തിരുവനന്തപുരം: സമീപ കാലത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊലീസ് സേനയെ അഴിമതി വിമുക്തമാക്കാന്‍ പുതിയ സര്‍ക്കുലര്‍. ഡി.ജി.പി ലോകനാഥ് ബഹ്റയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
എല്ലാ ജില്ലയിലെ എസ്.പിമാരും പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പുതിയ സര്‍ക്കുലറിലെ നിര്‍ദ്ദേശം.
പൊലീസ് സ്റ്റേഷനുകളെ നേരിട്ട് നിരീക്ഷിക്കുക, കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികളെ മൂന്നാം മുറയ്ക്ക് വിധേയരാക്കുന്നുണ്ടോയെന്ന് പരിശോധിക്കുക, ജനങ്ങളോടുള്ള പെരുമാറ്റം വിലയിരുത്തുക എന്നതാണ് സര്‍ക്കുലര്‍ പ്രകാരം എസ്.പിമാര്‍ക്കുള്ള അധിക ചുമതല. കൃത്യവിലോപം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
സര്‍ക്കുലര്‍ പ്രകാരം ഇനി എസ്.ഐമാര്‍ക്ക് ചുമതലയുള്ള സ്റ്റേഷനുകളിലെ പ്രധാന കേസുകള്‍ ഡി.വൈ.എസ്.പി.മാരുടെ മേല്‍നോട്ടത്തില്‍ വേണം. വിവരങ്ങള്‍ കൃത്യമായി എസ്.പിമാരെ അറിയിക്കുകയും വേണം.
സമീപകാലത്ത് നടന്ന കെവിന്‍ വധം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സംസ്ഥാന പൊലീസ് സേനയ്ക്കും ആഭ്യന്തരവകുപ്പിനും കളങ്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍.