| Wednesday, 31st January 2018, 2:15 am

വ്യത്യസ്ത ജനകീയ സമരങ്ങള്‍; ഒരേ പൊലീസ് കഥകള്‍! കേരള പൊലീസ് ജനകീയ സമരങ്ങളോട് ചെയ്യുന്നതെന്ത്?

ആര്യ. പി

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള പൊലീസ് ശ്രമങ്ങള്‍ക്ക് സമരങ്ങളോളം തന്നെ ആയുസ്സുണ്ടെന്നാണ് ഒരു പക്ഷം. വിവിധ സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുമ്പോഴും ജനകീയ സമരങ്ങളോടുള്ള സമീപനങ്ങളില്‍ വലിയ വ്യത്യാസമില്ലെന്നാണ് വിവിധ സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തില്‍ നടന്ന സമരങ്ങളോടുള്ള പൊലീസിന്റെ സമീപനമാണ് ഇവിടെ പരിശോധിക്കുന്നത്. സമരങ്ങള്‍ക്ക് മാവോയിസ്റ്റ് മുഖം നല്‍കിയും സമരക്കാരെ തീവ്രവാദികളാക്കിയും കള്ളക്കേസുകളില്‍ കുടുക്കിയുമാണ് ഓരോ സമരങ്ങളേയും പൊലീസും ഭരണകൂടവും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നതെന്ന് പറയുകയാണ് വിവിധ സമരസമിതി പ്രവര്‍ത്തകര്‍.

വടയമ്പാടി സമരം

വടയമ്പാടിയിലെ ജാതിമതില്‍ വിരുദ്ധ സമരത്തെ തകര്‍ക്കാന്‍ പൊലീസ് ആസൂത്രിത നീക്കം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സമരക്കാര്‍ക്കെതിരെയും സമരസഹായ സമിതി പ്രവര്‍ത്തകര്‍ക്കെതിരെയും കള്ളക്കേസ് ചുമത്തി പീഡിപ്പിക്കുന്നതായും രണ്ട് മാധ്യമപ്രവര്‍ത്തകരടക്കം നാല് പേര്‍ക്കെതിരെ കേസെടുത്തത് ഇതിന്റെ ഭാഗമായാണെന്നും ആരോപണമുയര്‍ന്നു.

ഇക്കാര്യം ശരിവെച്ചാണ് അന്ന് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരും ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. “”വടയമ്പാടി സമരത്തെ തകര്‍ക്കാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമാണ് തങ്ങളുടെ അറസ്റ്റെന്ന് സംശയമുണ്ട്. സമരം തകര്‍ത്തേ പറ്റൂവെന്നാണ് പൊലീസ് തങ്ങളോട് പറഞ്ഞത്””- സമരം റിപ്പോര്‍ട്ടു ചെയ്യവെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയും, അനന്തു രാജഗോപാലും പറയുന്നു.

“ഈ കേസില്‍ നിന്നെയല്ല പെടുത്താനുദ്ദേശിച്ചത്, വേറെ പലരെയുമാണ്. നീ ഇതില്‍ പെട്ടു. ഞങ്ങള്‍ക്ക് ഈ സമരത്തെ തകര്‍ത്തേ പറ്റൂ…” എന്നാണ് പുത്തന്‍കുരിശ് എസ്.ഐ തുടര്‍ന്ന് സംസാരിച്ചതെന്ന് അഭിലാഷ് പറയുന്നു. ദളിതര്‍ സമരം ചെയ്യുന്നതിനോടുള്ള അസഹിഷ്ണുതയാണ് സമരത്തോടുള്ള പൊലീസിന്റെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് അഭിലാഷ് പടച്ചേരി വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 എന്ന വകുപ്പാണ് പൊലീസ് തങ്ങള്‍ക്കെതിരെ എടുത്തത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുക, പൊലീസുകാരെ മര്‍ദ്ദിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഈ വകുപ്പിനു കീഴിലുള്ളത്. എന്നാല്‍ മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഈ വകുപ്പില്‍ വരാത്ത മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറഞ്ഞത്.

“രാത്രിയില്‍ എത്തിയ എബി എന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 എന്ന വകുപ്പ് ഉണ്ടെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഈ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് പറഞ്ഞു. അസഭ്യം പറഞ്ഞുകൊണ്ടാണ് പിന്നീട് എന്നോട് ഒപ്പിടാന്‍ പറഞ്ഞത്. പൊലീസ് എഴുതിപ്പിടിപ്പിച്ച കാര്യങ്ങളാണ് എന്റെ മൊഴി എന്ന രൂപത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ നിര്‍ബന്ധപൂര്‍വ്വം ഒപ്പിടീക്കാനാണ് അവര്‍ ശ്രമിച്ചത്.” അഭിലാഷ് പറയുന്നു.

“ആരെയെങ്കിലും ഒരാളെ ഈ സമരത്തിനിടയില്‍ കുടുക്കണമെന്നേയുണ്ടായിരുന്നുള്ളൂ. അതിപ്പം നിങ്ങളായിപ്പോയി എന്നേയുള്ളൂ” എന്നാണ് പൊലീസുകാരന്‍ അനൗദ്യോഗികമായി തങ്ങളോട് പറഞ്ഞതെന്ന് അനന്തുവും വെളിപ്പെടുത്തുന്നു. സമരത്തിനെതിരെ മാവോയിസ്റ്റ് ആരോപണം കൂടി ഉയര്‍ത്താമെന്ന നിലയിലാവാം അവര്‍ തങ്ങള്‍ക്കുമേല്‍ അത്തരമൊരു ആരോപണം ഉയര്‍ത്തിയതെന്ന സംശയവും അനന്തു പറയുന്നു.

സമര നേതാവ് കൂടിയായ കെ.പി.എം.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റായ ശശിധരനെ പൊലീസ് അകാരണമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സമരസമിതി ആരോപിക്കുന്നു.

മാവോയിസ്റ്റ് ബന്ധമുള്ള സംഘടനകള്‍ക്ക് സമരവുമായി ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വടയമ്പാടിയിലെ സമരം പൊലീസ് അടിച്ചമര്‍ത്തിയതെന്ന് ശശിധരന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. ജനാധിപത്യപരമായി നടന്ന പല സമരവും അടിച്ചമര്‍ത്തപ്പെട്ടത് ഇത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞുകൊണ്ടാണെന്നും മുത്തങ്ങ, വൈപ്പിന്‍ ഉള്‍പ്പെടെ ഏത് സമരങ്ങള്‍ എടുത്ത് പരിശോധിച്ചാലും അടിച്ചമര്‍ത്തിയത് മാവോയിസ്റ്റ് ബന്ധം പറഞ്ഞുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു.

“” സമരസമിതിയുടെ ചിന്താഗതിയെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഈ വിഷയത്തില്‍ പൊലീസ് ഇടപെട്ടിട്ടുള്ളത്. പൊലീസും എ.ഡി.എമ്മും കളക്ടറും ഈ സമരം തകര്‍ക്കാന്‍ വേണ്ടി എന്‍.എസ്.എസിനൊപ്പം നിന്നുകൊണ്ട് കേരളത്തിലെ പട്ടികജാതി വിഭാഗങ്ങളെ മുഴുവന്‍ തച്ചുതകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

അത് വടയമ്പാടിയിലെ ദളിതര്‍ക്ക് വേണ്ടിയുള്ള മതില്‍ മാത്രമായിരുന്നില്ല. അത് കേരളത്തിലെ മുഴുവന്‍ പട്ടികജാതി വിഭാഗക്കാരേയും എതിര്‍ക്കുന്ന തരത്തിലുള്ള വലിയ മതിലായിരുന്നു. തമിഴ്‌നാട്ടില്‍ ജാതി മതില്‍ പൊളിച്ചത് സി.പി.ഐ.എം ആയിരുന്നു. ഇവിടെ ജാതിമതില്‍ പൊളിക്കാന്‍ സി.പി.ഐ.ഐം തയ്യാറായില്ല എന്ന് മാത്രമല്ല ജാതിമതില്‍ സമരത്തെ സി.പി.ഐ.എം തള്ളിപ്പറയുകയുമുണ്ടായി. സമരങ്ങളെ ഭയക്കുന്നത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപാര്‍ട്ടികളാണ്. രാഷ്ട്രീയപാര്‍ട്ടികളിലൂടെ അധികാരത്തിലെത്തുന്ന ഭരണാധികാരികളും യഥാര്‍ത്ഥത്തില്‍ സമരങ്ങളെ ഭയക്കുന്നു എന്നു വേണം പറയാന്‍.””- ശശിധരന്‍ പറയുന്നു.

