Kerala
പൊലീസിലെ ചുരുക്കം ചിലര്‍ക്ക് തെറ്റായ സമീപനം: സേനയെ മുഴുവന്‍ കുറ്റപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 12, 05:18 am
Wednesday, 12th January 2022, 10:48 am

കോഴിക്കോട്: പൊലീസിലെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് പൊതുജനങ്ങളോട് തെറ്റായ സമീപനം ഉള്ളതെന്നും അതിന്റെ പേരില്‍ പൊലീസിനെ മുഴുവനായി കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസിന് പോരായ്മകളും പ്രശ്നങ്ങളുമുണ്ടെന്നും അവരെ കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസില്‍ ചിലര്‍ക്ക് തെറ്റായ സമീപനമുണ്ട്. അവരെ തിരുത്തും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

യു.എ.പി.എ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്‌തോവെന്നോ എന്ന ചോദ്യവും സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ആ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി.

യുവജന രംഗത്തും എസ്.എഫ്.ഐയിലും ഉള്ളവര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും വഴിതെറ്റിയവരെ തിരിച്ച് കൊണ്ട് വരാന്‍ ശ്രമിക്കണമെന്നും അകാരണമായി ആരെയും ജയിലടയ്ക്കണമെന്നില്ലെന്നുമായിരുന്നു പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്.

യു.എ.പി.എക്കെതിരായ ദേശീയ തലത്തിലെ നിലപാട് എന്തുകൊണ്ട് കോഴിക്കോട് ഉണ്ടായില്ലെന്നായിരുന്നു സി.പി.ഐ.എം പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് ചോദിച്ചത്. ന്യായമായ കാര്യങ്ങള്‍ക്ക് പോലും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കുന്നില്ലെന്നും ഒട്ടുമിക്ക പൊലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളോട് മോശമായാണ് പെരുമാറുന്നതെന്നും സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു.

പാര്‍ട്ടിയുടെ രണ്ട് സജീവ പ്രവര്‍ത്തകര്‍ക്കെതിരെ തന്നെ യു.എ.പി.എ കേസ് ഉണ്ടായതാണ് വലിയ ചര്‍ച്ചയാവാന്‍ കാരണമായത്. വേണ്ടത്ര തെളിവോടെയല്ല അലനേയും താഹയേയും അറസ്റ്റ് ചെയ്തതെന്ന് ആ സമയത്ത് തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. എന്നാല്‍ അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു പൊലീസ്. പിന്നീട് കൃത്യമായ തെളിവുകളില്ലാതെയാണ് പ്രതികളെ അറസ്റ്റു ചെയ്തതെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം