Kerala News
യുവ നടിയെ ആക്രമിച്ചത് പെരിന്തല്‍മണ്ണ സ്വദേശികളായ ആദിലും ഇര്‍ഷാദും; മാപ്പ് പറയാന്‍ തയ്യാറെന്നും പ്രതികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 20, 06:52 am
Sunday, 20th December 2020, 12:22 pm

കൊച്ചി: ഇടപ്പള്ളിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് നടിയെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരാണ് നടിയെ ആക്രമിച്ചത്.ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായി പൊലീസ് പെരിന്തല്‍മണ്ണയിലേക്ക് പുറപ്പെട്ടു.

അതേസമയം ദുരുദ്ദേശത്തോടെയല്ല കൊച്ചിയില്‍ എത്തിയതെന്നും നടിയെ പിന്തുടര്‍ന്നില്ലെന്നുമാണ് പ്രതികള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

‘ജോലി ആവശ്യത്തിനായാണ് കൊച്ചിയിലെത്തിയത്. തിരിച്ച് പോരാനുള്ള തീവണ്ടി എത്താന്‍ ഒരുപാട് സമയമായതിനാല്‍ കൊച്ചി ലുലുമാളിലേക്കെത്തുകയായിരുന്നു. ഇവിടെ വെച്ച് നടിയെ കാണുകയും അടുത്തുപോയി സംസാരിക്കുകയും ചെയ്തു. എന്നാല്‍ നടിയെ പിന്തുടരുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. കൊച്ചിയിലെത്തിയത് ദുരുദ്ദേശത്തോടെയുമല്ല,’ പ്രതികള്‍ പറയുന്നു.

അറിഞ്ഞു കൊണ്ട് നടിയെയോ അവരുടെ കുടുംബത്തേയോ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എന്തെങ്കിലും തരത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായെങ്കില്‍ മാപ്പുപറയാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു.

സംഭവം ഇത്രയും വിവാദമായത് കഴിഞ്ഞ ദിവസമാണ് അറിയുന്നതെന്നും ഉടന്‍ തന്നെ ഒരു വക്കീലിനെ പോയികണ്ടു. വക്കീലിന്റെ നിര്‍ദേശപ്രകാരമാണ് ഒളിവില്‍ പോയതെന്നും യുവാക്കള്‍ പറഞ്ഞു. പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും യുവാക്കള്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രതികളുടെ സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്ത് വിട്ടിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ നേരത്തെ തന്നെ സി.സി.ടിവിയില്‍ നിന്നു പൊലീസിനു ലഭിച്ചിരുന്നെങ്കിലും ഇവര്‍ പ്രായപൂര്‍ത്തി ആയവരാണോ എന്നു സംശമുള്ളതിനാല്‍ പുറത്തുവിടാതിരിക്കുകയായിരുന്നു.

എന്നാല്‍ സംഭവം പുറത്തു വന്ന് ഒരു ദിവസം പിന്നിട്ടിട്ടും അന്വേഷണം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കാതെ വന്നതോടെ പൊലീസ് സമ്മര്‍ദത്തിലായി. ഇതിനിടെ വനിതാ കമ്മിഷനും യുവജന കമ്മിഷനും പൊലീസിനോടു റിപ്പോര്‍ട്ട് തേടി. ഈ സാഹചര്യത്തിലാണ് ചിത്രങ്ങള്‍ പൊലീസ് പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ മാളില്‍ വെച്ചുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. തിരക്കൊഴിഞ്ഞ സ്ഥലത്തുവച്ചു തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും പിന്നീട് പിന്തുടര്‍ന്നെത്തി ശല്യം ചെയ്‌തെന്നുമാണ് താരം പറയുന്നത്. അപ്രതീക്ഷിത സംഭവത്തിന്റെ അമ്പരപ്പിലായിരുന്നെന്നും പ്രതികരിക്കാനായില്ലെന്നും താരം പറയുന്നുണ്ട്. കുടുംബത്തിനൊപ്പം മാളില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

പരാതി നല്‍കുന്നില്ല എന്നായിരുന്നു നടിയുടെ വീട്ടുകാരുടെ നിലപാട്. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ വിജയ് സാഖറെ, കളമശേരി പൊലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്നു നടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത ശേഷം അമ്മയില്‍ നിന്നു പരാതി എഴുതി വാങ്ങുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala Police identified the accused who attacked actress in Kochi LuLu mall