വടയമ്പാടിയിലെ ജാതിമതില്‍ വിരുദ്ധ സമരവും പൊലീസ് ഭാഷ്യവും

ഏഴുപതിറ്റാണ്ടായി വടയമ്പാടിയിലെ ദളിത് കോളനികളിലെ ജനങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന മൈതാനം പട്ടയമുണ്ടാക്കി എന്‍.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതില്‍ പണിതതിനുമെതിരെയായിരുന്നു വടയമ്പാടിയില്‍ ദളിത് ഭൂ അവകാശമുന്നണിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ച് സമരം തുടങ്ങിയത്.

മൈതാനത്തിന് മുന്നില്‍ കുടില്‍ കെട്ടി സമരമാരംഭിക്കുകയും കഴിഞ്ഞ അംബേദ്ക്കര്‍ ജന്മദിനത്തില്‍ മൈതാനത്തിന് ചുറ്റും കെട്ടിയ മതില്‍ സമരക്കാര്‍ പൊളിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിവിധ തുറകളില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് മൈതാനം പൊതു ഉടമസ്ഥതയിലാക്കാന്‍ തീരുമാനിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.

ഭജനമഠം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് സമരപന്തല്‍ പൊളിച്ച് നീക്കണമെന്ന് കാണിച്ച് എന്‍.എസ്.എസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. അധികൃതര്‍ ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ഇതോടെ ദളിത് ഭൂസമര മുന്നണി സമരപന്തലില്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു. സമരം തുടരവേയാണ് ഇക്കഴിഞ്ഞ 21 തിയതി പുലര്‍ച്ചെ 5. 30ഓടെ പുത്തന്‍കുരിശ് സി.ഐ സാജന്‍ സേവ്യറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തുകയും സമരപന്തല്‍ പൊളിച്ച് നീക്കുകയും ചെയ്തത്.

പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ച സമരസമിതിയിലെ എട്ടു പേരെയും സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റു ചെയ്തുകൊണ്ടായിരുന്നു പൊലീസിന്റെ നടപടി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ എന്‍.എസ് എസ് കരയോഗം അവിടെ ഒരു പുതിയ വഴി വെട്ടുകയും മൈതാനത്തിലേയ്ക്ക് കയറുന്നതിന് പടവുകള്‍ നിര്‍മ്മിക്കുകയും അവിടെ ഭജനമഠം ദേവീ ക്ഷേത്രം എന്ന് പേരെഴുതിയ ഒരു കമാനം സ്ഥാപിക്കുകയുമായിരുന്നു.

വടയമ്പാടി ഭജനമഠത്തെ ദളിത് ഭൂ അവകാശ സമരവുമായി ബന്ധപ്പെട്ട് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന പറഞ്ഞായിരുന്നു പൊലീസ് വ്യാപക പരിശോധന തുടങ്ങിയത്. മേഖലയില്‍ സായുധ പൊലീസിനെ വിന്യസിക്കുകയും ചെയ്തിരുന്നു.

“”സമീപത്തെ വീടുകളില്‍ പരിചയക്കാരല്ലാത്ത നിരവധി പേര്‍ താമസിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള നീക്കമാണ് തങ്ങള്‍ നടത്തിയത്. സമര വേദിയ്ക്കടുത്തു നിന്നും മാവേയിസ്റ്റുകളെന്നു സംശയത്താല്‍ രണ്ട് പേരെ പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ ചിറക്കുണ്ടില്‍ അഭിലാഷ്(28), മൂവാറ്റുപുഴ വൈശാഖം അനന്തു(22), വടയമ്പാടി ഐവേല്‍ ശശിധരന്‍(41) എന്നിവരെ പൊലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് അറസ്റ്റ് ചെയ്തത് “”- പൊലീസ് പറയുന്നു.

അതേസമയം സമരത്തിന് പുറത്തുനിന്നുള്ള ചില ശക്തികളുടെ പിന്തുണയുണ്ട് എന്ന് വരുത്തിത്തീര്‍ത്ത് ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി പൊലീസ് നാളുകളായി സ്വീകരിച്ചുവരുന്നതാണെന്നാണ് അനന്തുവിന്റെ പിതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ രാജഗോപാല്‍ ഡൂള്‍ന്യൂസിനോട് പങ്കുവെച്ചത്.

“ഏതെങ്കിലും സമരം പ്രത്യേകിച്ച് ജനാധിപത്യമായി നടത്തുന്ന സമരമാണെങ്കില്‍, അത് ഏത് സര്‍ക്കാറിന്റെ കാലത്തായാലും പൊലീസ് സ്വീകരിക്കുന്ന ഒരു സ്ഥിരം പാറ്റേണുണ്ട്. പുറത്തുനിന്നുള്ള ഇടപെടലാണ് സമരത്തിന്റെ പ്രശ്നം എന്നു പറഞ്ഞ് ആ സമരത്തിനെ തച്ചുടക്കുകയെന്നുള്ളതാണ് അത്. ആ പൊലീസ് പാറ്റേണ്‍ തന്നെയാണ് ഇവിടെയും ഉണ്ടാക്കിയത് എന്നുവേണം സംശയിക്കാന്‍. ഇവര്‍ ജയിലിലേക്കു കൊണ്ടുപോകും വഴി ഒരു സീനിയര്‍ ഓഫീസര്‍ അവരോട് പറഞ്ഞത് ഞങ്ങളൊരു ട്രാപ്പിട്ടതാണ്, പാവം കുട്ടികളായ നിങ്ങളാണ് പെട്ടുപോയത് എന്നാണ്.” അദ്ദേഹം വിശദീകരിച്ചു.

സമരത്തെ പിന്തുണയ്ക്കുന്നവരെ ബലിയാടാക്കി ജാതീയ വിവേചനത്തിനെതിരായ സമരം പൊളിക്കാന്‍ പൊലീസ് ശ്രമം നടത്തുകയാണെന്നാണ് സമരസമിതി ആരോപിക്കുന്നത്. സമര സമിതി നേതാവും കെ.പി.എം.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ ശശിധരനെ
പൊലീസ് അകാരണമായി മര്‍ദിച്ച് കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നുമാണ് സമരസമിതിയുടെ ആരോപണം. സമരസഹായ സമിതി പ്രവര്‍ത്തകനായ വി.കെ ജോയിയെ വ്യാജപരാതി എഴുതിവാങ്ങി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുത്തത് ഗൂഢാലോചനയുടെ തെളിവാണെന്നും സമരസമിതി ആരോപിക്കുന്നു.

നഴ്‌സിങ് സമരം

പോയവര്‍ഷങ്ങളില്‍ കേരളം കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു നഴ്‌സിങ് സമരം. മിനിമം വേതനം നടപ്പാക്കുക, ഡ്യൂട്ടി സമയം കുറയ്ക്കുക, ഇ.എസ്.ഐ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ വിവിധ ആശുപത്രിയിലെ നഴ്‌സുമാര്‍ രംഗത്തെത്തിയപ്പോള്‍ അതിന് നേരെ അധികനാള്‍ മുഖം തിരിക്കാന്‍ സര്‍ക്കാരിനും കഴിഞ്ഞില്ല.

