കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ വാളയാറിലെ ശെല്‍വപുരത്തെ അട്ടംപള്ളത്ത് 9 ഉം 11 ഉം വയസ്സുള്ള രണ്ട് പിഞ്ചു സഹോദരിമാര്‍ ക്രൂരമായ ലൈംഗികപീഡനങ്ങള്‍ക്കിരയായി കൊല ചെയ്യപ്പെട്ടിട്ടും പ്രോസിക്യൂഷന്റെ വീഴ്ചകള്‍ കാരണം കേസ്സിലെ പ്രതികള്‍ കുറ്റവിമുക്തരായി പുറത്തുവന്നിട്ട് അധികം കാലമായിട്ടില്ല.
നമ്മുടെ നിയമപാലക സംവിധാനത്തെയും നീതിന്യായവ്യവസ്ഥയെയും അതിലുപരി ഇവിടുത്തെ ഭരണകൂടത്തെയും അപഹാസ്യമാക്കുന്ന തരത്തില്‍ മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുന്നു. കണ്ണൂരിലെ പാലത്തായിയില്‍ സ്‌കൂളില്‍ വെച്ച് പിഞ്ചുവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവായ അധ്യാപകന്‍ പത്മരാജന്‍ ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കുകയാണ്. പാലത്തായിയില്‍ വാളയാര്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
കഴിഞ്ഞ മാര്‍ച്ച് മാസത്തിന്റെ അവസാനത്തിലാണ് അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്‍ എന്നയാള്‍ക്കെതിരെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പോക്‌സോ നിയമപ്രകാരം പരാതി സമര്‍പ്പിച്ചത്. നാലാം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് പലതവണ ഈ അധ്യാപകന്‍ പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. പോക്‌സോ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമടങ്ങുന്ന ഇത്തരമൊരു പരാതി പ്രാദേശിക രാഷ്ട്രീയ നേതാവ് കൂടിയായ ഒരു വ്യക്തിക്കെതിരെ ലഭിച്ചിട്ടും കേസ്സില്‍ ആദ്യഘട്ടത്തില്‍ ഒരനക്കവുമുണ്ടായില്ല.
കണ്ണൂരില്‍ സി.പി.എമ്മിന് വലിയ വേരുകളുള്ള പാനൂരിലാണ് പാലത്തായി എന്ന പ്രദേശം. സ്ഥലം എം.എല്‍.എ യാകട്ടെ ഇന്ന് കേരളത്തിലെ ഏറ്റവും ശക്തയായ മന്ത്രി ശൈലജ ടീച്ചറും. സംസ്ഥാനം ഭരിക്കുന്നത് സി.പി.ഐ.എമ്മും, ആഭ്യന്തരവകുപ്പടക്കം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പാനൂരിന് സമീപത്ത് നിന്ന് തന്നെയുള്ള പിണറായി വിജയനും.
കേസ്സില്‍ പ്രതിയായിരിക്കുന്നത് ബി.ജെ.പിയുടെ നേതാവാണ്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി ആദ്യഘട്ടങ്ങളില്‍ യാതൊരു സമ്മര്‍ദ്ദവും ഉന്നതതലങ്ങളില്‍ നിന്നുണ്ടായിരുന്നില്ല. പിന്നീട് ഇരയുടെ മൊഴിയക്കമുള്ള മാധ്യമവാര്‍ത്തകള്‍ പുറത്തുവരികയും വിഷയം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തതിന് ശേഷവും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നായിരുന്നു പൊലീസിന്റെ മറുപടി. ലോക്ഡൗണ്‍ കാലമായതിനാല്‍ തലങ്ങും വിലങ്ങും പൊലീസ് വിന്യാസം ശക്തമായിരുന്ന കണ്ണൂരില്‍ ഒരു പോക്‌സോ കേസ് പ്രതി ഒരു മാസത്തോളം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞുവെന്നത് വിശ്വസിക്കാന്‍ അല്‍പം പ്രയാസമുള്ളതാണ്. ഇനി അതിന് അയാള്‍ക്ക് സാധിച്ചുവെങ്കില്‍ തന്നെ അത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ക്യാംപ് ചെയ്തുവരുന്ന സ്ഥലം എം.എല്‍.എ യും ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശൈലജടീച്ചറുടെ ഇടപെടലുകളെ തുടര്‍ന്നാണ് ഒടുവില്‍ പൊലീസ് പ്രതിയെ പിടികൂടുന്നത്. എന്നാല്‍ കേസന്വേഷണം ആരഭിച്ച ക്രൈംബ്രാഞ്ച്, അന്വേഷണം പരമാവധി വൈകിപ്പിക്കുകയും കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുകയും ചെയ്തു.
ഒടുവില്‍ നവമാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധങ്ങള്‍ അലയടിച്ചതിനെത്തുടര്‍ന്നാണ് 90 ാം ദിവസം പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പക്ഷേ, കുറ്റപത്രത്തില്‍ പോക്‌സോ പ്രകാരമുള്ള വകുപ്പുകളൊന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, നിസ്സാര വകുപ്പുകള്‍ മാത്രം ചുമത്തി പ്രതിക്ക് ജാമ്യമൊരുക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും സൃഷ്ടിക്കുകയായിരുന്നു പൊലീസ്.
