'ശ്രീറാമിന് അടിമപ്പണി ചെയ്തതിന് ആരും അവാര്‍ഡൊന്നും തന്നില്ലേ സാര്‍'; ചോദ്യമുന്നയിച്ച സിറാജ് സബ്എഡിറ്റര്‍ക്ക് പൊലീസിന്റെ വക ഫേസ്ബുക്കില്‍ ബ്ലോക്ക്
Kerala News
'ശ്രീറാമിന് അടിമപ്പണി ചെയ്തതിന് ആരും അവാര്‍ഡൊന്നും തന്നില്ലേ സാര്‍'; ചോദ്യമുന്നയിച്ച സിറാജ് സബ്എഡിറ്റര്‍ക്ക് പൊലീസിന്റെ വക ഫേസ്ബുക്കില്‍ ബ്ലോക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th August 2019, 11:24 pm

കോഴിക്കോട്: പൊലീസ് സേനകളില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പലപ്പോഴും വലിയ കയ്യടി നേടിയിട്ടുണ്ട്. പ്രത്യേകിച്ച് ഫേസ്ബുക്കിലൂടെയുള്ള ഇടപെടലുകള്‍. എന്നാല്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്കും പരാതികള്‍ക്കുമെല്ലാം ഫേസ്ബുക്കിലൂടെ തക്കതായ മറുപടി നല്‍കിയിരുന്ന കേരള പൊലീസ് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ബ്ലോക്ക് ചെയ്തതായി ആരോപണം. സിറാജ് പത്രത്തിന്റെ സബ്എഡിറ്ററെയാണ് കേരള പൊലീസ് ബ്ലോക്ക് ചെയ്തതായി ആരോപണം ഉയരുന്നത്.

സ്‌കോച്ച് അവാര്‍ഡിന്റെ ഗ്രൂപ്പ് ഇ വിഭാഗത്തിലേക്ക് കേരള പോലീസ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെന്ന അവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘ശ്രീറാമിന് അടിമപ്പണി ചെയ്തതിന് ആരും അവാര്‍ഡൊന്നും തന്നില്ലേ സാര്‍….’എന്ന് കമന്റ് ചെയ്തതിന് ശേഷമാണ് മാധ്യമ പ്രവര്‍ത്തകനോടുള്ള കേരളപൊലീസിന്റെ നടപടി.

പിന്നാലെ കേരളപൊലീസിന്റെ പോസ്റ്റിന് താഴെ ‘കേരള പോലീസിന്റെ പേജില്‍ വെങ്കിട്ടരാമനെ കുറിച്ച് ചോദിച്ചപ്പോള്‍ സിറാജ് സബ് എഡിറ്ററെ ബ്ലോക്കി. എന്താ പോലീസെ ഇങ്ങനെ !’ എന്ന ചോദ്യമുയര്‍ത്തി നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ വിചിത്ര വാദങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന്‍ മൊഴി നല്‍കാന്‍ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മൊഴി നല്‍കാന്‍ വൈകിയത് കാരണം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമേ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം.