വഴിയരികില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല; തൃശൂര്‍ മേയറോട് പൊലീസ് അസോസിയേഷന്‍
Kerala News
വഴിയരികില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ ആരെയും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല; തൃശൂര്‍ മേയറോട് പൊലീസ് അസോസിയേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd July 2021, 6:27 pm

തിരുവനന്തപുരം: പൊലീസ് ആദരിക്കുന്നില്ലെന്ന തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതിക്ക് മറുപടിയുമായി പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു. സോഷ്യല്‍ മീഡിയയിലൂടെയാണ് ബിജുവിന്റെ പ്രതികരണം.

കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക്ക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നാണ് ബിജുവിന്റെ മറുപടി.

കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസിന്റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. വര്‍ഗീസ് ഡി.ജി.പിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിനെതിരെയാണ് പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ സല്യൂട്ട് ഉള്‍പ്പെടെയുള്ള ആചാരമല്ല ചെയ്യേണ്ടത്, പകരം ഔദ്യോഗിക കൃത്യം ഭംഗിയായി നിര്‍വഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങള്‍ വലിയ മൂല്യം നല്‍കുന്ന ആചാരമാണ് സല്യൂട്ട്. അത് നിയമാനുസരണം അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ നല്‍കാന്‍ കഴിയൂ. അല്ലാതെ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്‍കേണ്ട ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഉദ്യോഗസ്ഥനെ കണ്ടാന്‍ എനിക്കും ഒരു സല്യൂട്ട് കിട്ടണം ആഗ്രഹം ഉള്ള ചിലര്‍ സ്വാഭാവികമാണെന്നും എന്നാല്‍ അതിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയതിനെ ആശ്ചര്യത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിക്കുകയാണെന്നാണ് മേയര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
പരാതി ഡി.ജി.പി. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണമെന്നാണ് ഡി.ജി.പി. നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമത്തെ സ്ഥാനമാണ് കോര്‍പ്പറേഷന്‍ മേയര്‍ക്ക്. തന്നെ ബഹുമാനിക്കേണ്ടെന്നും എന്നാല്‍ വരുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലം എം.എല്‍.എയ്ക്കും ഇതുസംബന്ധിച്ച് താന്‍ പരാതി നല്‍കിയിരുന്നെന്നും മേയര്‍ പറഞ്ഞു. എം.കെ. വര്‍ഗീസ് എന്ന വ്യക്തിയെ ബഹുമാനിക്കേണ്ടെന്നും പക്ഷേ തന്റെ പൊസിഷനെ ബഹുമാനിക്കണമെന്നും മേയര്‍ പറഞ്ഞു.

കേരളത്തിലെ എല്ലാ മേയര്‍മാര്‍ക്കും വേണ്ടിയാണ് ഇത്തരമൊരു പരാതിയെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Police Association gen. secretary C R Biju about Thrissur Mayor Salute issue