| Monday, 21st February 2022, 12:09 pm

ആരാണ് ആ ഡി.ഐ.ജി എന്ന് വെളിപ്പെടുത്തണം, വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് അറിഞ്ഞപ്പോള്‍ മാഡം എന്ത് നടപടി സ്വീകരിച്ചു: ആര്‍. ശ്രീലേഖക്കെതിരെ പൊലീസ് അസോസിയേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ പൊലീസില്‍ ഉണ്ടായിട്ടുണ്ടെന്ന മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പരമാമര്‍ശത്തിനെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. വനിതാ ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയെന്ന് പറയുന്ന ഡി.ഐ.ജിയുടെ പേര് ശ്രീലേഖ വെളിപ്പെടുത്തണമെന്ന് പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ശ്രീലേഖ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താതെ മുഴുവന്‍ ഉദ്യോഗസ്ഥരേയും സംശയ നിഴലിലാക്കിയെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയാണ് സി.ആര്‍. ബിജു ശ്രീലേഖക്കെതിരെ രംഗത്തെത്തിയത്.

അസോസിയേഷനുകള്‍ക്കെതിരായ ശ്രീലേഖയുടെ വിമര്‍ശനം അടിസ്ഥാന രഹിതമാണ്. സ്ത്രീകള്‍ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പൊലീസെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

‘ഒരു വനിതാ എസ്.ഐ യോട് ഒരു ഡി.ഐ.ജി മോശമായി പെരുമാറി എന്ന് മാഡം പറയുന്നത് കേട്ടു. ഒരു ഡി.ഐ.ജി അത്തരത്തില്‍ തന്റെ സബോര്‍ഡിനേറ്റിനോട് മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതില്‍ എന്ത് നടപടി മാഡം സ്വീകരിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് 1990 കളുടെ ആദ്യം നടന്നതാണ് എന്നാണ് സംസാരത്തിലൂടെ നമുക്ക് ബോധ്യമാകുന്നത്. മാത്രമല്ല, ഈ പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍, അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീര്‍ത്തും നിരുത്തരവാദിത്വത്തോടെയുള്ള സര്‍വീസ് ജീവിതമായിരുന്നു തന്റേതെന്ന് മാഡം സ്വയം വിളിച്ചു പറയുകയായിരുന്നില്ലേ,’ പോസ്റ്റില്‍ പറയുന്നു.

ജോലികളുടെ ഭാഗമായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തൊഴിലെടുക്കുന്ന സാഹചര്യമാണ് പൊലീസിലുള്ളത്. വനിതകളുടെ സാന്നിധ്യം അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ജോലിക്കായി അര്‍ധരാത്രികളില്‍ പോലും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കേണ്ടി വരുന്ന സാഹചര്യം ചിലയിടത്തെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുപോലെ ഡ്യൂട്ടി കഴിഞ്ഞ് അര്‍ധരാത്രികളില്‍ തിരിച്ച് വീട്ടിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. പൊതുസമൂഹത്തിനായി ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴില്‍ മേഖലയാണ് പൊലീസ് എന്ന ബോധം പോലും ഇല്ലാതെയാണ് ഇങ്ങനെ ഒരു പരാമര്‍ശം പൊലീസിന്റെ ഉന്നത സ്ഥാനത്തിരുന്ന് അടുത്തൂണ്‍ പറ്റിയ മാഡത്തില്‍ നിന്നും ഉണ്ടായത്.

ഇത്തരം ജല്പനങ്ങളിലൂടെ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും ഒരു പക്ഷേ ഉണ്ടാകാം എന്നത് മാഡം ഓര്‍ക്കേണ്ടതായിരുന്നു. അഥവാ ഇങ്ങനെ ആരെങ്കിലും പെരുമാറുന്ന സഹചര്യം ഉണ്ടായാല്‍ അതിനെ സധൈര്യം നേരിടാന്‍ തന്റേടമുള്ളവരാണ് കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നുവെന്നും ബിജു പറഞ്ഞു.

‘അതുപോലെ ഇങ്ങനെ പെരുമാറിയ ഡി.ഐ.ജി യുടെ പേര് വെളിപ്പെടുത്താത്തതിലൂടെ ആര്‍. ശ്രീലേഖ അവര്‍കള്‍ സര്‍വീസില്‍ കയറിയ അന്നു മുതല്‍ വിരമിക്കുന്നതുവരെ സര്‍വീസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്മാരേയും അപകീര്‍ത്തിപ്പെടുത്തുന്നതിനും കാരണമായി എന്നത് പറയാതിരിക്കാന്‍ കഴിയില്ല. ലോകമെങ്ങും സേനാ വിഭാഗങ്ങള്‍ പുരുഷാധിപത്യത്തിന്റെ കേന്ദ്രങ്ങള്‍ ആയിരുന്നു. അതില്‍ മാറ്റം വന്ന് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല, പൂര്‍ണ്ണവുമായിട്ടില്ല. കേരളത്തില്‍ പൊലീസിന്റെ താഴെത്തട്ടില്‍ മാത്രമായിരുന്നു ആദ്യ കാലത്ത് വനിതകള്‍ ഉണ്ടായിരുന്നത്.

കേരളപ്പിറവിക്ക് ശേഷമാണ് പൊലീസ് സേനയില്‍ വനിതാ സാന്നിധ്യം കൂടി കൂടി വന്നത്. അതില്‍ ഐ.പി.എസ് തലത്തില്‍ കേരളത്തില്‍ ആദ്യമായി വന്ന വനിതാ ഉദ്യോഗസ്ഥ തന്നെയാണ് ആദ്യമായി വിരമിച്ച വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും. അവര്‍ തന്നെ വിരമിച്ച ശേഷം കേരള പൊലീസിലെ മുഴുവന്‍ സഹോദരിമാരുടേയും ജീവിതത്തെ സംശയ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ ഈ ഇന്റര്‍വ്യൂവിലൂടെ നടത്തിയത് അതിരുകടന്നു പോയി എന്ന് വേദനയോടെ പറയട്ടെ,’ അദ്ദേഹം പറയുന്നു.

ഈ നാട്ടിലാണ് പൊലീസ് വകുപ്പിലെ വനിതകള്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നു എന്ന ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഒരു ചാനല്‍ ചര്‍ച്ചയിലൂടെ സ്വയം വിളിച്ചു പറഞ്ഞ് ഡി.ജി.പി സ്ഥാനത്തിരുന്ന് വിരമിച്ചൊരാള്‍ അപഹാസ്യയാകുന്നത്.
അതുപോലെ തന്നെ പൊലീസ് അസോസിയേഷനുകളേയും ഒരു അടിസ്ഥാനവുമില്ലാതെ അക്ഷേപിക്കുന്നതും കേട്ടു. ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 1979 മുതല്‍ കേരളത്തില്‍ പൊലീസ് അസോസിയേഷനുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങളും, അവകാശങ്ങളും നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ ആത്മാഭിമാനവും, മാന്യമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും സംഘടനകള്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

2005 ല്‍ എം.ജി കോളേജില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരേയും, 2017 ല്‍ ഗവാസ്‌കര്‍ എന്ന പൊലീസ് ഡ്രൈവറെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ അതിനെതിരേയും സംഘടനകള്‍ കൈക്കൊണ്ട നിലപാട് പൊതുസമൂഹത്തിന് അറിയാവുന്നതാണല്ലോയെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

‘നിലവില്‍ കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ നിരവധി വനിതകളുമുണ്ട്. ഐ.പി.എസ് അസോസിയേഷന്റെ സെക്രട്ടറി പദത്തിലുള്ളത് ഹര്‍ഷിത അട്ടല്ലൂരി ഐ.പി.എസ് ആണ്. കേരളത്തില്‍ റാങ്ക് വ്യത്യാസം ഇല്ലാതെ 100% ജീവനക്കാരും പൂര്‍ണ്ണമായും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയാണ് ഹര്‍ഷിത അട്ടല്ലൂരി ഐ.പി.എസ് എന്ന് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു.
കേരളത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം തന്നെ മികവോടെ പ്രവര്‍ത്തിക്കുന്ന, എല്ലാവരും അംഗീകരിക്കുന്നവര്‍ തന്നെയാണ് എന്ന കാര്യത്തിലും സേനാംഗങ്ങള്‍ക്ക് സംശയമില്ല,’ അദ്ദേഹം പറയുന്നു.

സര്‍വീസില്‍ ഇരിക്കെ ചെയ്യാന്‍ കഴിയുന്നത് ആത്മാര്‍ത്ഥമായി ചെയ്യുക. സര്‍വീസില്‍ വിരാജിച്ച്, ഒന്നും ചെയ്യാന്‍ കഴിയാതെ വിരമിച്ച ശേഷം പൊലീസ് സംവിധാനത്തെ ആകെത്തന്നെ തകര്‍ക്കുക എന്ന രീതിയില്‍ തരം താഴാതിരിക്കുക. ഇത് മാത്രമാണ് ഈ ഇന്റര്‍വ്യൂവിന് മറുപടിയായി കേരളത്തിലെ പൊലീസ് സമൂഹത്തിന് ബഹുമാനപ്പെട്ട മുന്‍ ഡി.ജി.പിയോട്പറയാനുള്ളതെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

ഒരു വനിത എസ്.ഐയെ ഡി.ഐ.ജി ദുരുപയോഗം ചെയ്തത് തനിക്കറിയാമെന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞിരുന്നത്. മനോരമ ന്യൂസ് നേരേ ചൊവ്വേയിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം.

സ്ത്രീ എന്ന നിലയില്‍ കടുത്ത ആക്ഷേപങ്ങളാണ് പൊലീസില്‍ നിന്ന് നേരിട്ടതെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ ഐ.പി.എസില്‍ നിന്ന് രാജിവെക്കാന്‍ ഒരുങ്ങിയിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്.


Content Highlights: Kerala Police Association against R Sreelekha

We use cookies to give you the best possible experience. Learn more