ഏറെ നാള്‍ നീണ്ട ചര്‍ച്ചകള്‍ക്കും സമര പ്രതിഷേധത്തിനും പിന്നാലെ നഴ്‌സുമാരുടെ മിനിമം വേതനം 20000 രൂപയാക്കി നിശ്ചയിച്ചായിരുന്നു സര്‍ക്കാര്‍ സമരം പരിഹരിച്ചത്. എന്നാല്‍ സമരം ചെയ്ത നഴ്‌സുമാരെ പുറത്താക്കിക്കൊണ്ടും സസ്‌പെന്‍ഡ് ചെയ്തും പല മാനേജുമെന്റുകളും നടപടി സ്വീകരിച്ചു. മാത്രമല്ല നഴ്‌സിങ് രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് വര്‍ഗീയ മുഖം നല്‍കാനുള്ള ശ്രമങ്ങളും ഇക്കാലയളവിനുള്ളില്‍ ഉണ്ടായിരുന്നു.

ആദ്യഘട്ടം മുതല്‍ തന്നെ ഇത്തരമൊരു ശ്രമം ആരംഭിച്ചിരുന്നു. ആലപ്പുഴയിലെ കെ. വേലായുധന്‍ മെമ്മോറിയല്‍ ആശുപത്രിയിലെ സമരത്തിനെതിരെയായിരുന്നു ആദ്യ നീക്കം. 2017 ഒക്ടോബറിലായിരുന്നു ഇവിടെ സമരം നടന്നിരുന്നത്.

ജിഹാദികള്‍ പിന്തുണച്ച നഴ്സിങ് സമരം കാരണം ഒരു ഹിന്ദു ആശുപത്രി കൂടി പൂട്ടി, ആലപ്പുഴയിലെ ശ്രീനാരായണീയരുടെ അഭിമാനമായിരുന്ന കെ. വേലായുധന്‍ മെമ്മോറിയല്‍ ആശുപത്രി നഴ്സുമാരുടെ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടുകയാണ്, ഈഴവരുടെ വിരലിലെണ്ണാവുന്ന ഹോസ്പിറ്റലുകളില്‍ ഒന്നിനുകൂടു താഴുവീഴുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു നഴ്സസ് സമരത്തെ വര്‍ഗീയവത്കരിച്ചുകൊണ്ടുള്ള ചിലരുടെ പ്രചരണം. നഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഫോട്ടോയടക്കം ഉള്‍പ്പെടുത്തിയായിരുന്നു ഇത്തരം വര്‍ഗീയ പ്രചരണം.

ഇതിനെതിരെ യൂനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. യു.എന്‍.എ എന്ന തങ്ങളുടെ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നതില്‍ ഹിന്ദുവും ക്രിസ്ത്യനും മുസല്‍മാനും ഉണ്ടെന്നും ഒരു മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വേഷമണിഞ്ഞല്ല തങ്ങള്‍ സംഘടിച്ചതെന്നും വ്യക്തമാക്കിക്കൊണ്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി ജിതിന്‍ ലോഹി രംഗത്തെത്തിയിരുന്നു.

“”ഹക്കിമിന്റെ മദറിലും, അച്ചായന്മാരുടെ എല്‍.എഫിലും, യുസഫ് അലിയുടെ ലേക്ഷോറിലും, ഫസല്‍ ഗഫൂറിന്റെ എം.ഇ.എസ്സിലും, ഹുസ്സൈന്‍ കോയ തങ്ങളുടെ മാനേജ്മന്റ് അസോസിയേഷനോടും നീതിയ്ക്ക് വേണ്ടി പോരാടുന്നത് ഇതേ ജാസ്മിന്‍ഷായും യു.എന്‍.എയും തന്നെയാണ്.

ജാസ്മിന്‍ഷാ എന്ന ഒരു വ്യക്തിയെ കാണിച്ചുകൊണ്ട് നഴ്സിംഗ് മുന്നേറ്റങ്ങള്‍ക്ക് വര്‍ഗീയ വേഷം നല്‍കി അങ്ങ് ഒതുക്കി കളയാന്‍ താന്‍ അച്ചാരം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് അങ്ങ് കെ.വി.എം മുതലാളിയ്ക് തിരിച്ചു കൊടുത്തേക്ക്. താങ്കള്‍ അരി തന്നെയാണ് കഴിക്കുന്നതെങ്കില്‍ കഴിഞ്ഞ രണ്ട് മാസമായി സമരം ചെയുന്ന സഹോദരിമാരുടെ അടുത്തുപോയി സമരവും അതുണ്ടാവാനുള്ള കാരണവും അനേഷിക്കൂ. അവിടെ സമരമിരിക്കുന്ന 80 ശതമാനം പേരും നിങ്ങള്‍ ഈ പ്രചരിപ്പിക്കുന്ന മതവിഭാഗത്തിലെ നഴ്സുമാരാണ്. മുതലാളിയുടെ മൂഡ് താങ്ങി വര്‍ഗീയ പോസ്റ്റ് ഇറക്കുന്നതിന് മുന്‍പേ അനാവശ്യമായി പുറത്താക്കിയവരെ തിരിച്ചെടുക്കുകയാണ് വേണ്ടത്”” -ഇങ്ങനെയായിരുന്നു ജിതിന്‍ ലോഹിയുടെ പ്രതികരണം.

കൊച്ചി അമൃത ആശുപത്രിയില്‍ നഴ്‌സ് പീഡിപ്പിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നതിനെതിരെയും ജാസ്മിന്‍ ഷാക്കെതിരെ നവമാധ്യമങ്ങളില്‍ ഹിന്ദു സംരക്ഷണ വേദിയുടെ പേരില്‍ ഉള്‍പ്പെടെ വര്‍ഗീയ പ്രചരണം നടന്നിരുന്നു. ജാസ്മിന്‍ ഷാ ബിഗ് ന്യൂസ് എന്ന വാര്‍ത്ത മാധ്യമത്തിന്റെ ഡയറക്ടറാണെന്നും അമൃത ആശുപത്രിക്കെതിരെ വ്യാജപ്രചരണം നടത്തുന്നത് ജാസ്മിന്റെ നേതൃത്വത്തിലാണെന്നുമായിരുന്നു പ്രചരണം.

എന്നാല്‍ നഴ്‌സിങ് സമരത്തില്‍ ഭരണകൂട ഭീകരതയോ പൊലീസ് ഭീകരതയോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും യഥാര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ നേതൃത്വത്തിലാണ് വര്‍ഗീയപരമായിട്ടുള്ള പ്രചരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിട്ടുള്ളതെന്ന് ജാസ്മിന്‍ ഷാ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”നഴ്‌സിങ് സമരത്തിനിടെ ഭരണകൂട ഭീകരത ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. മാത്രമല്ല പൊലീസ് ഏറ്റവും കൂടുതല്‍ സംയമനത്തോടുകൂടി നേരിട്ടുള്ളത് നമ്മളെയാണ്. ഞങ്ങളുടെ സമരത്തിന് നേരെ ലാത്തിച്ചാര്‍ജ് ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ മുതലാളിത്തത്തിന്റെ വലിയ ആക്രമണം ഉണ്ടായിരുന്നു. മത സാമുദായിക സംഘടനകളാണ് കേരളത്തിലെ ആശുപത്രികള്‍ വലിയൊരു വിഭാഗം നടത്തുന്നത്. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്‌ലീമായാലും അവരുടെ മതവിഭാഗങ്ങളില്‍പ്പെട്ട ആശുപത്രിയില്‍ പ്രശ്‌നങ്ങള്‍ നടക്കാറുണ്ട്. ഇതിനെതിരെ നമ്മള്‍ പ്രതികരിച്ചു കഴിഞ്ഞാല്‍ അത് അവരുടെ സ്ഥാപനത്തിന് നേരെയുള്ള അക്രമമായിട്ട് എടുക്കുക.

അല്ലെങ്കില്‍ നമ്മള്‍ ഇടപെടുമ്പോള്‍, അത് മുസ്‌ലീം ആശുപത്രിയാണെങ്കില്‍ അവര്‍ പറയും ഞങ്ങള്‍ ഹിന്ദു തീവ്രവാദികളാണെന്ന്. ഹിന്ദു ആശുപത്രിയാണെങ്കില്‍ പറയും മുസ്‌ലീം തീവ്രവാദികളാണ് മാവോയിസ്റ്റുകളാണ് എന്നൊക്കെ. ക്രിസ്ത്യന്‍ ആശുപത്രികളാണെങ്കില്‍ അവര്‍ പറയുന്നത് നമ്മള്‍ ക്രിസ്ത്യന്‍ വിരോധികളും നക്‌സലൈറ്റുകളും ആണെന്നാണ്.

