| Wednesday, 11th January 2023, 9:59 pm

ഫേസ്ബുക്കിലെ കുത്തും കോമയും 'കേശുമാമന്‍ സിന്‍ഡ്രോം': കേരള പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഫേസ്ബുക്ക് അല്‍ഗോരിതവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതികരണവുമായി കേരള പൊലീസ്.

അല്‍ഗോരിതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും കേരള പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

‘കേശുമാമന്‍ സിന്‍ഡ്രോം’ എന്നൊക്കെ സോഷ്യല്‍ മീഡിയ ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിന്‍ഡ്രോമാണിതെന്നും, ഒരാള്‍ പോസ്റ്റിടുകയേ വേണ്ടൂ പിന്നെ കോപ്പി പേസ്റ്റ് ആണെന്നും കേരള പൊലീസ് പറഞ്ഞു.

ഒരാളുടെ ഇഷ്ട വിഷയങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍, അല്ലെങ്കില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ ജനപ്രീതി നേടിയവ ആദ്യം കാണുവാന്‍ സഹായിക്കുക എന്ന രീതിയിലാണ് സ്വാഭാവികമായും ഫേസ്ബുക്ക് അല്‍ഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്.

അതിനാല്‍ കുത്ത്, കോമ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റില്‍ നമുക്ക് മറുപടി തരുന്നവര്‍ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാല്‍ പിന്നീടുള്ള പോസ്റ്റുകള്‍ ഒരു പക്ഷേ അവര്‍ കാണണമെന്നില്ലെന്നും പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

2018 മുതല്‍ ഫേസ്ബുക്ക് അല്‍ഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ഒരു വ്യക്തിയുടെ പോസ്റ്റുകള്‍ നമ്മള്‍ കാണണമെന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വെറുപ്പിക്കല്‍ കോപ്പി പേസ്റ്റ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുന്നതെന്നും കേരള പൊലീസ് കൂട്ടിച്ചേര്‍ത്തു.

കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

കുത്തും കോമയും.. പിന്നെ ഫേസ്ബുക്ക് അല്‍ഗോരിതവും.
ആശങ്കകള്‍ അടിസ്ഥാനരഹിതം

‘ഹായ് തരൂ, ലൈക് തരൂ, കോമായെങ്കിലും തരൂ.. മിനിമം ഒരു കുത്തെങ്കിലും..!’ പുതിയ ഫേസ്ബുക്ക് അല്‍ഗോരിതം മൂലം ഒറ്റപ്പെടാന്‍ ചാന്‍സ് ഉണ്ടെന്ന ചിന്തയില്‍ കോപ്പി പേസ്റ്റ് പോസ്റ്റിന്റെ പുറകിലാണ് പലരും.

‘കേശുമാമന്‍ സിന്‍ഡ്രോം’ എന്നൊക്കെ സോഷ്യല്‍ മീഡിയ ഓമനപ്പേരില്‍ അറിയപ്പെടുന്ന, ഇടവിട്ട് പ്രത്യക്ഷപ്പെടുന്ന ഒരു സിന്‍ഡ്രോം. ഒരാള്‍ പോസ്റ്റിടുകയേ വേണ്ടൂ.. പിന്നെ കോപ്പി പേസ്റ്റ് ആണ്. ഉള്ള സുഹൃത്തുക്കള്‍ കൊഴിഞ്ഞു പോകാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിയത്രേ.. ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാന്‍ കഴിയൂ എന്നും.

പ്രധാനപ്പെട്ട പോസ്റ്റുകള്‍ അടങ്ങിയ ന്യൂസ് ഫീഡുകള്‍ മാത്രമാണ് അല്ലെങ്കിലും നമുക്ക് കാണാന്‍ കഴിയുക. എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാല്‍ ഫേസ്ബുക്ക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേള്‍ക്കാനും കാണാനും കൂടുതല്‍ താല്പര്യമുള്ളവരെ ഫില്‍റ്റര്‍ ചെയ്താണ് ഫേസ്ബുക്ക് കാണിക്കുക. കൂടുതല്‍ സംവദിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ പോസ്റ്റുകള്‍ സ്വാഭാവികമായും ഫീഡുകളില്‍ മുന്നിട്ട് നില്‍ക്കുന്നു.

ഒരാളുടെ ഇഷ്ട വിഷയങ്ങള്‍ അടങ്ങിയ പോസ്റ്റുകള്‍, അല്ലെങ്കില്‍ പോസ്റ്റ് ചെയ്യുന്നവയില്‍ ജനപ്രീതി നേടിയവ ആദ്യം കാണുവാന്‍ സഹായിക്കുക എന്ന രീതിയിലാണ് സ്വാഭാവികമായും ഫേസ്ബുക്ക് അല്‍ഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ കുത്ത്, കോമ ആവശ്യപ്പെട്ടുകൊണ്ടുള്ള നമ്മുടെ പോസ്റ്റില്‍ നമുക്ക് മറുപടി തരുന്നവര്‍ നമ്മുടെ അടുത്ത പോസ്റ്റ് കൃത്യമായി കാണും. എന്നാല്‍ പിന്നീടുള്ള പോസ്റ്റുകള്‍ ഒരു പക്ഷേ അവര്‍ കാണണമെന്നില്ല.

2018 മുതല്‍ ഫേസ്ബുക്ക് അല്‍ഗോരിതം ഏറെക്കുറെ ഇങ്ങനെ തന്നെയാണ്. ഒരാളുടെ ടൈംലൈനിലെ നൂറുകണക്കിന് സ്റ്റോറികളില്‍ നിന്നും ഒരു നിശ്ചിത എണ്ണം മാത്രമേ മുന്‍ഗണന പ്രകാരം ഈ അല്‍ഗോരിതം തിരഞ്ഞെടുക്കയുള്ളൂ. ഹായ് ഇട്ടാലും ഇല്ലെങ്കിലും അല്‍ഗോരിതത്തിലെ ഇത്തരം മുന്‍ഗണനാ ക്രമം ദിനംപ്രതി മാറിക്കൊണ്ടിരിക്കും.

അതിനാല്‍ തന്നെ ഒരു ദിവസം ഹായ് ഇട്ടതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടോ ആ വ്യക്തിയുടെ പോസ്റ്റുകള്‍ നമ്മള്‍ എന്നും കാണണമെന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാതെയുള്ള വെറുപ്പിക്കല്‍ കോപ്പി പേസ്റ്റ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം കാണുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശം 2020ലും വ്യപകമായി പ്രചരിച്ചിരുന്നു. അന്നും ഈ പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

കോപ്പി പേസ്റ്റ് ചെയ്യുന്നവരുടെ ശ്രദ്ധക്ക്: ഇടവിട്ടിടവിട്ട് ഫേസ്ബുക്കില്‍ കറങ്ങിനടക്കുന്ന മെസേജ് ആണിത്. ഒരിടവേളക്ക് ശേഷം അത് വീണ്ടും പ്രത്യക്ഷപ്പെടും.

Content Highlight: Kerala Police about algorithm related posts on Facebook

We use cookies to give you the best possible experience. Learn more