| Thursday, 10th May 2018, 10:46 am

'കേരള പൊലീസില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം'; അടിയന്തിര നടപടി വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ രാഷ്ട്രീയത്തിന്റെ അതിപ്രസരം കൂടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡി.ജി.പി ലോക്‌നാഥ് ബെഹറയ്ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഇന്റലിജന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.

മുമ്പെങ്ങുമില്ലാത്ത് വിധം പൊലീസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം വര്‍ധിക്കുന്നതായും ഇത് നിയന്ത്രിക്കുന്നതിന് സത്വര നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്തു.

“പൊലീസ് സേനയിലെ അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പൊലീസ് അസോസിയേഷനുകള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, സമീപകാലത്തായി ഈ സംഘടനകള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അനുകൂലികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസ് അസോസിയേഷന്റെ യോഗങ്ങളില്‍ രക്തസാക്ഷി അനുസ്മരണങ്ങളും മുദ്രാവാക്യം വിളികളും ഉയരുന്നുണ്ട്. നിഷ്പക്ഷരായി പ്രവര്‍ത്തിക്കേണ്ട പൊലീസ് ഇത്തരത്തില്‍ രാഷ്ട്രീയ ചായ്‌വ് പ്രകടമാക്കുന്നത് ആശാസ്യകരമായ രീതിയല്ല.”

ALSO READ:  നിങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കില്ല; ഞങ്ങളോട് എതിരിട്ടാല്‍ മുഴുവന്‍ സൈന്യത്തെ ഉപയോഗിച്ച് പ്രതികരിക്കും; കശ്മീരി യുവാക്കളെ ഭീഷണിപ്പെടുത്തി ആര്‍മി ചീഫ് ബിപിന്‍ റാവത്ത്

അസോസിയേഷനുകളിലെ രക്തസാക്ഷി അനുസ്മരണം തീര്‍ത്തും നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തസാക്ഷി അനുസ്മരണം എന്നത് രാഷ്ട്രീയ അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. അത്തരം അനുസ്മരണങ്ങള്‍ അസോസിയേഷന്‍ യോഗങ്ങളില്‍ നടക്കുന്നത് രാഷ്ട്രീയ അതിപ്രസരത്തിന്റെ ഭാഗമാണെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.

അതേസമയം കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ പൊലീസുകാരെ ഓര്‍മിപ്പിക്കുന്നതിന് ഈ ശുഷ്‌കാന്തി പൊലീസുകാര്‍ കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

നിയമാവലി മറികടന്ന് സംഘടനയുടെ ലോഗോയില്‍ മാറ്റം വരുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ മുഖ്യമന്ത്രിമാരെ പല യോഗങ്ങളിലും അസോസിയേഷന്‍ ഭാരവാഹികളോ അംഗങ്ങളോ രൂക്ഷമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. ഇഷ്ടമില്ലാത്തവരുടെ കീഴില്‍ ജോലി ചെയ്യേണ്ടിവന്നതിന്റെ നിരാശതീര്‍ക്കുന്നത് ഇത്തരത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more