മാനേജുമെന്റിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള വലിയ പ്രചരണം ഉണ്ടാവാറുണ്ട്. നമ്മുടെ ആളുകളെ ആക്രമിക്കുക, കള്ളക്കേസില്‍ കുടുക്കുക, തുടങ്ങിയവയാണ് മുതലാളിത്തത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്രമണങ്ങള്‍. എന്നാല്‍ മാനേജ്‌മെന്റ് കള്ളക്കേസില്‍ കുടുക്കിയാല്‍ പോലും പൊലീസ് നമുക്ക് അനുകൂലമായിട്ട് നിലപാടെടുക്കാറാണ് പതിവ്. ഇത് ഒരു തൊഴില്‍ പ്രശ്‌നം ആയതുകൊണ്ടാവാം. എന്നാല്‍ അധികാരികള്‍ പലപ്പോഴും അതില്‍ നിസ്സംഗരാവാറുണ്ട്. പലപ്പോഴും അനുകൂലിക്കാതെയോ പ്രതികൂലിക്കാതെയോ ഇരിക്കുന്നത് പതിവാണ്””- ജാസ്മിന്‍ ഷാ പറയുന്നു.

മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം

കോഴിക്കോട് ജില്ലയിലെ എരഞ്ഞിമാവ്. 2017 നവംബര്‍ 2 ന് ഗെയില്‍ പദ്ധതിക്കെതിരായി നടന്നു വരുന്ന സമരം അക്രമാസക്തമാവുന്നു. സമരക്കാരും പൊലീസും തെരുവില്‍ മണിക്കൂറോളം ഏറ്റുമുട്ടുന്നു.

ജനവാസ മേഖലകളിലൂടെ പൈപ്പ് ലൈന്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് സമരസമിതി ഉറച്ചനിലപാടെടുത്തതോടെയാണ് മലപ്പുറം കോഴിക്കോട് ജില്ലയില്‍ പദ്ധതി വഴിമുട്ടിയത്.

പ്രതിഷേധം വകവെക്കാതെ പൈപ്പിടായി ഗെയില്‍ അധികൃതര്‍ എത്തിയതോടെയായിരുന്നു നാട്ടുകാര്‍ സംഘടിച്ചത്. എന്നാല്‍ സമരക്കാരുടെ ഇടയിലേക്ക് പൊലീസിനെ ഇറക്കിവിട്ട് സമരത്തെ അടിച്ചൊതുക്കുന്ന സമീപനമായിരുന്നു പൊലീസ് സ്വീകരിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു.
സമരം തര്‍ക്കാനുള്ള ഗൂഢാലോചനയാണ് പൊലീസ് ക്രൂരതയെന്നും സമരസമിതി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”എരഞ്ഞിമാവില്‍ സമരപന്തല്‍ പൊളിച്ചു നീക്കുകയും സമരം ചെയ്തവരെ അറസ്റ്റു ചെയ്യുകയും ചെയ്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും അറസ്റ്റു ചെയ്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും പൊലീസ് സ്റ്റേഷനു മുന്നിലെത്തിയവരെയാണ് പൊലീസ് മര്‍ദ്ദനത്തിന് ഇരയാക്കിയത്. എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ എ.സി മൊയിന്‍കുട്ടി, സമരസമിതി നേതാക്കള്‍ തുടങ്ങിയവര്‍ മുക്കം പൊലീസ് സ്റ്റേഷനുള്ളിലും നൂറുകണക്കിന് പ്രദേശ വാസികള്‍ പൊലീസ് സ്റ്റേഷനു മുന്നിലുമായി ഒത്തുകൂടിയ സമയത്താണ് പൊലീസിന്റെ അക്രമം നടന്നത്. സമരസമിതിയില്‍ ആരും ആയുധങ്ങളോ കല്ലുകളോ ആയിട്ടല്ല സ്റ്റേഷനിലേക്ക് പോയത്. ഞങ്ങള്‍ക്കൊപ്പം എം.പിയുമുണ്ടായിരുന്നു. എം.പിക്കൊപ്പം പോകുമ്പോള്‍ ആരെങ്കിലും ആയുധവുമായി പോകുമോ?””-സമരസമിതി ലീഗല്‍ സെല്‍ ചെയര്‍മാന്‍ വി.ടി പ്രദീപ് കുമാര്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

തീവ്രവാദ സ്വഭാവമുള്ള സംഘടന എന്ന് പൊലീസ് പറഞ്ഞത് എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലായിട്ടില്ല. പങ്കെടുത്തവരില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുമുള്ള ആള്‍ക്കാരുമുണ്ട്. മലപ്പുറത്ത് നിന്ന് പ്രത്യേകം എത്തിയെന്നൊന്നും പറയാന്‍ കഴിയില്ല. കാരണം ഇത് എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ലൈനാണ്. ഈ ലൈനില്‍ എവിടെ സമരം നടക്കുമ്പോഴും എല്ലായിടത്തുമുള്ള ആള്‍ക്കാരും പരസ്പരം എത്തിച്ചേരാറുണ്ട്. അല്ലാതെ കോഴിക്കോട് ജില്ലയില്‍ സമരം നടക്കുകയാണെങ്കില്‍ മുക്കം പഞ്ചായത്തിലെ മാത്രം ആളുകളെ ഉപയോഗിച്ച് സമരം ചെയ്യാന്‍ കഴിയില്ല.

അതുകൊണ്ട് തന്നെ മുക്കം പഞ്ചായത്തിലേക്ക് അടുത്ത ജില്ലയില്‍ നിന്നും ആളുകള്‍ എത്തിച്ചേരുക എന്നത് സ്വാഭാവികം മാത്രമാണ്.എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും ഇന്നോ ഇന്നലെയോ സമരത്തിന് എത്തിയതല്ല. അവര്‍ തുടക്കം മുതലേ സമരത്തിന് പിന്തുണയുമായി ഉണ്ട്. സമരം തുടങ്ങിയ കാലം മുതലേ സി.പി.ഐ.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സഹായവുമായി രംഗത്തുണ്ട്. ഈ സമരത്തെ വഴിതിരിച്ച് വിടുന്നതിന് വേണ്ടിയാണ് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ചില ആളുകള്‍ സമരത്തിന് തീവ്രവാദ സ്വഭാവം ചാര്‍ത്തി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഭാഷ്യം

മുക്കത്ത് ഗെയില്‍ പൈപ്പ് ലൈനിനെതിരെ നടന്ന സമരത്തില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് പങ്കുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മലപ്പുറത്തെ തീവ്രസ്വഭാവമുള്ള സംഘടനകള്‍ സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയെന്നാണ് നിഗമനം. പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കും അന്വേഷണ വിധേയമാക്കുന്നുണ്ട്.

സമരത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെ കീഴുപറമ്പില്‍ നിന്ന് വരെ ആളുകള്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആ വഴിക്ക് വ്യാപിപ്പിക്കുന്നത്. ഇവര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചിരുന്നു.

ആളുകളെ ഭയപ്പെടുത്തിയും ചിലര്‍ സമരത്തില്‍ പങ്കെടുപ്പിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടായപ്പോള്‍ ഇവര്‍ രക്ഷപ്പെട്ടതായാണ് വിവരം ഗെയിലിന്റെ ഉദ്യോഗസ്ഥരെ മര്‍ദിച്ചവരെ വെറുതേ വിടണമെന്നാവശ്യപ്പെട്ട് സ്റ്റേഷന്‍ ഉപരോധിച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കി കാര്യങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു അവരുടെ ലക്ഷ്യം. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം ഉള്‍പ്പെടെയാണ് അറസ്റ്റിലായവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.- സംഭവത്തിന് പിന്നാലെ റൂറല്‍ എസ്.പി പുഷ്‌കരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍ നടത്തിയ സമരം

2017 ജനുവരി ആറിന് വൈകീട്ട് പാമ്പാടി നെഹ്‌റു കോളേജ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നു. കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍, കോളജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകള്‍ക്കിടയാക്കി.

