തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടക്കുന്നത്
റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത്തരം സംഭവങ്ങളില്‍ വഞ്ചിതരാകരുതെന്നും കേരള പൊലീസിന്റെ നിര്‍ദേശം. ഇതര സംസ്ഥാനക്കാരും പ്രവാസികളുമാണ് തട്ടിപ്പിന്റെ പ്രധാന ഇരകളെന്നും കേരളാ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഓണ്‍ലൈന്‍ വഴിയുള്ള ടിക്കറ്റ് വില്‍പനാ തട്ടിപ്പില്‍ വീഴരുതെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് ലോട്ടറി നിയമങ്ങള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പനുസരിച്ച് കടുത്ത ശിക്ഷ ലഭിക്കുമെന്നും കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കി.
കേരള ലോട്ടറിയുടെ അവസാന അക്ക പ്രവചന മത്സരം, സ്‌ക്രാച്ച് ആന്‍ഡ് വിന്‍ മത്സരം വ്യാജ ഓണ്‍ലൈന്‍ സൈറ്റ് വഴി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് സമ്മാനം ഉറപ്പാകുമെന്ന വാഗ്ദാനം എന്നിങ്ങനെ പലതരം തട്ടിപ്പാണ് നടക്കുന്നത്. ടിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത ചിത്രങ്ങളോ നറുക്കെടുപ്പ് നമ്പറുകളോ നവമാധ്യമങ്ങളായ വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയവയിലൂടെ സംസ്ഥാനത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളില്‍ പോലും വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണെന്നും കേരളാ പൊലീസ് പറഞ്ഞു.