| Friday, 3rd September 2021, 7:34 pm

കേരള പൊലീസിലെ ആര്‍.എസ്.എസ് ശാഖകള്‍ക്ക് തെളിവുകളുണ്ട്

ഷഫീഖ് താമരശ്ശേരി

സി.പി.ഐയുടെ ദേശീയ നേതാവും ‘നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമണ്‍’ ജനറല്‍ സെക്രട്ടറിയുമായ ആനി രാജയുടെ ഒരു പ്രസ്താവന കേരളത്തിലെ ഇടത് മുന്നണിയില്‍ ചില പൊല്ലാപ്പുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കേരള പൊലീസില്‍ ആര്‍.എസ്.എസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്ക് നിരക്കാത്തതും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുന്നതുമാണ് പൊലീസിന്റെ പല നടപടികളുമെന്നുമാണ് ആനി രാജ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

ഭരണമുന്നണിയിലെ ഒരു പ്രബല കക്ഷിയുടെ ദേശീയ നേതാവ് തന്നെ സംസ്ഥാന മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊലീസ് വകുപ്പിലെ അനാസ്ഥകളും പ്രശ്‌നങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത് സര്‍ക്കാറിന് വലിയ പരിക്കാണുണ്ടാക്കിയത്. ആനി രാജയുടെ ഈ പ്രസ്താവനയില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് വേട്ട അരങ്ങേറിയപ്പോള്‍ അന്ന് ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യ നിലപാട് സ്വീകരിച്ചയാളാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്ന് സി.പി.ഐ ഒന്നടങ്കം കാനത്തെ പിന്തുണക്കുകയാണ് ചെയ്തത്. എന്നാല്‍ ഇന്ന് സമാനമായ ഒരു വിമര്‍ശനം ആനി രാജ മുന്നോട്ടുവെക്കുമ്പോള്‍ പാര്‍ട്ടി അവര്‍ക്കെതിരെ രംഗത്തുവരുന്ന സ്ഥിതിയാണുള്ളത്. അതെന്തുകൊണ്ടാണെന്നുള്ളത് തീര്‍ച്ചയായും പരിശോധിക്കേണ്ട വിഷയമാണ്. അതവിടെ നില്‍ക്കട്ടെ.

ആനി രാജ

ആനി രാജ മുന്നോട്ടുവെച്ച വിഷയത്തിലേക്ക് വരാം. കേരള പൊലീസില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഇങ്ങനെ തള്ളിക്കളയേണ്ട ഒന്നല്ല. എന്തുകൊണ്ടെന്നാല്‍ 2016 മെയ് മാസത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടത് ആഭ്യന്തര വകുപ്പിനെ ചൊല്ലിയാണ്. അക്കാലങ്ങളില്‍ കേരള പൊലീസിന് നേരെ ഉയര്‍ന്നുവന്ന ഏറ്റവും ഗൗരവമേറിയ ആരോപണങ്ങളിലൊന്നാണ് പൊലീസിന്റെ സംഘപരിവാര്‍ അനുകൂല നിലപാടുകളും ഹിന്ദുത്വ സമീപനങ്ങളും.

കേരള പോലീസില്‍ ആര്‍.എസ്.എസ് സഹയാത്രികരുണ്ടെന്നും അവരുടെ സംഘപരിവാര്‍ താത്പര്യങ്ങള്‍ക്ക് തങ്ങള്‍ ഇരകളാകുകയാണെന്നും തുറന്നുപറഞ്ഞുകൊണ്ട് അനേകം പേര്‍ ഇക്കാലങ്ങളില്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. അങ്ങേയറ്റം വംശീയ മനോഭാവത്തോടെയുള്ള പൊലീസ് നടപടികള്‍ക്കും നീക്കങ്ങള്‍ക്കും ഇരകളാകേണ്ടി വന്ന നിരവധി പേരുണ്ടിവിടെ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ കേരള പൊലീസിന്റെ നീക്കങ്ങളെ, ഇടപെടലുകളെ, നടപടികളെ എല്ലാം സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇന്ത്യയില്‍ സംഘപരിവാര്‍ സൃഷ്ടിച്ചെടുത്ത, ന്യൂനപക്ഷ വിദ്വേഷമടക്കമുള്ള പൊതുബോധത്തിലേക്ക് പൊലീസ് വഴുതി വീണിരിക്കുന്നത് എങ്ങിനെയെന്ന് കൃത്യമായി കാണാന്‍ സാധിക്കും. പൊലീസ് നയങ്ങളിലെ ഇരട്ടനീതി പ്രകടമാകുന്ന എത്രയോ സംഭവങ്ങള്‍ ഇക്കാലയളവില്‍ അരങ്ങേറിയിരുന്നു. കേരളത്തിലെ മുന്‍ ഡി.ജി.പിമാരായിരുന്ന ടി.പി. സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവര്‍ അവരുടെയുള്ളിലെ ഹിന്ദുത്വ നിലപാടുകള്‍ പരസ്യമായി തുറന്നുപറഞ്ഞ് ബി.ജെ.പിയുടെ ഭാഗമാകുന്നതും ഇതിനിടയില്‍ നാം കണ്ടു.

