കൊച്ചി: കേരളത്തില്‍ ആദ്യമായി പുതിയ പ്രോട്ടോകോള്‍ പ്രകാരം സിനിമ റിവ്യൂ ചെയ്യുന്നതിനെതിരെ കേസെടുത്ത് പൊലീസ്. ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതി പ്രകാരമാണ് സിനിമ നിരൂപണത്തിനെതിരെ പൊലീസ് കേസെടുത്തത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്.
സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ സിനിമ മോശമാണെന്ന് റിവ്യൂ നല്‍കിയ വിവിധ യൂട്യൂബ് ചാനലുകള്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് സംവിധായകന്‍ പരാതി നല്‍കിയിരുന്നത്. കേസില്‍ ഒമ്പത് പ്രതികളാണ് നിലവിലുള്ളതെന്നും സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്കും യൂട്യൂബുമടക്കം കേസില്‍ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.
ആവിഷ്‌കാര സ്വാതന്ത്ര്യം അംഗീകരിക്കുന്നെന്നും എന്നാല്‍ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് കുറ്റകരമാണെന്നുള്ള ഹൈക്കോടതിയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമ നിരൂപണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി പ്രോട്ടോകോള്‍ തയ്യാറക്കിയത്.
സിനിമ നിരൂപണത്തില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ഭീഷണിപെടുത്തി പണം തട്ടുന്നതും സിനിമ മോശമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതും പ്രോട്ടോകോള്‍ പ്രകാരം കുറ്റകരമാണ്. അജ്ഞാത ഐഡികളിലൂടെ സിനിമയെയും അതുമായി ബന്ധപ്പെട്ട വ്യക്തികളെയും അപമാനിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ സൈബര്‍ കുറ്റം ചുമത്തി കേസ് എടുക്കാനുള്ള പരിധി തങ്ങള്‍ക്കുണ്ടെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ റിലീസിങ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകനാണ് ഹരജി നല്‍കിയിരുന്നത്.
തുടര്‍ന്ന് സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ റിവ്യൂ ചെയ്യാന്‍ അനുമതിയില്ലെന്ന് ഹൈക്കോടതി പറഞ്ഞതായി വ്യാജ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Content Highlight: Kerala Police registered a case against reviewing the film under the new protocol