള്‍ ചുമത്തി കേസുകളെടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള കേരള പൊലീസ് സ്വമേധയാ കേസെടുക്കുമ്പോള്‍ ഈ നടപടിയെ സര്‍ക്കാര്‍ നിലപാട് കൂടിയായി കണക്കാക്കേണ്ടതുണ്ട്.

228 A (3) വകുപ്പ് പ്രകാരമാണ് നികേഷ് കുമാറിനെതിരെ കേസുകള്‍ ചുമത്തിയിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കേസ് സംബന്ധിച്ച കാര്യങ്ങള്‍ വിചാരണ കോടതിയുടെ അനുമതി ഇല്ലാതെ പ്രസിദ്ധീകരിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാനുള്ള വകുപ്പാണിത്. കോടതി വിചാരണയിലിരിക്കുന്ന കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖം സംഘടിപ്പിച്ചതായാണ് എഫ.്ഐ.ആറില്‍ പറയുന്നത്.

ഇനി നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ വിഷയത്തിലേക്ക് വരാം. എന്തുകൊണ്ട് പൊലീസിന്റെ ഈ നടപടി എതിര്‍ക്കപ്പെടേണ്ടതുണ്ട്.

റിപ്പോര്‍ട്ടറിനെതിരായ കേസില്‍ 228 A വകുപ്പ് ചുമത്താനാകില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം ബാലചന്ദ്ര കുമാറെന്ന വ്യക്തി നടിയെ ആക്രമിച്ച കേസിലെ പ്രതിയോ, സാക്ഷിയോ, ഇതുവരെ വിചാരണയില്‍ വന്നയാളോ ഒന്നുമല്ല. അത്തരത്തിലൊരാളുടെ അഭിമുഖം കൊടുക്കുന്നതില്‍ നിയമപരമായി എന്ത് വിലക്കാണുള്ളത് എന്നതാണ് ചോദ്യം.

നിയമപരമായി ബാലചന്ദ്ര കുമാറിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട ദിലീപിന്റെ ഹരജി കേള്‍ക്കേണ്ട കാര്യം പോലുമില്ലായിരുന്നെന്നും ഇതേ കാര്യത്തിന്റെ അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റാരോപിതനായ ദിലീപിനോട് അന്വേഷണത്തിന് വേണ്ടി ഫോണ്‍ സമര്‍പ്പിക്കാന്‍ കേണപേക്ഷിക്കുന്ന ഒരു കോടതിയാണ് അപ്പുറത്ത് സംഭവത്തില്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ ഒരാളുടെ അഭിമുഖം പ്രസിദ്ധീകരിച്ചതില്‍ ആ മാധ്യമത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത് എന്നത് കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കണം.

ഇനി ദീലിപ് കേസില്‍ പൊലീസ് കാണിക്കുന്ന ഇരട്ടത്താപ്പിലേക്ക് വരാം.

യാതൊരുവിധ ചര്‍ച്ചകളിലുമില്ലാതിരുന്ന നടി ആക്രമിക്കപ്പെട്ട കേസ്, വീണ്ടും ചര്‍ച്ചയില്‍ വരുന്നതിനും കേസില്‍ പുനരേന്വഷണമുണ്ടാകുന്നതിനുമെല്ലാം കാരണമാകുന്നത് റിപ്പോര്‍ട്ടര്‍ ടിവി പ്രസിദ്ധീകരിച്ച ബാലചന്ദ്രകുമാറിന്റെ അഭിമുഖമാണ്. പുനരന്വേഷണത്തിന് നിയമപരമായ അംഗീകാരവും ലഭിച്ചുകഴിഞ്ഞു. എന്നിട്ടും കേസില്‍ ഇത്രമേല്‍ ഗുണം ചെയ്യുകയും പൊലീസിന് സഹായകരമാവുകയും ചെയ്ത അഭിമുഖം പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ കേസെടുക്കുന്നതിലെ യുക്തിയെന്താണെന്നതാണ് ആദ്യത്തെ ചോദ്യം.

്അടുത്തത്, അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മാത്രം ഹൈക്കോടതി ആവശ്യപ്പെട്ട ദിലീപിന്റെ പരാതിയിന്‍മേല്‍ ഒറ്റ രാത്രി കൊണ്ട് അഞ്ച് എഫ്.ഐ.ആറുകള്‍ ചുമത്തി കേസെടുക്കുന്നത് പൊലീസിന്റെ നിയമം പാലിക്കാനുള്ള തിടുക്കമാണെന്ന് വിശ്വസിക്കാന്‍ അല്‍പം പ്രയാസമുണ്ട്.

കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപറയരുതെന്നാണെങ്കില്‍ ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് ഇക്കാലയളവിനുള്ളില്‍ വിവിധ മാധ്യമങ്ങളില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍ ദിലീപിനും ആ മാധ്യമങ്ങള്‍ക്കുമെതിരെയും സമാനമായ രീതിയില്‍ പൊലീസ് സ്വമേധയാ കേസെടുക്കേണ്ടതാണല്ലോ

ഇനി, നികേഷ് കുമാറിനെതിരെയുള്ള കേസ് മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള വളരെ അപകടം പിടിച്ച ഒരു കടന്നുകയറ്റമാണെന്ന് മനസിലാക്കി തന്നെ എതിര്‍ക്കേണ്ടതുണ്ട്.

ഇന്‍ ക്യാമറ പ്രൊസീഡിങ്ങ്‌സ് നടക്കുന്ന, നടിയെ ആക്രമിച്ച കേസില്‍, വിചാരണ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കരുതെന്ന ഗാഗ് ഓര്‍ഡറുണ്ട്. ഈ കേസില്‍ നേരത്തെയുള്ള ഗാഗ് ഓര്‍ഡറാണിത്. അതു പ്രകാരം വളരെ ബേസിക്കായ കാര്യങ്ങള്‍ മാത്രമാണ് ഈ കേസിലെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സാഹചര്യത്തില്‍, കോടതി നടപടികളില്‍ ഉള്‍പ്പെടാത്ത ഒരാള്‍ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ അതും പ്രസിദ്ധീകരിക്കാന്‍ പറ്റില്ലെന്ന് പറയുന്നത് മാധ്യമങ്ങളുടെ അടിസ്ഥാനപരമായ കടമകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് പോലുമുള്ള വിലക്കാണ്.

ഇങ്ങനെയാണെങ്കില്‍ മാധ്യമങ്ങള്‍ക്ക് എന്ത് പ്രസിദ്ധീകരിക്കാന്‍ സാധിക്കും സാധിക്കില്ല എന്നതിന് പ്രീ സെന്‍സര്‍ഷിപ്പ് പോലെയുള്ള പ്രത്യേക അനുവാദം വാങ്ങിക്കല്‍ എന്തെങ്കിലും കൊണ്ടുവരണമെന്ന് പറയുന്നതാണ് ഭേദം. അതുമല്ലെങ്കില്‍ പിന്നെ മാധ്യമങ്ങള്‍ ഇവിടെ ആവശ്യമില്ല എന്ന് പറയേണ്ടി വരും.

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസുകളെടുക്കുന്ന ഒരു നടപടി കേരളത്തില്‍ ഇതുവരെയും ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോള്‍ നികേഷ് കുമാറിനെതിരെയുള്ള ഈ കേസ്, മാധ്യമ സ്വാതന്ത്ര്യത്തിന് വില കല്‍പ്പിക്കുന്നു എന്ന് കരുതുന്ന നമ്മുടെ സംസ്ഥാനത്തിന് വലിയ തിരിച്ചടി തന്നെയാണ്.

പല കേസുകളിലും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വിസില്‍ബ്ലോവേഴ്‌സിന്റെ വെളിപ്പെടുത്തലുകളിലൂടെ തന്നെയാണ് കേസുകളില്‍ വഴിത്തിരിവുകളും നിര്‍ണായകമായ പല അന്വേഷണങ്ങളും നടന്നിരിക്കുന്നത്. അത് പോലും സാധ്യമല്ലെന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഈ നാട്ടില്‍ മാധ്യമസ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഈ വിഷയത്തെ ഗൗരവത്തില്‍ മനസിലാക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല എന്നതു കൂടിയാണ് ഈ സാഹചര്യത്തിലെ ഏറ്റവും ഖേദകരമായ മറ്റൊരു വസ്തുത. നികേഷ് കുമാറിനും റി്‌പ്പോര്‍ട്ടര്‍ ടിവിക്കും സംഭവിക്കുന്നത് മൊത്തം മാധ്യമലോകത്തിനുമെതിരെയുള്ള നീക്കമാണെന്ന് മനസിലാക്കി ഈ തെറ്റായ സര്‍ക്കാര്‍ നടപടിയെ ഒന്നിച്ചു നിന്ന് എതിര്‍ക്കാന്‍ എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട്.


Content Highlight: Kerala Police’s case against Reporter TV and Nikesh Kumar in Dileep case

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.