| Tuesday, 13th August 2019, 8:48 pm

സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത പ്രചരണം: ഒരാള്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 27 കേസുകള്‍ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ഒരാള്‍ അറസ്റ്റില്‍. ഇരവിപേരൂര്‍ പൊയ്കപ്പാടി കാരിമലയ്ക്കല്‍ വീട്ടില്‍ രഘുവാണ് അറസ്റ്റിലായത്. തിരുവല്ലയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെയും 27 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്കായി അടിവസ്ത്രം വേണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് പൊതു പ്രവര്ത്തകനായ രഘുവിനെ അറസ്റ്റ് ചെയ്തത്. ക്യാമ്പിലെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന തിരുവല്ലാ നഗരസഭാ വനിതാ കൗണ്‍സിലറുടെ പരാതിയിലാണ് അറസ്റ്റ്.

അതേസമയം പോസ്റ്റിന് പിന്നില്‍ ദുരുദ്ദേശപരമായ ഒന്നുമുണ്ടായിരുന്നില്ലെന്നും സ്തീകളുടെ അന്തസിനെ അപമാനിക്കാന്‍ താന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും രഘു പ്രതികരിച്ചിരുന്നു.

തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും  കൊല്ലം സിറ്റി, കൊല്ലം റൂറല്‍,   ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍,  തൃശൂര്‍ റൂറല്‍, പാലക്കാട്,  കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയുള്ള അന്വേഷണവും മറ്റു നിയമനടപടികളും ഊര്‍ജ്ജിതപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

We use cookies to give you the best possible experience. Learn more