| Saturday, 26th February 2022, 11:44 am

വെറൈറ്റി ബോധവത്കരണമാണ് ഞങ്ങളുടെ മെയ്ന്‍; പുതിയ പോസ്റ്റുമായി കേരള പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നാട്ടില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ചും തങ്ങളുടെ പുതിയ പദ്ധതികളെ കുറിച്ചും കേരളാ പൊലിസ് നല്‍കുന്ന ബോധവത്കരണ ക്യാമ്പെയ്‌നുകള്‍ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാറുണ്ട്.

വിഷയത്തെ കുറിച്ച് വെറുതെ പറഞ്ഞ് പോകുന്നതിന് പകരം, എത്രത്തോളം രസകരമായി അവതരിപ്പിക്കാം എന്നാണ് ഇവര്‍ എപ്പോഴും ചിന്തിക്കാറുള്ളത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അടിയന്തര ഹെല്‍പ് ലൈന്‍ നമ്പറിന്റെ വീഡിയോയും കൊവിഡിന്റെ സമയത്ത് സോപ്പും മാസ്‌കും ഉപയോഗിക്കാനാവശ്യപ്പെടുന്ന തരത്തില്‍ ഒരുക്കിയ വീഡിയോയും റോഡ് സേഫ്റ്റിയുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോയുമെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്.

അതേസമയം കേരളാ പൊലീസിന്റെ ചില വീഡിയോകള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കാറുമുണ്ട്.

ഇപ്പോഴിതാ മറ്റൊരു വെറൈറ്റി ബോധവത്കരണവുമായാണ് ‘പൊലീസ് മാമന്‍മാര്‍’ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വര്‍ക്ക് ഫ്രം ഹോമുമായി ബന്ധപ്പെട്ട തട്ടിപ്പിനെ കുറിച്ചാണ് പുതിയ പോസ്റ്റില്‍ പറയുന്നത്.

വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നുമാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്.

‘വര്‍ക്ക് ഫ്രം ഹോം ജോബ് ഓഫറുമായി പുതിയ തട്ടിപ്പ് ?? വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാം.

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് രക്ഷകര്‍ത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. ആളുകളുടെ വിശ്വാസമര്‍ജിക്കാനായി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ പേരിലാണ് പുതിയ തട്ടിപ്പ്.

എസ്.എം.എസ്, വാട്ട്‌സ്ആപ്പ് എന്നിവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ അവഗണിക്കുക,’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘പറ്റിക്കാനാണെങ്കില്‍ പോലും ഇങ്ങനെയൊന്നും പറയല്ലേ സാറെ’, എന്ന ട്രോളും പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു.

Content Highlight: Kerala Police About New Scam

We use cookies to give you the best possible experience. Learn more