തിരുവനന്തപുരം: സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പുതിയ മാറ്റങ്ങളുമായി കേരള പൊലീസ്. പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാ വാചകത്തില്‍ മാറ്റം വരുത്തിയാണ് ലിംഗവിവേചനം അവസാനിപ്പിച്ചത്.
പാസിങ് ഔട്ട് പരേഡില്‍ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലെ ‘പൊലീസ് ഉദ്യോഗസ്ഥന്‍’ എന്ന വാക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതിനുപകരം ‘സേനാംഗം’ എന്നാണ് ഇനി ഉപയോഗിക്കുക.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മനോജ് എബ്രഹാമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ജനുവരി മൂന്നിനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്ക് പുരുഷന്മാരെ മാത്രം പ്രതിനിധികരിക്കുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മാറ്റം.
ഒരു പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങളും ചുമതലകളും നിര്‍വഹിക്കുമെന്നും സര്‍വാത്മനാ പ്രതിജ്ഞ ചെയ്യുന്നതിന് പകരമായി ‘ഒരു പൊലീസ് സേനാംഗമെന്ന നിലയില്‍’ എന്നായിരിക്കും ഇനിമുതല്‍ സത്യവാചകം ചൊല്ലുക
അതേസമയം പ്രതിജ്ഞാ വാചകത്തിലെ ബാക്കിയുള്ള വാക്യങ്ങളെല്ലാം പഴയതുപോലെ തുടരുമെന്നാണ് വിവരം. നേരത്തെ ഉദ്യോഗസ്ഥരുടെ സ്ഥാനത്തിനൊപ്പം വനിതയെന്ന് കൂട്ടിച്ചേര്‍ക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയുടെ 2011ലെ ഉത്തരവ് പ്രകാരമാണ് ഇത് നിരോധിച്ചത്. ഇതോടെ വനിതാ എസ്.ഐ, വനിതാ സി.ഐ ഉള്‍പ്പെടെയുള്ള അഭിസംബോധന വിലക്കപ്പെട്ടു.
ബറ്റാലിയനിലെ വനിതാ സേനാംഗങ്ങളെ ഹവില്‍ദാര്‍ എന്ന് വിളിക്കണമെന്ന നിര്‍ദേശവുമുണ്ട്.
Content Highlight: Kerala Police has ended gender discrimination in the pledge