തൃശൂരിലെ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി. സുരേഷ് രാജ് പുരോഹിത് വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഒന്നാം പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ പുറത്തുവന്ന സംഭവം. പുരോഹിതിനെ സര്‍ക്കാര്‍ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയെങ്കിലും പ്രശ്നങ്ങള്‍ അവിടെ അവസാനിച്ചില്ല. പൊലീസ് ആസ്ഥാനത്ത് താന്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂ എന്നുമുള്ള പരസ്യമായ വെല്ലുവിളിയുമായി സുരേഷ് രാജ് പുരോഹിത് അന്ന് രംഗത്ത് വന്നിരുന്നു.

സുരേഷ് രാജ് പുരോഹിത്

കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥന് ഇങ്ങനെ പരസ്യമായ വെല്ലുവിളി സര്‍ക്കാറിനും ഭരണകക്ഷിക്കുമെതിരെ നടത്താന്‍ സാധിച്ചതിന് പിന്നില്‍ ഉത്തരേന്ത്യക്കാരനായ സുരേഷ് രാജ് പുരോഹിതിന്റെ ഉന്നത ബി.ജെ.പി ബന്ധങ്ങളാണ് എന്ന് ഇടതുപക്ഷ നേതാക്കള്‍ തന്നെ അന്ന് പ്രതികരിച്ചിരുന്നു.

സംഘപരിവാറിന്റെ നിര്‍ദേശ പ്രകാരം സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്തെ സി.ഐമാരുടെ സ്ഥലം മാറ്റത്തില്‍ വരെ ഇടപെട്ടതായി ഇടത് പൊലീസ് സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സംസ്ഥാന മുഖ്യമന്ത്രിയുടെ വകുപ്പിലാണ് ഉത്തരേന്ത്യക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അമിത് ഷാ യുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ചരടുകള്‍ വലിച്ചുകൊണ്ടിരുന്നത് എന്നതോര്‍ക്കണം.

കേരള പൊലീസിനുള്ളില്‍ ആര്‍.എസ്.എസ് അനുഭാവികളുടെ ”സ്ലീപ്പര്‍’ സെല്‍ പ്രവര്‍ത്തിക്കുന്നതായും 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ നടന്ന ഇവരുടെ പഠന ശിബിരത്തില്‍ വെച്ച് പൊലീസിനുള്ളിലെ സംഘപരിവാര്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കൈരളി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോലീസ് സേനയിലെ 27 ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഈ യോഗത്തില്‍ ‘തത്വമസി’ എന്ന വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിച്ച് എല്ലാ മാസവും യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചതായും ക്രൈം ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന യോഗാചാര്യന്മാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനുത്തരവാദപ്പെടുത്തിയതായും കൈരളി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ പൊലീസിന്റെ ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ചുള്ള നിരവധി ചര്‍ച്ചകളാണ് ഈ ഘട്ടത്തില്‍ നടന്നത്. പോലീസിനകത്തെ സംഘ് വത്കരണത്തിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന മുഖ്യമന്ത്രിയ്ക്കെഴുതിയ തുറന്ന കത്തും വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ തെളിവുകളുണ്ടായിട്ടും കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല എന്നതായിരുന്നു പൊലീസിന് നേരെ ഉയര്‍ന്നിരുന്ന മുഖ്യ പരാതി. പൊലീസിന്റെ ഇരട്ടമുഖം വെളിവാകുന്ന നിരവധി സംഭവങ്ങളാണ് ഇക്കാലങ്ങളില്‍ നടന്നിട്ടുള്ളത്.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്തെ തുടര്‍ച്ചയായ പെട്രോള്‍ വിലവര്‍ധനവിനെതിരെ 2017 ല്‍ സി.പി.ഐ.യുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. പഞ്ചിങ് മോദി ചലഞ്ച് എന്ന പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്ന പരിപാടിയിലേക്ക് അപ്രതീക്ഷിതമായി ഏതാനും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പാഞ്ഞെത്തുകയും എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെ മര്‍ദിക്കുകയും ചെയ്തു. സംഭവ സ്ഥലത്തെത്തി ഇരുകൂട്ടരെയും അറസ്റ്റ് ചെയ്ത പൊലീസ് അക്രമമഴിച്ചുവിട്ട യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നേരെ കേസെടുക്കാതെ അവരെ വെറുതെ വിട്ടയയ്ക്കുകയായിരുന്നു അന്ന് ചെയ്തത്.

