കല്‍പ്പറ്റ: മാനന്തവാടി രൂപത വക്താവായ ഫാ. നോബിള്‍ തോമസ് പാറക്കലിനെതിരെ നല്‍കിയ പരാതിയില്‍ പൊലിസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചത് പൊലിസിന്റെ ഭാഗത്ത് നിന്നുള്ള ക്രൂരമായ നടപടിയാണെന്നും ഒരു സ്ത്രീക്ക് ഈ നാട്ടില്‍ സ്വസ്ഥമായി ജീവിക്കുന്നതിനുള്ള സാഹചര്യം നിഷേധിക്കുന്നതിന് തുല്യമായി മാത്രമേ കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതിനെ കാണാന്‍ സാധിക്കുകയുള്ളു എന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ കാണാനെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് തന്റെ സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയും കാരക്കയ്ക്കാമല പ്രദേശവാസികളായ ചിലര്‍ മഠത്തിന് മുന്‍പില്‍ തടിച്ചുകൂടി ഭീഷണിപ്പെടുത്തിയതിനെതിരെയുമായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ വെള്ളമുണ്ട പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി വാസ്തവവിരുദ്ധവും നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയാണ് വെള്ളമുണ്ട പൊലിസ് അന്വേഷണം അവസാനിപ്പിക്കുന്നതായി രേഖാമൂലം അറിയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് മാസങ്ങളോളം അന്വേഷിച്ചിട്ടും കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്.
ഫാദര്‍ നോബിള്‍ തോമസ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയും നാട്ടുകാര്‍ മഠത്തിന് മുന്‍പിലെത്തി ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോകളുമടക്കം പരാതിക്കൊപ്പം സമര്‍പ്പിച്ച ശേഷവും പൊലിസ് തെളിവില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. ‘വീഡിയോ കൊടുത്ത ശേഷവും പരാതി നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വാസ്തവ വിരുദ്ധമാണെന്നുമെല്ലാമാണ് പൊലിസ് പറയുന്നത്. സാമൂഹ്യവിരുദ്ധര്‍ എന്നുതന്നെ വിളിക്കാവുന്ന തരത്തിലാണ് പൊലിസിന്റെ നടപടി. ആരുടെ മുഖം സംരക്ഷിക്കാനാണ് പൊലിസ ഇങ്ങിനെ ചെയ്യുന്നത്?’ സിസ്റ്റര്‍ ലൂസി പറഞ്ഞു.
രാജ്യത്തിന്റെ ഏറ്റവും വലിയ ധര്‍മം ആ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയാണെന്നും പൊലിസിന്റെ ഈ നടപടി ഇതിന്റെ നിഷേധമാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ‘താമസിക്കുന്ന മഠത്തിന്റെ മുന്‍പില്‍ കൂട്ടമായെത്തി ‘ഇറങ്ങി വാടി, ഇറങ്ങി പോടി, നാണമില്ലേ ഇവിടെ നില്‍ക്കാന്‍’ എന്നിങ്ങിനെയാണ് അവര്‍ ആക്രോശിച്ചത്. ഇതിനേക്കാള്‍ ഏഴിരിട്ടി മോശമായ അസഭ്യം പറഞ്ഞുകൊണ്ടാണ് അവര്‍ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ അടക്കം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.’ സിസ്റ്റര്‍ ലൂസി ചൂണ്ടിക്കാണിക്കുന്നു.
ഫാ. നോബിള്‍ തോമസ് പാറക്കലിനെതിരെയും മഠത്തിന് മുന്‍പിലെത്തി ഭീഷണിപ്പെടുത്തിയ കാരയ്ക്കമല സ്വദേശികള്‍ക്കെതിരെയും സമര്‍പ്പിച്ച രണ്ട് പരാതികളിലും ആവശ്യമായ ഒരു തെളിവും കണ്ടെത്താനായിട്ടില്ലെന്നും നിയമത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാലാണ് പരാതിയെന്നും അതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നുമാണ് കേസവസാനിപ്പിച്ചുകൊണ്ട് സിസ്റ്റര്‍ക്ക് കൈമാറിയ രേഖയില്‍ പറയുന്നത്. അതേ സമയം സംഭവത്തില്‍ സ്വകാര്യ അന്യായവുമായി സിസ്റ്റര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് വെള്ളമുണ്ട പൊലിസ് അറിയിച്ചിട്ടുണ്ട്. ഐടി ആക്ട് 66എ സുപ്രീം കോടതി റദ്ദ് ചെയ്തതിനാല്‍ പരാതികളില്‍ ശക്തമായ നടപടികളെടുക്കുന്നതില്‍ പരിമിതികളുണ്ടെന്നാണ് പൊലിസിന്റെ വിശദീകരണം.
കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും സ്വകാര്യ അന്യായവുമായി കോടതിയെ സമീപിക്കുമെന്നും സിസ്റ്റര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇരുപരാതികളും വെള്ളമുണ്ട പൊലിസ് തള്ളിക്കളഞ്ഞതിനെതിരെ സംസ്ഥാനത്തെ ഡി.ജി.പിയടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും സമീപിക്കുമെന്നും സിസ്റ്റര്‍ അറിയിച്ചു. തെളിവുകളടക്കം സമര്‍പ്പിച്ച പരാതിയില്‍ പൊലിസ് അന്വേഷണത്തിന് തയ്യാറാവുന്നില്ലെങ്കില്‍ അത് സംസ്ഥാനം ഭരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ടെന്നും അതിനാല്‍ ബന്ധപ്പെട്ട എല്ലാവരെയും സമീപിക്കുമെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
‘എനിക്ക് വേണ്ടി മാത്രമല്ല, സാധാരണക്കാരിയായ ഒരു സ്ത്രീക്കും ഇനി ഇത്തരത്തിലുള്ള അനുഭവമുണ്ടാകരുത്. അതിനാല്‍ തന്നെ കോടതിയും മറ്റു നിയമനടപടികളുമായി മുന്നോട്ടുപോകും. പക്ഷെ ഇത്തരത്തില്‍ നീതിക്കായി പല വാതിലുകള്‍ മുട്ടേണ്ട അവസ്ഥ വരുന്നത് സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള പല സമ്മര്‍ദങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.’ സിസ്റ്റര്‍ ലൂസി ചൂണ്ടിക്കാണിച്ചു.
തനിക്ക് വേണമെങ്കില്‍ നിരാശ തോന്നി ഈ കേസ് ഇവിടെ അവസാനിപ്പിക്കാമെന്നും എന്നാല്‍ ഇപ്പോള്‍ നിരാശപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങളില്‍ നീതി ലഭിക്കാനായി അധികാരകേന്ദ്രങ്ങളെ പല തവണ സമീപിക്കേണ്ടി വരുന്നതും നിരവധി തവണ മൊഴി കൊടുക്കേണ്ടി വരുന്നതും സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സിസ്റ്റര്‍ വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകര്‍ മഠത്തില്‍ നിന്നും പുറത്തിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് മാനന്തവാടി രൂപതയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗം അംഗം കൂടിയായ ഫാ. നോബിള്‍ ഇറക്കിയ യൂട്യൂബ് വിഡിയോയില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ‘അടുക്കളവാതില്‍ വഴി പുരുഷന്മാരെ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തേക്ക് കയറ്റുന്നതാണ് വിപ്ലവകാരിയായ ഈ കന്യാസ്ത്രീ ചിന്തിക്കുന്ന കാലോചിതമായ മാറ്റം.’ എന്നായിരുന്നു വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ പരാതിയുയര്‍ന്നതോടെ വിഷയത്തില്‍ പ്രതികരണവുമായി മാനന്തവാടി രൂപത എത്തിയിരുന്നു.
ഫാ. നോബിളിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും രൂപതയുടെ ഔദ്യോഗികമായ നിലപാടല്ലെന്നുമായിരുന്നു സഭാനേതൃത്വം പ്രതികരിച്ചത്. തന്റെ ചുറ്റും നടക്കുന്ന വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികരണം നടത്താറുള്ള ഫാ. നോബിള്‍ സിസ്റ്റര്‍ ലൂസിക്കെതിരായ വീഡിയോ പോസ്റ്റ് ചെയ്യും മുന്‍പ് തങ്ങളെ അറിയിച്ചിട്ടില്ലെന്നും സഭ അറിയിച്ചിരുന്നു. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ നല്‍കിയ പരാതി തള്ളിയതിനോട് മാനന്തവാടി അതിരൂപത ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.