| Saturday, 30th July 2022, 7:24 pm

ഇന്ധനമില്ലാത്തതിന്റെ പേരില്‍ ബൈക്കിന് പിഴ; കേരള പൊലീസിന്റെ വിശദീകരണം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാഹനത്തിന് മതിയായ ഇന്ധനമില്ലാത്തതിന്റെ പേരില്‍ പോലീസ് പിഴ ചുമത്തിയെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവത്തിന്റെ പിന്നിലെ വസ്തുത ഇതാണെന്ന് പറഞ്ഞ കേരള പൊലീസ് കുറിപ്പ് പങ്കുവെച്ചത്.

വിഷയത്തിലെ കേരള പൊലീസിന്റെ വിശദീകരണം ഇങ്ങനെ

എറണാകുളം ഇടത്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 22നാണ് സംഭവം. അമിതപ്രകാശം പരത്തുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച ബൈക്കുമായി വണ്‍വേ തെറ്റിച്ചു വന്ന യുവാവിനെ പൊലീസ് തടയുകയും പിഴ അടക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. പിഴ തുകയായ 250 രൂപ(അനുവദനീയമല്ലാത്ത ലൈറ്റ് ഘടിപ്പിച്ചതിന്) ഒടുക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ചലാന്‍ മെഷീനില്‍ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പര്‍ സെലക്ട് ചെയ്തപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് അബദ്ധം സംഭവിക്കുകയും Kerala Motor Vehicle Rules സെക്ഷന്‍ 46(2)e സെലക്ട് ആവുകയും ചെയ്തു.

പിഴ അടച്ച ചലാനില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റകൃത്യം കൗതുകമായി തോന്നിയ യുവാവ് ഈ ചലാന്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ആയി പോസ്റ്റ് ചെയ്യുകയും ആയത് ലേശം കൗതുകം കൂടുതലുള്ള മറ്റാരോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ പൊലീസ് യുവാവിനെ ബന്ധപ്പെട്ട് ഇക്കാര്യം ബോധ്യപ്പെടുത്തുകയും പുതിയ ചലാന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ട്രാഫിക് നിയമങ്ങള്‍ സംബന്ധിച്ച പുതിയ അറിവ് കിട്ടിയതിലും തന്റെ അനുഭവം വൈറല്‍ ആയതിലും യുവാവ് ഇപ്പോള്‍ ഹാപ്പിയാണെന്നും കേരള പൊലീസ് പറഞ്ഞു.

Kerala Motor Vehicle Rules സെക്ഷന്‍ 46(2)e ല്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം

പ്രസ്തുത നിയമപ്രകാരം പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന (ടാക്‌സി ഉള്‍പ്പെടെയുള്ള) വാഹനങ്ങളില്‍ മതിയായ ഇന്ധനം കരുതാതിരിക്കുകയോ, യാത്രാക്കാരുമായി ഇന്ധനമോ സി.എന്‍.ജിയോ നിറയ്ക്കാന്‍ ഫ്യുവല്‍ സ്റ്റേഷനിലേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുന്നതും
[46(2)q ] തെറ്റാണ്. യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഈ നിയമം.

Content Highlights: Kerala Police explanation Bike fined for insufficient fuel

We use cookies to give you the best possible experience. Learn more