ആലപ്പുഴയില്‍ നടന്ന പഞ്ചിങ് മോദി ചലഞ്ച്

അന്തരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിലെ ദേശീയഗാനാലാപന വിവാദവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട് യുവമോര്‍ച്ചാ പ്രവവര്‍ത്തകര്‍ ഉപരോധിക്കുകയും പ്രതിഷേധാത്മകമായി ദേശീയഗാനം ആലപിക്കുകയും ചെയ്തപ്പോള്‍ അന്യായമായി റോഡ് ഉപരോധിച്ചുവെന്ന പെറ്റികേസ് മാത്രമാണ് പൊലീസ് അവര്‍ക്ക് നേരെ ചുമത്തിയത്. എന്നാല്‍ പ്രതിഷേധാത്മകമായി ദേശീയഗാനം ആലപിക്കരുതെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് കേസെടുക്കണമെന്ന തരത്തില്‍ നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടും അത് സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ല. അതേസമയം നോവലിസ്റ്റ് കമല്‍സി ചവറയ്‌ക്കെതിരെ അദ്ദേഹത്തിന്റെ നോവലില്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘം കോഴിക്കോടെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിരുന്നു. ഇത്തരത്തിലുള്ള ഇരട്ടത്താപ്പുകളായിരുന്നു പൊലീസ് നടപടികളിലുടനീളം.

നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കുപ്പു ദേവരാജന്റെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകവേ വാഹനം തടഞ്ഞ് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. എന്നാല്‍ ഏറ്റുമുട്ടല്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ പ്രതിഷേധം നടത്തിയ ഗ്രോ വാസു അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് കലാപത്തിനുള്ള ശ്രമം, നിയമ വിരുദ്ധമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് മതപ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പൊലീസ് സമാനമായ രീതിയില്‍ നിരവധി പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ സമര്‍പ്പിക്കപ്പെട്ട പരാതികളില്‍ ഒന്നില്‍ പോലും നിയമനടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല.

കമല്‍

ശബരിമല വിവാദക്കാലത്തും പൊലീസിന്റെ സംഘപരിവാര്‍ അനുകൂല നയം വ്യക്തമായിരുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂലമായ സര്‍ക്കാര്‍ നിലപാട് നടപ്പാക്കാന്‍ പൊലീസ് സന്നദ്ധമല്ലാതിരുന്നത് നിരവധി ഘട്ടങ്ങളില്‍ പ്രകടമായിരുന്നു. ശബരിമല പ്രവേശനത്തിനായി യുവതികള്‍ എത്തിയപ്പോള്‍ വിവരം മറ്റുള്ളവര്‍ക്ക് മുമ്പേ ആര്‍.എസ്.എസുകാര്‍ അറിഞ്ഞത് പൊലീസ് വഴിയാണെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നു.

