| Wednesday, 8th February 2023, 7:34 pm

സംസ്ഥാന ലോട്ടറിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് കേരളാ പൊലീസിന്റെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നത്
റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത്തരം സംഭവങ്ങളില്‍ വഞ്ചിതരാകരുതെന്നും കേരള പൊലീസിന്റെ നിര്‍ദേശം. ഇതര സംസ്ഥാനക്കാരും പ്രവാസികളുമാണ് തട്ടിപ്പിന്റെ പ്രധാന ഇരകളെന്നും കേരളാ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.

ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പനാ തട്ടിപ്പില്‍ വീഴരുതെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് ലോട്ടറി നിയമങ്ങള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കുമെന്നും കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കി.

കേരള ലോട്ടറിയുടെ അവസാന അക്ക പ്രവചന മത്സരം, സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരം വ്യാജ ഓണ്‍ലൈന്‍ സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സമ്മാനം ഉറപ്പാകുമെന്ന വാഗ്ദാനം എന്നിങ്ങനെ പലതരം തട്ടിപ്പാണ് നടക്കുന്നത്. ടിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത ചിത്രങ്ങളോ നറുക്കെടുപ്പ് നമ്പറുകളോ നവമാധ്യമങ്ങളായ വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയവയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ പോലും വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണെന്നും കേരളാ പൊലീസ് പറഞ്ഞു.

‘ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പന തട്ടിപ്പില്‍ വീഴാതിരിക്കുക. ലോട്ടറി ടിക്കറ്റ് എടുക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഏജന്റില്‍ നിന്നും നേരിട്ട് തന്നെ എടുക്കുക.
കേരളാ ഭാഗ്യക്കുറിയുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വിധത്തില്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്ക് ലോട്ടറി നിയമങ്ങള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കാം.

ഭാഗ്യക്കുറി ടിക്കറ്റുകളില്‍ കൃത്രിമം കാട്ടി സമ്മാനത്തിന് ഹാജരാക്കുക, വ്യാജമായ അവകാശവാദം ഉന്നയിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്. 1998 ലെ ലോട്ടറി റെഗുലേഷന്‍ ആക്ട്/ കേരള ലോട്ടറി ഭേദഗതി ചട്ടങ്ങള്‍ എന്നിവ പ്രകാരം കുറ്റവാളികള്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം,’ കേരളാ പൊലീസ് പറഞ്ഞു.

Content Highlight:  Kerala Police advise, not to be fooled Online fraud in the name of state lottery

We use cookies to give you the best possible experience. Learn more