പാലത്തായി കേസ്സില്‍ പോക്‌സോ ചുമത്താന്‍ ഇനിയും ശാസ്ത്രീയ അന്വേഷണങ്ങളും തെളിവുകളും വേണമെന്നതാണ് പൊലീസിന്റെ പക്ഷം. എന്നാല്‍ പൊലീസ് ശാസ്ത്രീയ തെളിവുകള്‍ക്കായി കാത്തിരിക്കുമ്പോഴേക്കും നിലവില്‍ ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കുന്ന പ്രതി കേസ്സ് അട്ടിമറിക്കുന്നതിനായി അയാള്‍ക്കനുകൂലമായ തെളിവുകളും സാക്ഷിമൊഴികളും സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. വനിത സാമൂഹിക ക്ഷേമവകുപ്പിന്റെ കൂടി ചുമതലയുള്ള മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഒരു സംഘപരിവാര്‍ ക്രമിനലിന് പൊലീസും ആഭ്യന്തരവകുപ്പും ചേര്‍ന്ന് സംരക്ഷണ കവചമൊരുക്കുന്നത് ഖേദകരമാണ്.
ശാസ്ത്രീയ അന്വേഷണങ്ങളും തെളിവുകളില്ലാതെ പോക്‌സോ ചുമത്താന്‍ സാധിക്കില്ല എന്ന് പൊലീസ് ആവര്‍ത്തിച്ചു പറയുമ്പോള്‍ നാം ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. വയനാട്ടില്‍ നിരവധി ആദിവാസി യുവാക്കള്‍ക്ക് നേരെ പോക്‌സോ ചുമത്തപ്പെട്ട സംഭവം. വയനാട്ടിലെ പണിയ ആദിവാസി കുടബങ്ങളില്‍ ഗോത്രാചാരപ്രകാരം നടന്ന വിവാഹങ്ങളില്‍, പെണ്‍കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് തികഞ്ഞില്ല എന്നതിനാല്‍ നിരവധി ആദിവാസി യുവാക്കളാണ് പോക്സോ ചുമത്തപ്പെട്ട് മാസങ്ങളോളം ജയിലിലടയ്ക്കപ്പെടുകയും ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തത്.
ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ ഗോത്രചടങ്ങുകള്‍ പ്രകാരം നടന്ന വിവാഹത്തിന് ശേഷം പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ച യുവാക്കളാണ് ബലാത്സംഗവും പീഢനവും തട്ടികൊണ്ടു പോകലുമടക്കമുള്ള പോക്സോ നിയമത്തിലെ കടുത്ത വകുപ്പുകള്‍ ചുമത്തപ്പെട്ട് ജയിലിലായത്.
ഗര്‍ഭിണികളായ ഭാര്യമാരടക്കമുള്ള ഇവരുടെ കുടുംബാംഗങ്ങള്‍ പൊലീസ് സ്റ്റേഷനിലും കോടതിയിലും നിരന്തരം കയറിയിറങ്ങിയിട്ടും അവരുടെയൊന്നും മൊഴി പോലും പരിഗണക്കാതെ നിയമക്കുരുക്കില്‍പ്പെടുത്തി ഈ യുവാക്കളെ തടവറയിലേക്ക് തള്ളുകയായിരുന്നു ഇവിടുത്തെ ഭരണകൂടം. പല കുടുംബങ്ങളുടെയും ഏക വരുമാന ആശ്രയമായിരുന്നവര്‍ ജയിലിലായതോടെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയിലേക്ക് തള്ളപ്പെട്ട ആദിവാസി കുടുംബങ്ങളുണ്ട്. വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരടക്കമുള്ളവരുടെ ഇടപെടലുകള്‍ നടന്നപ്പോള്‍, തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല പോക്സോ നിയമത്തിന്റെ സങ്കീര്‍ണതയാണിത് എന്നായിരുന്നു അന്ന് പൊലീസ് മേധാവികള്‍ നല്‍കിയ മറുപടി.
എന്നാല്‍ പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി താന്‍ സ്‌കൂളില്‍ വെച്ച് നിരന്തരം പീഡിപ്പിക്കപ്പെട്ടു എന്ന് മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഒരു താത്പര്യവുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല, സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രത്തില്‍ നിന്ന് പോക്‌സോ നിയമം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഒടുവില്‍ പ്രതി പത്മരാജന്‍ പുഷ്പം പോലം ജാമ്യം ലഭിച്ച് പുറത്തുവന്നിരിക്കുന്നു.
ഒരേ നിയമസംവിധാനവും അതിന്റെ നടത്തിപ്പും സമൂഹത്തിലെ വ്യത്യസ്തവിഭാഗങ്ങള്‍ക്ക് അനുഭവഭേദ്യമാകുന്നത് നീതിരഹിതമായ വൈരുദ്ധ്യങ്ങളാലാണ്. ഏത് തരം നീതിയെക്കുറിച്ചാണ് നമ്മുടെ ഭരണകൂടം സംസാരിച്ചുകൊണ്ടിരിക്കുന്നത്. വീട്ടിലും സ്‌കൂളുകളിലും കളിസ്ഥലങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം വെച്ച് പീഡിപ്പിക്കപ്പെടുന്ന നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളികള്‍ക്ക് ആശ്വാസം പകരാന്‍, അവര്‍ക്ക് നീതി ലഭ്യമാക്കാന്‍ ഇനിയെന്നാണ് നമ്മുടെ ഭരണകൂടങ്ങള്‍ക്ക് സാധിക്കുക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