ജിഷ്ണുവിന്റെ മരണത്തോടെ സ്വാശ്രയ കോളജ് മാനേജ്‌മെന്റുകള്‍ക്കെതിരെ സംസ്ഥാനത്തു വിദ്യാര്‍ഥി പ്രക്ഷോഭം വ്യാപകമായി. നെഹ്‌റു കോളജ് അടിച്ചു തകര്‍ക്കപ്പെട്ടതോടെ അനിശ്ചിത കാലത്തേക്കു കോളജ് അടച്ചു.

ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജില്‍ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥി-യുവജനപ്രസ്ഥാനങ്ങള്‍ സമരം ശക്തമാക്കി. തുടര്‍ന്നു കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെ പറ്റി അന്വേഷണങ്ങളേറെ നടന്നെങ്കിലും എങ്ങുമെത്തിയില്ല. ഇതിനിടെ അമ്മ മഹിജ നടത്തിയ സമരം കേരളം ഏറെ ചര്‍ച്ച ചെയ്തു.

ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അച്ഛനും അമ്മയും അടക്കമുള്ള കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു നീക്കുകയായിരുന്നു.

ഡി.ജി.പി ഓഫിസിനുമുന്നിലെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇവരെ പൊലീസ് നീക്കിയത്. ഡിജിപി ഓഫിസിനുമുന്നിലെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടില്‍ കുടുംബവും ഉറച്ച നിലപാടെടുക്കുകയായിരുന്നു.

പത്തുമണിയോടെ 16പേരടങ്ങുന്ന സംഘം ഡിജിപി ഓഫിസിനുമുന്നില്‍ എത്തി. സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിനൊടുവില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ വനിതാ പൊലീസ് മഹിജയെ ബലംപ്രയോഗിച്ച് നീക്കി. മഹിജയെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് വാനിലേക്ക് കയറ്റിയത്. കുടുംബാംഗങ്ങളേയും ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു.

എന്നാല്‍ സംഭവത്തില്‍ പൊലീസിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പൊലീസ് നടത്തിയത് കൃത്യനിര്‍വഹണം മാത്രമാണെന്നും ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ ഡി.ജി.പി സന്നദ്ധനായിരുന്നുവെന്നുമായിരുന്നു പിണറായി വിജയന്റെ വാക്കുകള്‍.

ബന്ധുക്കള്‍ മാത്രമല്ല സമരത്തിനെത്തിയതെന്നും തോക്കുസ്വാമി അടക്കമുള്ളവരാണ് ഒപ്പമുണ്ടായിരുന്നും മുഖ്യമന്ത്രി പറയുന്നു. പുറത്തുനിന്നുള്ളവര്‍ സമരസ്ഥലത്തേക്ക് ഇരച്ചുകയറിയെന്നും ഇവരെയാണ് പൊലീസ് തടയാന്‍ ശ്രമിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

അതേസമയം ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരത്തിനിടെ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിച്ചതുകൊണ്ടാണു പൊലീസ് ഇടപെട്ടതെന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകള്‍.

“”സമരം നടത്തുന്നവരുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ സര്‍ക്കാരിലെത്തിക്കലാണ് ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പൊലീസ് സംവിധാനത്തിന്റെ പ്രാഥമികമായ ഉത്തരവാദിത്തം. എന്നാല്‍ ഇവര്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെ പോസിറ്റീവായല്ല കൈകാര്യം ചെയ്യുന്നത്. വേഗത്തില്‍ സമരത്തെ അടിച്ചൊതുക്കാനും സമരത്തെ കളങ്കപ്പെടുത്തുവാനും വേണ്ടി തീവ്രവാദബന്ധം ആരോപിക്കുകയാണ് ചെയ്യുന്നത്. ഒന്നുകില്‍ മാവോയിസ്റ്റ് എന്ന രീതിയിലേക്ക് അല്ലെങ്കില്‍ മുസ്‌ലീം തീവ്രവാദികളാണെന്ന തരത്തില്‍ ചിത്രീകരിക്കുകയാണ് പലപ്പോഴും””.- ജിഷ്ണു പ്രണോയിയ്ക്ക് നീതി ലഭിക്കാന്‍ കുടുംബം നടത്തിയ പോരാട്ടത്തിനു നേതൃത്വം നല്‍കിയ ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ ശ്രീജിത് പറയുന്നു.

“”പ്രതികളെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്ന് മാസത്തോളം ഞങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു സംവിധാനവും നടപ്പിലാക്കാതെ വന്നതോടെയാണ് സമരത്തിന് ഇറങ്ങിയത്. എന്നാല്‍ ഞങ്ങളുടെ സമരം സര്‍ക്കാരിന് എതിരായിരുന്നില്ല. ഭരണകൂട സംവിധാനങ്ങള്‍ക്ക് എതിരെയായിരുന്നു””.- സമരത്തെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു.

അന്ന് സമരത്തിന് എല്ലാവരോടും സഹായം തേടിയിരുന്നു. ഭരണപക്ഷത്തോടുള്ളവരോട് ഉള്‍പ്പടെ. എന്നാല്‍ സമരത്തിന് ആരുടേയും പങ്കാളിത്തം ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നില്ല. സമരത്തെ പിന്തുണയ്ക്കാനും തിരുവനന്തപുരത്ത് അടിസ്ഥാന സൗകര്യമൊരുക്കാനും എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു.

അങ്ങനെയാണ് ദേശീയതലത്തില്‍ തന്നെ സി.പി.ഐ.എം ഇടതുമുന്നണിയില്‍ കക്ഷി ചേരുന്ന എസ്. യു.സി.ഐയുടെ നേതാവും വിദ്യാഭ്യാസ സംഘടനാ പ്രവര്‍ത്തകനുമായ ഷാജിര്‍ഖാനുമായി ബന്ധപ്പെട്ടത്.

ഷാജിര്‍ഖാനോടും ഭാര്യ മിനിയോടും പേഴ്‌സണല്‍ ആയിട്ടാണ് ഞങ്ങള്‍ സഹായം ആവശ്യപ്പെട്ടത്. അത് അങ്ങനെ തന്നെയാണ് അവര്‍ നിര്‍വഹിച്ചതും. അല്ലാതെ സംഘടന ഭാരവാഹികള്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഷാജിര്‍ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

പിന്നീടാണ് ഒരു കുടുംബം മാത്രം നടത്തിയ സമരത്തെ പോലും തീവ്രവാദിയായി ചിത്രീകരിക്കാന്‍ വേണ്ടി ഡി.ജി.പിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പേ അപ്പോയിന്‍മെന്റ് വാങ്ങി മറ്റൊരു ആവശ്യത്തിന് അവിടെ എത്തിയ തോക്ക് സ്വാമിയെന്ന് അറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ ഞങ്ങള്‍ക്കൊപ്പം അറസ്റ്റ് ചെയ്യുന്നത്. ഞങ്ങളുടെ സമരത്തിന് വന്‍ തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞ് ഭരണാധികാരികളെ പൊലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അല്ലാതെ സമരത്തെ ഒരു തീവ്രവാദ സംഘാടനയും ഹൈജാക്ക് ചെയ്തിട്ടില്ലെന്ന് ശ്രീജിത് വിശദീകരിക്കുന്നു.

ഒരു വ്യക്തിയെ എത്ര വേഗം വേണമെങ്കിലും തീവ്രവാദിയാക്കുവാന്‍ പൊലീസിനു കഴിയും. ഉറച്ച നിലപാടെടുക്കുന്നവരെ മാവോയിസ്റ്റ് തീവ്രവാദികളാക്കാനും ഇടതുപക്ഷ തീവ്രവാദികളാക്കാനും വളരെ എളുപ്പത്തിലാണ് പൊലീസ് സംവിധാനം ഉപയോഗിക്കുന്നത്. ഞങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത് അതാണ്. ശ്രീജിത് പറയുന്നു.

