തിരുവനന്തപുരം: കേരളാ പൊലീസ് ആസ്ഥാനത്ത് ഐ.എസ്. സാന്നിധ്യമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുടെ അഭിമുഖത്തിന് പിന്നാലെയാണ് പുതിയ ആരോപണവുമായി കെ. സുരേന്ദ്രന്‍ രംഗത്ത് എത്തിയത്.
കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്നായിരുന്നു ലോക്നാഥ് ബെഹ്റ പറഞ്ഞത്.
താന്‍ വന്നശേഷം ഭീകരവിരുദ്ധ സ്‌ക്വാഡിന് രൂപംനല്‍കിയെന്നും അവരുടെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ അത് കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാനാകില്ലെന്നും ബെഹ്‌റ പറഞ്ഞിരുന്നു. എന്നാല്‍ കേരള പൊലീസില്‍ തന്നെ ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്നാണ് കെ. സുരേന്ദ്രന്‍ ആരോപിച്ചത്.
ഡി.ജി.പിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്ഥാനം ഒഴിയുമ്പോള്‍ എങ്കിലും സത്യം പറഞ്ഞതിന് ഡി.ജി.പിയെ അഭിനന്ദിക്കുന്നെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഐ.എസ്. സാന്നിധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബി.ജെ.പി. പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐ.എസ് നേതൃത്വത്തില്‍ ലവ് ജിഹാദ് സംഘങ്ങള്‍ ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ തള്ളിക്കളഞ്ഞു. രാജ്യ സുരക്ഷയെ വെച്ചു കളിക്കരുത്. തീവ്രവാദ സംഘടനകള്‍ക്ക് മെയില്‍ ചോര്‍ത്തിയ ഷാജഹാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രി സ്ഥാനക്കയറ്റം നല്‍കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്‌പെഷ്യല്‍ ബ്രാഞ്ചിലും ഇന്റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ഐ.എസ് സാന്നിധ്യമുണ്ട്. അഫ്ഗാന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റികളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നു. കേരള സര്‍വകശാലയില്‍ 1042 വിദ്യാര്‍ത്ഥികളുണ്ട്. പോലീസ് ആസ്ഥാനത്ത് ഐ.എസ്. സ്ലീപ്പര്‍ സെല്‍ ഉണ്ട് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.