തിരുവനന്തപുരം: വിദേശ പൗരന്‍മാരുടെ ഫോട്ടോയും പേരും ദുരുപയോഗം ചെയ്ത് വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. റോളക്സില്‍ വീഴാത്ത നരനും ഡയമണ്ടില്‍ വീഴാത്ത നാരിയും ഇങ്ങ് കേരളത്തിലുണ്ടെന്ന് തെളിയിക്കണമെന്ന് പൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥനാണെന്നും, ധനികനാണെന്നും തോന്നുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിദേശികളുടെ പേരില്‍ പ്രൊഫൈലുകള്‍ ക്രീയേറ്റ് ചെയ്യുന്ന ഇവരുടെ റിക്വസ്റ്റ് സ്വീകരിച്ചാല്‍ വളരെ മാന്യമായി ഇടപഴകി നമ്മോട് അടുത്ത സൗഹൃദം സ്ഥാപിക്കും.
അടുത്ത സുഹൃത്തായി അംഗീകരിച്ചു കഴിഞ്ഞെന്ന് മനസിലായാല്‍ അവരുടെ അടുത്ത നീക്കം നമ്മുടെ വിലാസത്തില്‍ സമ്മാനം അയച്ചു നല്‍കാമെന്നായിരിക്കും. സമ്മാനം നമ്മുടെ വിലാസത്തില്‍ എത്താനുള്ള സമയം ആകുമ്പോള്‍ ദല്‍ഹി കസ്റ്റംസ് ഓഫീസര്‍ എന്ന രീതിയില്‍ ഒരു കാള്‍ വരും.
തുടര്‍ന്ന് നിങ്ങളുടെ പേരില്‍ നികുതി അടക്കാതെ വന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കസ്റ്റംസ് പിടിച്ചിട്ടുണ്ടെന്നും, ഉടന്‍ നികുതി തുക അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നല്‍കി സാധനങ്ങള്‍ കൈപ്പറ്റണം എന്നൊക്കെയായിരിക്കും ഫോണില്‍ നിങ്ങളോട് ആവശ്യപ്പെടുക. അതില്‍ വീണാല്‍ നിങ്ങളുടെ പണം നഷ്ടമാകും എന്നല്ലാതെ മറ്റൊരു മെച്ചവും ഉണ്ടാകില്ലെന്നും പൊലീസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
റോളക്‌സില്‍ വീഴാത്ത നരനും ഡയമണ്ടില്‍ വീഴാത്ത നാരിയും ഇങ്ങ് കേരളത്തിലുണ്ടെന്ന് നമുക്ക് തെളിയിക്കണം.. അല്ല പിന്നെ..
ഇതൊന്ന് ശ്രദ്ധിക്കണേ..
വിദേശ പൗരന്മാരുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമാണ്. ഏതെങ്കിലും മേഖലയില്‍ ഉന്നത ഉദ്യോഗസ്ഥനാണെന്നും, ധനികനാണെന്നും ഒറ്റ നോട്ടത്തില്‍ ധാരണ ഉണ്ടാക്കുന്ന തരത്തിലായിരിക്കും തട്ടിപ്പുകാര്‍ സമൂഹമാധ്യമങ്ങളില്‍ വിദേശികളുടെ പേരില്‍ പ്രൊഫൈലുകള്‍ ക്രീയേറ്റ് ചെയ്യുന്നത്. അവരുടെ റിക്വസ്റ്റ് സ്വീകരിച്ചാല്‍ വളരെ മാന്യമായി ഇടപഴകി നമ്മോട് അടുത്ത സൗഹൃദം സ്ഥാപിക്കും. അടുത്ത സുഹൃത്തായി അംഗീകരിച്ചു കഴിഞ്ഞെന്നു മനസിലായാല്‍ അവരുടെ അടുത്ത നീക്കം നമ്മുടെ വിലാസത്തില്‍ സമ്മാനം അയച്ചു നല്‍കാമെന്നോ, നമ്മളെ കാണാന്‍ വരാമെന്നോ ആയിരിക്കും.
വിലകൂടിയ സമ്മാനങ്ങള്‍ നിങ്ങളുടെ വിലാസം എഴുതി പാക്ക് ചെയ്യുന്ന ഫോട്ടോകള്‍ വരെ അവര്‍ നിങ്ങള്‍ക്ക് അയച്ചു തന്നേക്കാം. തട്ടിപ്പ് ആരംഭിക്കുന്നത് പിന്നെയാണ്. സമ്മാനം നമ്മുടെ വിലാസത്തില്‍ എത്താനുള്ള സമയം ആകുമ്പോള്‍ ദല്‍ഹി കസ്റ്റംസ് ഓഫീസര്‍ എന്ന രീതിയില്‍ നിങ്ങളുടെ ഫോണിലേക്ക് ഒരു കാള്‍ വരും. നിങ്ങളുടെ പേരില്‍ നികുതി അടക്കാതെ വന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ കസ്റ്റംസ് പിടിച്ചിട്ടുണ്ടെന്നും, ഉടന്‍ നികുതി തുക അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു നല്‍കി സാധനങ്ങള്‍ കൈപ്പറ്റണം എന്നൊക്കെയായിരിക്കും ഫോണില്‍ നിങ്ങളോട് ആവശ്യപ്പെടുക. അതില്‍ വീണാല്‍ നിങ്ങളുടെ പണം നഷ്ടമാകും എന്നല്ലാതെ മറ്റൊരു മെച്ചവും ഉണ്ടാകില്ലെന്ന് പ്രത്യേകം പറയണ്ടല്ലോ…?
Content Highlight: Kerala police alert about Fake Profiles