ഞങ്ങളുടെ സമരത്തിന്റെ അവസാന ഘട്ടത്തില്‍ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഷാജിര്‍ഖാന്റെ ഫോണ്‍ ശ്രീജിത്തില്‍ നിന്നും കണ്ടെത്തിയല്ലോ? അത് തന്നെയല്ലേ ഇവര്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നത് എന്ന്. ഇതായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ പൊലീസ് ഒരുക്കിയ വലിയൊരു കെണിയായിരുന്നു അത്.

അറസ്റ്റ് ചെയ്ത് തീവ്രവാദിയാക്കി ജയിലിലടയ്ക്കാന്‍ പൊലീസ് ഉണ്ടാക്കിയ കെണിയുടെ ഒരു ഭാഗമാണ് മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണ് പൊലീസ് ഉദ്യോഗസ്ഥര്‍. യഥാര്‍ത്ഥ്യത്തില്‍ ഷാജിര്‍ഖാനേയും ഭാര്യയേയും കസ്റ്റഡിയിലെടുത്ത സമയത്ത് അവരുടെ മൊബൈല്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആ ഫോണ്‍ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഞങ്ങള്‍ നിരാഹാരം തുടരുന്നതിനിടയില്‍ ബെഡ്ഡിനടിയിലോ ബാഗിലോ എവിടെയെങ്കിലും വെച്ചിട്ട് അത് പൊലീസ് സംഘം വന്ന് കസ്റ്റഡിയിലെടുക്കുന്ന ഒരു നാടകമായിരുന്നു അത്.

നാടകം പ്ലാന്‍ ചെയ്ത് ഫോണ്‍ കിട്ടിയെന്ന്പറഞ്ഞ് ഇന്റലിജന്‍സ് വിഭാഗം ആ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൊടുത്തു. പ്ലാന്‍ വിജയിക്കുന്നതിന് മുന്‍പ് തന്നെ അവര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. പക്ഷേ പൊലീസിലെ ചിലര്‍ തന്നെ ഞങ്ങളെ വിവരം അറിയിച്ചു. നാല് ദിവസങ്ങളായി ഞങ്ങള്‍ക്ക് കാവല്‍ നിന്ന പൊലീസുകാര്‍ തന്നെ നേരിട്ട് വിളിക്കാതെ അവിടുത്ത നഴ്‌സിന്റെ ഫോണിലേക്ക് വിളിച്ചു. നിങ്ങള്‍ ശ്രദ്ധിക്കണമെന്നും നിങ്ങളുടേതല്ലാത്ത എന്തെങ്കിലും സാധനങ്ങള്‍ കൈവശമുണ്ടോ എന്ന് പരിശോധന നടത്തണം ഇങ്ങനെ ഒരു നാടകം നടക്കാന്‍ പോകുന്നുണ്ടെന്നും ഞങ്ങള്‍ക്ക് മുന്നറിയിപ്പ് തന്നു.

ഈ ഗൂഢാലോചനക്കേസില്‍ എന്നെപ്പെടുത്തി തെളിവുസഹിതം പിടികൂടി ജയിലിലടക്കാനായിരുന്നു നീക്കം. എന്നാല്‍ എം.എ ബേബി, എ.കെ ബാലന്‍, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും എന്റെ അടുത്ത് എത്തുകയും ആ നീക്കത്തെ പൊളിച്ചുകളയുകയുമായിരുന്നു ചെയ്തത്.

പൊലീസിലെ ഒരു വിഭാഗം ഇപ്പോഴും പഴയ ബ്രിട്ടീഷുകാലത്തെ പൊലീസ് സംവിധാനത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. അവര്‍ ഇടതുപക്ഷമാണെങ്കിലും വലതുപക്ഷമാണെങ്കിലും ഭരണാധികാരികളെ തെറ്റിദ്ധരിപ്പിച്ച് ഇത്തരം വേട്ട തുടരുന്നുണ്ട്.

ജിഷ്ണുവിന്റെ സമരത്തിന് ശേഷമുണ്ടായ നിരവധി സമരങ്ങൡ തീവ്രവാദബന്ധം ആരോപിച്ച് സമരത്തെ പൊളിക്കുന്ന രീതി പൊലീസ് തുടരുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെങ്കിലും ഇത് അവസാനിപ്പിക്കണമെന്ന ആഗ്രഹമാണുള്ളതെന്നും ശ്രീജിത്ത് വിശദീരിക്കുന്നു.

പുതുവൈപ്പിന്‍ സമരം

2017 ജൂണ്‍ 19, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റുമായി ബന്ധപ്പെട്ട് പുതുവൈപ്പില്‍ 120 ദിവസമായി തുടരുന്ന ഉപരോധ സമരം അക്രമാസക്തമാകുന്നു. സമരം അവസാനിപ്പിക്കുന്നതിന് ഉണ്ടാക്കിയ ധാരണകള്‍ ലംഘിച്ചുകൊണ്ട് ഐ.ഒ.സി. പൊലീസ് സംരക്ഷണത്തോടെ തൊഴിലാളികളെ എത്തിച്ചതായിരുന്നു പുതിയ സംഘര്‍ഷത്തിനു കാരണമായത്. പൊലീസ് ലാത്തിച്ചാര്‍ജിലും കല്ലേറിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.

2017 ജൂണ്‍ 17 വെള്ളിയാഴ്ച പുതുവൈപ്പിനിലും നഗരത്തിലും ഉണ്ടായ പൊലീസ് അതിക്രമങ്ങളെ തുടര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിരുന്നു. രാത്രി വൈകി മന്ത്രി മേഴ്സിക്കുട്ടിയമ്മ ബോള്‍ഗാട്ടി പാലസില്‍ ജനകീയ സമരസമിതി നേതാക്കളുമായി ചര്‍ച്ചയും നടത്തി. ഈ ചര്‍ച്ചകളില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ അന്തിമ വിധി വരും വരെ നിര്‍മാണം നിര്‍ത്തിവയ്ക്കാനായിരുന്നു ധാരണയായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ സമരസമിതി താത്കാലികമായി സമരം നിര്‍ത്തുകയും ചെയ്തു. വരാപ്പുഴ അതിരൂപത ശനിയാഴ്ച നടത്താനിരുന്ന പ്രതിഷേധ സംഗമവും മാറ്റി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്ന ദിവസമായതിനാല്‍ ശാന്തമായി ശനിയാഴ്ച കടന്നു പോകുകയും ചെയ്തു.

എന്നാല്‍ ധാരണകള്‍ക്ക് വിരുദ്ധമായി ജൂണ്‍ 18 ഞായറാഴ്ച രാവിലെ അന്യസംസ്ഥാന തൊഴിലാളികള്‍ ജോലിക്കെത്തി. ഇത് തടയാനെത്തിയവരോട്, ഒരു ദിവസം പണി നിര്‍ത്തിവയ്ക്കാന്‍ മാത്രമാണ് നിര്‍ദ്ദേശമുള്ളതെന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന ദിവസം സംഘര്‍ഷം ഒഴിവാക്കാന്‍ കബളിപ്പിക്കുകയായിരുന്നെന്ന വികാരമാണ് സമരക്കാരില്‍ ഉണ്ടായത്. സമരക്കാര്‍ ഐ.ഒ.സി. വളപ്പിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമങ്ങള്‍ സംഘര്‍ഷത്തില്‍ അവസാനിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ത്രീകളടക്കമുള്ളവര്‍ക്കു നേരെ ക്രൂരമായ മര്‍ദനമാണ് പോലീസ് അഴിച്ചുവിട്ടത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് തീരദേശവാസികളെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

കല്ലേറു വന്നെന്നായിരുന്നു കാരണമായി പൊലീസ് പറയുന്നത്. നിര്‍മാണത്തിനായി കൂട്ടിയിട്ടിരുന്ന കല്ലുകള്‍ പൊലീസിനു നേരെ എറിഞ്ഞ് പ്രകോപിപ്പിക്കുകയായിരുന്നെന്ന് സമര സമിതിയും കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച വീണ്ടും ഉപരോധത്തിനെത്തിയ കുട്ടികളെയും സ്ത്രീകളെയും ക്രൂരമായി മര്‍ദിച്ചു കൊണ്ടാണ് പൊലീസ് നേരിട്ടത്. ഇവര്‍ പിന്നീട് സമരം നഗരത്തിലേക്ക് മാറ്റി. ഡി.സി.പി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഹൈക്കോടതി കവലയില്‍ നടത്തിയ മര്‍ദനം വലിയ പ്രതിഷേധത്തിനിടയാക്കി.

