കോഴിക്കോട്: പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി കേരള പൊലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്ത എല്ലാ വീഡിയോകളും പൊലീസ് നീക്കം ചെയ്തു. ഇത്തരത്തില്‍ വീഡിയോകള്‍ തയ്യാറാക്കുന്നതിന്റെ നിയമ വശങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇത്തരത്തിലുള്ള വീഡിയോകള്‍ നീക്കം ചെയ്തതെന്നാണ് അറിയാന്‍ കഴിയുന്നത്.
ഒരാള്‍ അറസ്റ്റിലായാല്‍ അയാളുടെ ചിത്രങ്ങളും വീഡിയോയും പരിഹാസരൂപേണ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാന്‍ പൊലീസിന് കഴിയുമോ, അതിന് നിയമ സാധ്യതയുണ്ടോ, കേരള പൊലീസിന്റെ ട്രോള്‍ വീഡിയോകള്‍ക്ക് ഇരയാവുന്നവര്‍ സമൂഹത്തില്‍ പ്രിവിലേജിഡ് അല്ലാത്ത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ മാത്രമായിരിക്കും, പൊലീസിന്റെ ഈ തെരഞ്ഞടുപ്പ് ഒട്ടും നിഷ്‌കളങ്കമല്ല എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.
സിനിമാ ഡയോലോഗുകളും മാസ് ബീ.ജി.എമ്മുകളും വെച്ച് ഉണ്ടാക്കിയതായിരുന്നു ഇതില്‍ ഭൂരിഭാഗം വീഡിയോകളും. ഇങ്ങനെ ഉണ്ടാക്കുന്ന വീഡിയോകള്‍ വഴി പൊതുജനത്തിന് പ്രതിയെ വിചാരണക്ക് ഇട്ടുകൊടുക്കുകയാണ് പൊലീസ് ചെയ്തിരുന്നത്. ഇത് പ്രതിയുടെ മൗലികാവകാശങ്ങള്‍ക്കെതിരാണെന്നും വാദങ്ങളുണ്ടായിരുന്നു.
കേരളാ പോലീസിന്റെ സോഷ്യല്‍ മീഡിയ പേജിൽ നേരത്തെ
റോസ്റ്റിങ്ങെന്ന പേരില്‍ വന്ന വീഡിയോയും സ്ത്രി വിരുദ്ധ കണ്ടന്റുള്ളതാണെന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിന് പിന്‍വലിക്കേണ്ടി വന്നിരുന്നു. അതേസമയം, തെറ്റ് മനസ്സിലാക്കി വീഡിയോകള്‍ പിന്‍വലിച്ച കേരളാ പൊലീസിന്റെ നടപടിയെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights :Kerala Police have removed videos of the accused being publicly tried on social media