ശബരിമല സന്നിധാനത്ത് വെച്ച് ആര്‍.എസ്.എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്ക് പൊലീസ് മൈക്ക് പിടിച്ചുകൊടുത്തതും ശബരിമല വിഷയത്തിലെ പൊലീസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ കൂറ് വ്യക്തമാക്കുന്നതായിരുന്നു. ശബരിമല പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നിരവധി അക്രമങ്ങള്‍ നടത്തിയ സംഘപരിവാര്‍ ഗുണ്ടകളെ ഫലപ്രദമായി പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനും പൊലീസിന് സാധിക്കുമായിരുന്നിട്ടും പൊലീസ് അതിന് തയ്യാറായില്ലെന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളെ പ്രതിരോധിക്കാന്‍ മേലുദ്യോഗസ്ഥര്‍ ബോധപൂര്‍വം അനുവദിച്ചില്ല എന്ന് നവമാധ്യമങ്ങളില്‍ തുറന്നെഴുതിയ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് പിന്നീട് സസ്പെന്റ് ചെയ്യപ്പെടുകയാണുണ്ടായത്.

2020ലെ ഓണ സമയത്ത് തന്റെ വിദ്യാര്‍ത്ഥികള്‍ക്കയച്ച സന്ദേശത്തില്‍ ‘ചവിട്ടേല്‍ക്കപ്പെടുന്നവന്റെ ആഘോഷമാണ് ഓണ’മെന്ന പരാമര്‍ശം നടത്തിയ കോട്ടയത്തെ സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റീത്താമ്മയെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. മാപ്പ് അവരെക്കൊണ്ട് വായിച്ചു കേള്‍പ്പിക്കാന്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ അവര്‍ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കേരള പൊലീസ് സംഘപരിവാറിന്റെ ബി ടീമാവുകയാണെന്ന തരത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് പൊലീസിന് നേരെ ഈ സംഭവത്തിലുയര്‍ന്നത്.

സിസ്റ്റര്‍ റീത്താമ്മ

ആയുധ പൂജ ദിവസത്തില്‍ മലപ്പുറത്തെ എം.എസ്.പി ക്യാമ്പില്‍ തോക്കുകളടക്കമുള്ള സര്‍ക്കാറിന്റെ ആയുധങ്ങള്‍ ഹൈന്ദവമതാചാര പ്രകാരമുള്ള പൂജയ്ക്ക് വിധേയമാക്കിയത്, അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ നേതാവും തീവ്രഹിന്ദുത്വ പ്രചാരകനുമായ പ്രതീഷ് വിശ്വനാഥന്‍ നവമാധ്യങ്ങളിലൂടെയും മറ്റും നിരവധി തവണ പരസ്യമായ കലാപാഹ്വാനങ്ങള്‍ നടത്തിയിട്ടും അദ്ദേഹത്തിന് നേരെ നടപടികള്‍ സ്വീകരിക്കാത്തത്, ഇതേ ഘട്ടത്തില്‍ തന്നെ അയോധ്യ കോടതിവിധിയുമായി ബന്ധപ്പെട്ടും മറ്റും നിരുപദ്രവകരമായ രീതിയില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധിച്ച ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെ കേസ്സെടുത്തത് തുടങ്ങി കേരള പൊലീസിന്റെ വംശീയ സമീപനങ്ങളുടെ തുടര്‍ പരമ്പരകളെ നമുക്ക് കാണാം. ഇവയെ മുഴുവനായും ക്രോഡീകരിക്കുക എന്നത് പോലും അസാധ്യമായ കാര്യമാണ്.

പൊലീസിലെ സംഘപരിവാര്‍ സ്വാധീനത്തിനും പ്രത്യേക സംഘമായി ചേര്‍ന്നുകൊണ്ടുള്ള ഹിന്ദുത്വ നീക്കങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബി.ജെ.പിയോ ആര്‍.എസ്.എസോ പ്രതിസ്ഥാനത്ത് വരുന്ന സംഭവങ്ങളില്‍ എത്ര പരാതികള്‍ ഉയര്‍ന്നാല്‍ പോലും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകാറില്ല. അതേസമയം, സംഘപരിവാറിനെതിരെ നിലപാടുകള്‍ സ്വീകരിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ന്യൂനപക്ഷ സംഘടന പ്രവര്‍ത്തകര്‍, ഇടതുപക്ഷ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാമെതിരെ ബി.ജെ.പി നല്‍കുന്ന പരാതികളില്‍ പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിക്കാറുമുണ്ട്. ഈ സ്ഥിതിവിശേഷം കേരള പൊലീസില്‍ നിത്യസംഭവമാണ്. പൊലീസിന്റെ ആര്‍.എസ്.എസ് ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ ആനി രാജയ്‌ക്കെതിരെ ഇപ്പോള്‍ സംസാരിക്കുന്നവരും നേരത്തെ ഈ വിഷയം ഉയര്‍ത്തിയിരുന്നവരാണ് എന്നതാണ് വിരോധാഭാസം.

