| Sunday, 22nd April 2018, 10:24 pm

ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്; കുടുംബത്തിന് അടിയന്തിര സഹായം നല്‍കുമെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു മാസം മുന്‍പു കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എല്ലുകളും മറ്റും യഥാസ്ഥാനത്ത് തന്നെയാണ്. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണം എന്ന സംശയത്തിലാണ് പൊലീസ്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു എന്നും പൊലീസ് പറഞ്ഞു. ഒരു മാസം നീണ്ട തിരച്ചിലിനൊടുവില്‍ കോവളത്തെ തിരുവല്ലം വാഴമുട്ടം പൂനംതുരുത്തിലാണ് വള്ളികളില്‍ കുരുങ്ങിയ നിലയില്‍ ലിഗയുടേതെന്ന് സംശയിക്കപ്പെടുന്ന തലയറ്റ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല.

മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റനിലയിലാകാന്‍ കാരണമെന്നാണ് പോലീസ് നിഗമനം. ഒരു പാദവും വേര്‍പെട്ട നിലയിലായിരുന്നു. ആന്തരിക അവയവ ഭാഗങ്ങള്‍ പരിശോധനക്കായി കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിന്റെ ഫലം കൂടി കണക്കാക്കിയാലെ മരണകാരണം വ്യക്തമാകുകയുള്ളു എന്നും പൊലീസ് പറഞ്ഞു.


Also Read: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്മെന്റ് നോട്ടിസ് തള്ളിയാല്‍ സുപ്രീംകോടതിയെ സമീപിക്കും: കോണ്‍ഗ്രസ്


ലിഗയുടെ മൃതദേഹം അയര്‍ലണ്ടിലെ കുടുംബത്തിന് എത്തിച്ചുകൊടുക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതിയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചു. ലിഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനായുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കുമെന്നും മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ലിഗ(33) ഇന്ത്യയിലെത്തിയത്. ചികിത്സ തേടിയ പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നാണ് ലിഗയെ ഒരു മാസം മുന്‍പ് കാണാതായത്. കാണാതായ ദിവസം ലിഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലിഗ പോയത്.


Watch doolNews Video:

Latest Stories

We use cookies to give you the best possible experience. Learn more