പൊലീസ് ഭാഷ്യം

പുതുവൈപ്പിനില്‍ സമരം നടത്തുന്നവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നായിരുന്നു റൂറല്‍ എസ്പി ബേബി ജോര്‍ജിന്റെ വാക്കുകള്‍. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

“”സ്ത്രീകളെയും കുട്ടികളെയും മുന്‍നിര്‍ത്തി സമരം നടത്തുന്നത് ജനങ്ങളെയും പൊലീസിനെയും കബളിപ്പിക്കാനാണ്. സമരത്തിന് പുറത്തു നിന്ന് പിന്തുണ ലഭിക്കുന്നുണ്ട””്- റൂറല്‍ എസ്.പി പറഞ്ഞു.

എന്നാല്‍ 2009 മുതല്‍ വൈപ്പിനില്‍ സമരം തുടരുന്നുണ്ടെന്നും ആ സമയത്തൊന്നും ഉന്നയിക്കാത്ത ആരോപണമാണ് ഇപ്പോള്‍ പൊലീസ് ഉന്നയിച്ചിരുന്നില്ലെന്നുമാണ് വൈപ്പിന്‍ സമരസമിതി ചെയര്‍മാന്‍ ജയഘോഷ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.

“”2017 ജൂണ്‍ 14 ന് പൊലീസ് വന്‍ സന്നാഹത്തോടുകൂടി വന്നിട്ട് ഞങ്ങളെ ആക്രമിച്ചു. സമരപ്പന്തല്‍ പൊളിച്ചു. സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചു. അതിനെതിരെ കേരളത്തില്‍ ജനവികാരം ഉയര്‍ന്നപ്പോള്‍ വാര്‍ത്തകള്‍ ആയപ്പോള്‍ പൊലീസ് ഇറക്കിയ നുണക്കഥയാണ് സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് തീവ്രവാദബന്ധം ഉണ്ട് എന്നത്. സമരനേതാക്കളും പ്രവര്‍ത്തകരും അടക്കം ഏതാണ്ട് 300 ലധികം ആളുകള്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം വിളിച്ച് റൂറല്‍ എസ്.പി ബേബി ജോര്‍ജ് ഇക്കാര്യം പറയുന്നത്””- അദ്ദേഹം വിശദീകരിക്കുന്നു.

“അതിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും പദ്ധതി വരുന്നതിനേക്കാളും ഭേദം ജയിലില്‍ കഴിയുന്നതാണെന്നും ജയിലാണ് സുരക്ഷിതം എന്നതുമായിരുന്നു ഞങ്ങള്‍ പറഞ്ഞത്. അപ്പോള്‍ തങ്ങള്‍ കുഴപ്പമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും വീട്ടിലേക്ക് വിടാം എന്ന നിലപാടാണ് ജഡ്ജി എടുത്തത്. പത്രക്കാരോട് പൊലീസ് പറഞ്ഞ ഒരു ആരോപണവും ഒരു കോടതിയിലും ഉണ്ടായിട്ടില്ല. പൊലീസ് അവരുടെ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രം പറഞ്ഞ കഥയായിരുന്നു ഇത്.”

“”സി.പി.ഐ.എമ്മിന്റെ സൈബര്‍ പോരാളികളാണ് ഈ കഥ പ്രചരിപ്പിച്ചത്. ഈ രാജ്യത്ത് തീവ്രവാദബന്ധമുള്ള ആളുകള്‍ ഉണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് സമരസമിതി പ്രവര്‍ത്തകരല്ല. അതിന് ഉത്തരവാദിത്തപ്പെട്ടത് പൊലീസും ഭരണകൂടവുമാണ്. അവര്‍ അത് അന്വേഷിക്കുകയും നടപടിയെടുക്കുയും ചെയ്യട്ടെ. ഞങ്ങള്‍ക്കതില്‍ പ്രശ്‌നമൊന്നും ഇല്ല. പക്ഷേ എല്ലാ സമരങ്ങളേയും ഇങ്ങനെ ചിത്രീകരിക്കുന്നത് വളരെ നാളുകളായിട്ട് തുടങ്ങിയ രീതിയാണ്. ജനകീയ സമരങ്ങളിലെല്ലാം ഈ പ്രയോഗം നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയസമരങ്ങളില്‍ തീവ്രവാദ ബന്ധമാരോപിച്ച് ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ഗൂഢശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മോദി സര്‍ക്കാരും അതിന് മുന്‍പുള്ള യു.പി.എ സര്‍ക്കാരും ഇത് തന്നെ ചെയ്തിരുന്നു””- ജയഘോഷ് പറയുന്നു.

സമരങ്ങള്‍ക്ക് തീവ്രവാദബന്ധം ആരോപിച്ചാല്‍ അത് വിലപ്പോകുമെന്ന് മനസിലാക്കിയ സുരക്ഷാ ഏജന്‍സികള്‍ ഉത്തരവാദിത്തമില്ലാതെ ഇത്തരത്തില്‍ പറഞ്ഞുകൊടുക്കുകയാണെന്നും ഇത് മാധ്യമങ്ങള്‍ അടക്കം ഏറ്റുപാടുന്നതാണ് ദുഖകരമാണെന്നും ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ ആരോപണം ഉന്നയിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സമരസമിതി പറഞ്ഞു.

അതേസമയം പുതുവൈപ്പിനില്‍ സമരക്കാര്‍ക്കു നേരെ നടന്ന പൊലീസ് നടപടി തെറ്റാണെന്നായിരുന്നു മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെ വാക്കുകള്‍. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

രാഷ്ട്രീയ സ്വഭാവമുള്ള സമരമല്ല പുതുവൈപ്പിനിലേതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.

വൈപ്പിന്‍ സമരത്തിലെ പൊലീസ് അതിക്രമത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. പൊലീസിന് ആരെയും ശിക്ഷിക്കാന്‍ അധികാരമില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യം പറഞ്ഞ് അതിക്രമത്തെ ന്യായീകരിക്കാനാവില്ലെന്നും 2017 ജൂണ്‍ 27ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം പുതുവൈപ്പിനിലെ പോലീസ് നടപടി നരനായാട്ടാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.

പൊലീസ് നടപടിയെ ന്യായീകരിക്കാന്‍ തീവ്രവാദം ആരോപിക്കുകയാണ്. യു.എ.പി.എ. ചുമത്താനുള്ള ശ്രമത്തിന്റെ മുന്നോടിയായിരിക്കാം തീവ്രവാദ ആരോപണം. ഇടതുമുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുകയാണു പൊലീസ് ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുള്ളത് ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്ന് കരുതുന്നവരല്ല. കഴിഞ്ഞ അഞ്ച് വര്‍ഷം യു.ഡി.എഫ്. സര്‍ക്കാരിനെതിരായി നടത്തിയ ജനകീയ സമരങ്ങളാണ് ഈ സര്‍ക്കാരിന്റെ കരുത്ത്.

ഐ.ഒ.സി പ്ലാന്റിന് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശമുണ്ടെങ്കില്‍ എന്തിനാണ് മറൈന്‍ ഡ്രൈവില്‍ പ്രകടനം നടത്തുന്നവരെ പോലീസ് തല്ലിച്ചതയ്ക്കുന്നത്? സ്ത്രീകളെയും കുട്ടികളെയും വലിച്ചിഴച്ച് കൊണ്ടുപോവുകയും പ്രായംചെന്നവരെ ഉള്‍പ്പെടെ പിന്നാലെ ചെന്ന് ലാത്തി ച്ചാര്‍ജ് നടത്തുകയും ചെയ്യുന്നത് എന്തിനാണ്? ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അവസാനിപ്പിക്കാമെന്ന് കരുതരുത്.