പ്രതീഷ് വിശ്വനാഥ്‌

ശബരിമല വിഷയത്തിലുള്ള പൊലീസ് നിലപാടില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം തന്നെ അക്കാലത്ത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പൊലീസിലെ ഐ.പി.എസ് ഉദ്യോഗസ്ഥ തലത്തില്‍ സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തോട് അനുകൂല നിലപാടുള്ളവര്‍ വര്‍ധിച്ചു വരുന്നതായാണ് സി.പി.ഐ അന്ന് പറഞ്ഞിരുന്നത്. പല സ്റ്റേഷനുകളിലെയും ക്രമസമാധാന ചുമതലയിലുള്ള സി.ഐമാരും എസ്.ഐമാരും കടുത്ത സംഘപരിവാര്‍ അനുകൂലികളാണെന്ന് 2016ല്‍ സി.പി.ഐ.എം സെക്രട്ടേറിയറ്റും വിമര്‍ശനമുന്നയിച്ചിരുന്നു.

ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, ഇന്റലിജന്‍സും ഇതേ കണ്ടെത്തലുകള്‍ മുന്നോട്ടുവെച്ചിരുന്നു. പൊലീസിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതില്‍ സേനക്കുള്ളിലെ സംഘപരിവാര്‍ അനുകൂലികളായ പോലീസുകാര്‍ക്ക് മുഖ്യ പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഈ വിഭാഗത്തിന് കൃത്യമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നും 2016ല്‍ ഇന്റലിജന്‍സ് വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതാണ്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളടക്കം പോലീസ് സേനയിലെ ഒട്ടേറെ രഹസ്യങ്ങള്‍ പോലീസിലെ ആര്‍.എസ്.എസ് വിംഗ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും അന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘപരിവാര്‍ അനുഭാവികളായ പൊലീസുകാരുടെ വിവരങ്ങള്‍ നല്‍കാന്‍ പോലീസ് മേധാവികളോട് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കുകയുമുണ്ടായി. എന്നാല്‍ ഇതിന്‍മേല്‍ നടപടികളൊന്നും പിന്നീട് കണ്ടില്ല.

കേരള പൊലീസില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നുവെന്ന വിവരം പുറത്തുവരുന്നതിനെ മുഖ്യമന്ത്രി ഭയപ്പെട്ടിട്ട് കാര്യമില്ല. അത് തന്റെ പിടിപ്പുകേടായി വിലയിരുത്തപ്പെടുമെന്ന വേവലാതിയിലും കാര്യമില്ല. ചെയ്യേണ്ടത് ഇനിയെങ്കിലും നടപടികള്‍ സ്വീകരിക്കുക എന്നതാണ്. പൊലീസിനെ വര്‍ഗീയ സങ്കുചിത താത്പര്യങ്ങളില്‍ നിന്ന് വിമുക്തമാക്കാനും ജനകീയമാക്കാനും ആഭ്യന്തര വകുപ്പ് തലവനായ മുഖ്യമന്ത്രിക്ക് വലിയ ബാധ്യതയുണ്ട്. പൊലീസിന് നേരെ ഏതൊരു വിമര്‍ശനം വരുമ്പോഴേക്കും പൊലീസിന്റെ മനോവീര്യം കെടുത്തരുതെന്ന ആ പഴയ ഡയലോഗുമായി ഇനിയും വന്നാല്‍ ഒടുക്കം ഇവിടുത്തെ ആഭ്യന്തര വകുപ്പും അമിത് ഷാ കൊണ്ടുപോകുന്നത് കണ്ട് മാറി നില്‍ക്കേണ്ടി വരും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Police and RSS

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more