| Wednesday, 5th June 2013, 8:26 pm

ആംവെ മേധാവിയുടെ അറസ്റ്റ് നിയമപരമായി തന്നെയെന്ന് പോലീസ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: ആംവെ മേധാവിയെ അറസ്റ്റ് ചെയ്തത് നിയമാനുസൃതമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. ആംവെയുടെ ഇന്ത്യയിലെ മേധാവി വില്യം എസ് പിങ്ക്‌നിയെ കേരളാ പോലീസ് അറസ്റ്റ് ചെയ്തത പോലീസ് നടപടിയെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.[]

ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്ക് കൈമാറി.

മണിചെയിന്‍ ബിസിനസ് തന്നെയാണ് ആംവേ  ചെയ്യുന്നതെന്നും,നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കമ്പനി കേരളത്തില്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആംവെ മേധാവിയുടെ അറസ്റ്റില്‍  ക്രൈം ബ്രാഞ്ച് എസ്.പി പി.എ വത്സന് വിഴ്ച്ച പറ്റിയിട്ടില്ലെന്ന് ഇന്റലിജന്‍സ് വിഭാഗവും ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആംവേ മേധാവിയെ അറസ്റ്റ് ചെയ്ത നടപടി വിദേശ നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുമെന്ന് കേന്ദമന്ത്രി സച്ചിന്‍ പൈലറ്റ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അറസ്റ്റ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി ഉത്തരമേഖലാ എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയെ ചുമതലപ്പെടുത്തുകയായിരുന്നു.

മെയ് 28 നാണ് ആംവേ ഇന്ത്യയുടെ ചെയര്‍മാനും സി.ഇ.ഒയുമായ വില്യം.എസ്.പിങ്ക്‌നിയെ കോഴിക്കോട്  ക്രൈം ബ്രാഞ്ച് എസ്.പി പി.എ വത്സന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പിങ്ക്‌നിയെ കൂടാതെ കമ്പനിയുടെ ഡയറക്ടര്‍മാരായ സഞ്ജയ് മല്‍ഹോത്രയെയും അന്‍ഷു ബുധ്‌രാജിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

പ്രൈസ്  ചിറ്റ്‌സ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ നിരോധന ആക്ട് പ്രകാരം വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, ചട്ടവിരുദ്ധമായി മണിചെയിന്‍ ഇടപാട് നടത്തുക എന്നീ കുറ്റങ്ങളാണ് ആംവേ മേധാവിക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

ആംവേക്കെതിരെ വയനാട്ടില്‍ മൂന്നും കോഴിക്കോട് രണ്ടും പാലക്കാട് കണ്ണൂര്‍ ജില്ലകളില്‍ ഒരോ കേസുകളുണ്ട്. ഇതില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് വില്യം സ്‌ക്കോട്ട് പിങ്ക്‌നിയെ അറസ്റ്റ് ചെയ്തത്.

We use cookies to give you the best possible experience. Learn more