ജനസാന്ദ്രതയുള്ള സ്ഥലത്താണ് ഐ.ഒ.സി പ്ലാന്റ് വരുന്നത്. കട്ടിലിനു കീഴില്‍ ബോംബ് വച്ചിട്ട് കിടക്കുന്നതിന് തുല്യമാണ് പുതുവൈപ്പിനിലെ അവസ്ഥ”” കാനം പറഞ്ഞു.

പെമ്പിളൈ ഒരുമൈ സമരം

അടുത്ത കാലത്തായി കേരളത്തില്‍ നടന്ന വലിയൊരു ജനകീയ പ്രക്ഷോഭമായിരുന്നു 2015 സെപ്റ്റംബറില്‍ “പെമ്പിളൈ ഒരുമൈ”യുടെ നേതൃത്വത്തില്‍ മൂന്നാറിലെ തേയില തോട്ടം തൊഴിലാളികള്‍ നടത്തിയ സമരം.

ദീര്‍ഘകാലമായി മാനേജ്മെന്റിന്റെ ചൂഷണത്തിനും മുതലെടുപ്പിനും വിവേചനത്തിനും വിധേയരായ തേയിലത്തോട്ടങ്ങളിലെ ആയിരക്കണക്കിന് വരുന്ന സ്ത്രീ തൊഴിലാളികള്‍ തൊഴിലാളി സംഘടനകളുടെ നേതൃത്വങ്ങളെ വക വെക്കാതെ നടത്തിയ മുന്നേറ്റമായിരുന്നു ആ സമരം. സമരത്തില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും തമിഴ് വംശജരായ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായിരുന്നു.

20 ശതമാനം ബോണസ്, ആശുപത്രി സൗകര്യം, ലയങ്ങളിലെ ശോചനീയാവസ്ഥ പരിഹരിക്കുക, മെച്ചപ്പെട്ട പാര്‍പ്പിടം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കെ.ഡി.എച്ച്.പി. കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഒന്‍പതു ദിവസം നീണ്ട സമരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ തൊഴിലാളികള്‍ അവസാനിപ്പിച്ചു.

തൊഴിലാളികളുടെ ആവശ്യപ്രകാരം 20 ശതമാനം ബോണസ് നല്‍കാന്‍ ധാരണയായി. പിന്നീട് മിനിമം വേതനം 500 രൂപയാക്കാന്‍ വേണ്ടി വീണ്ടും സമരം ചെയ്തെങ്കിലും ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും തൊഴില്‍ മന്ത്രിയുടെ ഇടപെടലിനുമൊടുവില്‍ മിനിമം വേതനം കേവലം 301 രൂപയായാണ് വര്‍ദ്ധിപ്പിച്ചത്. അതോടൊപ്പം നുള്ളേണ്ട തേയിലയുടെ അളവും വര്‍ദ്ധിപ്പിച്ചതിലൂടെ ഫലത്തില്‍ അതൊരു തൊഴിലാളി വിരുദ്ധ ഒത്തുതീര്‍പ്പായി മാറുകയായിരുന്നു.

മാത്രവുമല്ല സമരം ചെയ്തു നേടിയ 20 ശതമാനം ബോണസ് 2016 ആയതോടെ 10 ശതമാനമാക്കി കമ്പനി കുറച്ചു. ആദ്യത്തെ സമരം ഒത്തുതീര്‍പ്പാക്കിയ സമയത്ത് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ പല ഉറപ്പുകളും പാലിക്കപ്പെട്ടിരുന്നില്ലെന്ന ആക്ഷേപവും ഇവര്‍ ഉയര്‍ത്തിയിരുന്നു. പൊമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ നടന്ന ആ സമരത്തിലും തീവ്രവാദ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസും ഭരണകൂടവും രംഗത്തെത്തിയിരുന്നു.

പിന്നീട് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പെമ്പിളൈ ഒരുമൈ ആരംഭിച്ച രണ്ടാം ഘട്ട സമരത്തിനിടെയാണ് 2017 ജൂണ്‍ 15 ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പെമ്പിളൈ ഒരുമൈ സമരത്തിന് നേതൃത്വം നല്‍കിയ മനോജിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

2015 ല്‍ നടന്ന പെമ്പിളൈ ഒരുമൈ സമരത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് മനോജ് ഉള്‍പ്പെട്ട സംഘമായിരുന്നു. ഒരേക്കര്‍ ഭൂമി ഒരു തൊഴിലാളി കുടുംബത്തിന് എന്ന ആവശ്യവുമായി പൊമ്പിളൈ ഒരുമൈ രണ്ടാം ഘട്ടം സമരം ആരംഭിച്ചതു മുതലാണ് ഇവരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു തുടങ്ങിയത്.

ഇയാളുടെ വീട്ടില്‍ മാവോയിസ്റ്റ് എന്ന് പൊലീസാരോപിക്കുന്ന ജയ്സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പതിവായി സന്ദര്‍ശിക്കുന്നതായി രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസ് ഭാഷ്യം. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കുകയും മനോജിനു ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

മൂന്നാറില്‍ നടത്താനിരിക്കുന്ന ഭൂസമരം പൊളിക്കാന്‍ സി.പി.ഐ.എമ്മും കണ്ണന്‍ ദേവന്‍ കമ്പനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ ഇല്ലാത്ത മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത മനോജ് ജയിംസ് പറഞ്ഞിരുന്നു.

“ഇത് കെട്ടിച്ചമച്ച കേസാണ്. എനിക്കെതിരെ ഒരു തെളിവുമില്ല. പൊമ്പിളൈ ഒരുമൈ ഭൂമിയെന്ന ആവശ്യം ഉന്നയിക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ക്കെതിരെ ഇത്തരം ആക്രമണം നടന്നത്. അവര്‍ ഈ പ്രശ്നത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ജയ്സണ്‍ സി കൂപ്പറിനെ എനിക്ക് പരിചയമില്ല. ഫേസ്ബുക്കില്‍ പോലും അദ്ദേഹം എന്റെ സുഹൃത്തല്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് അദ്ദേഹവുമായി എനിക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞതെന്ന് മനസിലാകുന്നില്ല. ഒരു ആവശ്യം ഉന്നയിക്കുമ്പോള്‍ ദ്രാവിഡരാണെന്നും രാഷ്ട്രീയം പറയുന്നവരാണെന്നും മാവോയിസ്റ്റുകളാണെന്നും ആരോപിക്കാതെ കുറഞ്ഞത് സമരം ചെയ്യുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത”-. മനോജ് പറയുന്നു.

പെമ്പിളൈ ഒരുമൈ “ഒരേക്കര്‍ ഭൂമി ഒരു തൊഴിലാളി കുടുംബത്തിന്” എന്ന ആവശ്യം ഉന്നയിച്ച് രണ്ടാം ഘട്ട സമരം തുടങ്ങിയത് മുതലാണ് ഇവരില്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കാന്‍ തുടങ്ങിയതെന്നും മനോജിന് അത്തരം ഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്നും സാമൂഹിക പ്രവര്‍ത്തകനായ സന്തോഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ജനകീയ സമരങ്ങളെ മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി അടിച്ചൊതുക്കാന്‍ ശ്രമിക്കുന്ന രീതിയാണ് മനോജിനെതിരായ നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ഇല്ലാത്ത മാവോയിസ്റ്റ് ബന്ധത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാരും ചില സി.പി.ഐ.എം നേതാക്കളും സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു വിഷയത്തില്‍ പെമ്പിളൈ ഒരുമൈ ഭാരവാഹികള്‍ പ്രതികരിച്ചത്.

പൊമ്പിളൈ ഒരുമൈ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. സര്‍ക്കാരിനു കീഴിലുള്ള എല്ലാ നിയമങ്ങളും അനുസരിച്ചു തന്നെയാണ് പൊമ്പിളൈ ഒരുമൈയും പ്രവര്‍ത്തിക്കുന്നതെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍ പറഞ്ഞു.

.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more