കോഴിക്കോട്: നിരന്തരം വിമര്‍ശനം കേള്‍ക്കുമ്പോഴും കേരള പൊലീസിന് പൊതുജനങ്ങളോടുള്ള പെരുമാറ്റത്തില്‍ ഒരു മാറ്റവുമില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനോടുള്ള ക്രൂരത.
എന്നാലിപ്പോള്‍ മാവേലി എക്‌സ്പ്രസിലെ ക്രൂരതയെ ന്യായീകരിച്ചെത്തിയിരിക്കുകയാണ് പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ ഒരു മീം ഷെയര്‍ ചെയ്താണ് പൊലീസ് സംഭവത്തെ ന്യായീകരിക്കുന്നത്.
‘അല്ലയോ മഹാനുഭാവ. താങ്കള്‍ എന്തിനാണ് ഇത്തരം കുത്സിത പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടത് എന്ന് കുറ്റവാളികളോട് ചോദിക്കോണോ. ഇങ്ങനെയുള്ളവരെ ഇനിയും ഇടിക്കും,’എന്ന് നിവിന്‍ പോളിയുടെ കഥാപാത്രമായ എസ്.ഐ. ബിജു ചോദിക്കുന്ന സീനാണ് പൊലീസ് പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ തുടര്‍ രംഗങ്ങളും ഭാവനയും കൊണ്ട് ആലോചിച്ചു സമ്പന്നമാക്കേണ്ട എന്ന ഉപദേശവും ഷെയര്‍ ചെയ്ത മീമിനൊപ്പം പൊലീസ് നല്‍കുന്നുണ്ട്.
‘ആദ്യ മീം സൈലന്റ്. രണ്ടാമത്തേത്. ഞങ്ങള്‍ ഞങ്ങളുടെ കര്‍തവ്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കും,’ എന്നാണ് വിവാദ മീമിന് നല്‍കിയ ക്യാപ്ഷന്‍.
പൊലീസിനെതിരെ പരാതിയില്ലെന്ന് മാവേലി എക്‌സ്പ്രസില്‍ പൊലീസിന്റെ മര്‍ദനത്തിനിരയായ യാത്രക്കാരന്‍ ഷമീര്‍ പറഞ്ഞതിന് പിന്നാലെയാണ് ഈ ട്രോള്‍ എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, പിന്നീട് ഇതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉണ്ടായതോടെ മീം പേജില്‍ നിന്നും നീക്കം ചെയ്യുകയായിരുന്നു.
സംഭവ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നു. എന്താണ് നടന്നതെന്ന് ഓര്‍മയില്ല, വിഷയത്തില്‍ പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്നുമായിരുന്നു അതിക്രത്തിനിരയായ ഷമീര്‍ പറഞ്ഞിരുന്നത്. 35 രൂപയുടെ ജനറല്‍ ടിക്കറ്റ് എടുത്തിരുന്നതായും ഷമീര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാലപിടിച്ചു പറിക്കല്‍, ഭണ്ഡാരം മോഷണം തുടങ്ങിയ കേസിലെ പ്രതിയാണ് ഷമീര്‍ എന്നാണ് പൊലീസ് പറയുന്നത്. കൂത്തുപറമ്പ് നിര്‍വേലി സ്വദേശിയും ഇപ്പോള്‍ ഇരിക്കൂറില്‍ താമസിക്കുന്നതുമായ ആളുമാണ് ഇയാള്‍.
ട്രെയിനില്‍ വച്ച് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു എന്നും മദ്യപിച്ച ലക്കുകെട്ടിരുന്ന നിലയില്‍ ആയിരുന്നതിനാലാണ് ബലം പ്രയോഗിക്കേണ്ടി വന്നത് എന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന കുറ്റത്തിന് യാത്രക്കാരനെ എ.എസ്.ഐ പ്രമോദ് ബൂട്ടിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തിന് പിന്നാലെ എ.എസ്.ഐ പ്രമോദിനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
മാവേലി എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെടുമ്പോഴാണ് സംഭവമുണ്ടായത്. സ്ലീപ്പര്‍ കംപാര്‍ട്‌മെന്റില്‍ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് പരിശോധനയ്‌ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ടിക്കറ്റ് ചോദിച്ചു.
സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഇയാള്‍ യാത്രക്കാരനെ ബൂട്ട് കൊണ്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെ നെഞ്ചിനാണ് ചവിട്ടേറ്റത്. എന്നാല്‍ താന് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് എ.എസ്.ഐ പ്രമോദിന്റെ വാദം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്ന് എ.എസ്.ഐ പറഞ്ഞിരുന്നു.