| Wednesday, 17th July 2024, 2:21 pm

ചിരിയിലേയ്ക്ക് വിളിക്കാം...ചിരിക്കാം; ആസിഫ് അലിയുടെ ചിരി പങ്കുവെച്ച് കേരള പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കഴിഞ്ഞ ദിവസത്തെ വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു എം.ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന മനോരഥങ്ങള്‍ ആന്തോളജി സീരിസിന്റെ ട്രെയ്ലര്‍ ലോഞ്ച് വേദിയില്‍ നടന്‍ ആസിഫ് അലിയെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ അപമാനിച്ച സംഭവം.

നിരവധി പേരാണ് വിഷയത്തില്‍ ആസിഫിന് പിന്തുണയുമായി എത്തിയത്. മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും സിനിമാ താരങ്ങളുമുള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിരവധി പേര്‍ ആസിഫിന് പിന്തുണ അറിയിച്ചിരുന്നു. വിഷയത്തില്‍ രമേശ് നാരായണനെതിരെ സൈബര്‍ ലോകത്ത് രൂക്ഷ വിമര്‍ശവും ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ആസിഫിന് പിന്തുണയുമായി, ആസിഫിന്റെ ചിരി പങ്കുവെച്ച് എത്തിയിരിക്കുകയാണ് കേരള പൊലീസ്.

കേരള പൊലീസിന്റെ ഹെല്‍പ് ലൈന്‍ പദ്ധതിയായ ‘ചിരി’യുടെ പരസ്യത്തിലാണ് ആസിഫിന്റെ ചിരിക്കുന്ന മുഖം നല്‍കിയത്. നേരിടാം ചിരിയോടെ എന്നാണ് ആസിഫിന്റെ ചിരിച്ചു നില്‍ക്കുന്ന ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

ആസിഫിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കേരള പൊലീസിന്റെ ഈ നടപടി അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് നിരവധി പേര്‍ കുറിച്ചിരിക്കുന്നത്.

നന്മയുടെ പ്രകാശം പരക്കട്ടെയെന്നും ചിരിയോടെ നേരിടാമെന്ന ഈ പോസ്റ്റില്‍ ഏറെ അഭിമാനമുണ്ടെന്നുമാണ് ചിലര്‍ കമന്റില്‍ കുറിച്ചത്. അപമാനിതനായ സന്ദര്‍ഭത്തില്‍ ചിരിക്കാന്‍ പറ്റുന്ന മനുഷ്യന്‍ നമുക്ക് വലിയൊരു മാതൃകയാണെന്നായിരുന്നു മറ്റൊരു കമന്റ്.

ഇങ്ങനെ ഒരു പിന്തുണ ആവശ്യമായിരുന്നു. എന്നും ഇരകളോടൊപ്പമായിരിക്കും കേരള പൊലീസ് എന്നൊക്കെയാണ് കമന്റുകള്‍.

പുരസ്‌കാരം നല്‍കാനായി വേദിയിലെത്തിയ ആസിഫില്‍ നിന്നും പുരസ്‌കാരം വാങ്ങാന്‍ തയ്യാറാകാതിരുന്ന രമേശ് നാരായണന്‍ വേദിയിലേക്ക് സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തുകയും അദ്ദേഹത്തില്‍ നിന്ന് പുരസ്‌കാരം കൈപ്പറ്റുകയുമായിരുന്നു.

ആസിഫ് അലിയ്ക്ക് ഒരു ഹസ്തദാനം നല്‍കാനോ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാനോ പോലും രമേശ് നാരായണന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ വേദിയില്‍ എത്തിയ ജയരാജിനെ രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം ആലിംഗനം ചെയ്തിരുന്നു. രമേശ് നാരായണന്റെ ഈ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ്് ഉയര്‍ന്നത്.

തന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരാളില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നത്തിലുള്ള ഈഗോ ആണോ ആസിഫ് അലിയോട് രമേശ് നാരായണന്‍ കാണിച്ചതെന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്.

ആസിഫ് അലിയെ അപമാനിക്കാനായി രമേശ് നാരായണന്‍ കളിച്ച നാടകമാണ് ഇതെന്ന് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചിരുന്നു. അമ്മാവന്‍ സിന്‍ഡ്രോം ഉള്ള ജയരാജ് അതിന് കൂട്ടുനിന്നെന്നും ശാരദക്കുട്ടി പറഞ്ഞിരുന്നു.

ഏറ്റവുമധികം ഫ്യൂഡല്‍ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന വ്യക്തികള്‍ സംഗീതജ്ഞരാണ്. വലിപ്പച്ചെറുപ്പം, സീനിയോരിറ്റി കോംപ്ലക്സ്, ജാതിചിന്ത ഇതൊക്കെ മറ്റു കലാകാരന്മാരേക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ്. യേശുദാസ് ഇളയരാജ തുടങ്ങി നിരവധി പേര്‍ പല അവസരങ്ങളില്‍ അത് പരസ്യമാക്കിയിട്ടുമുണ്ട്, എന്നൊക്കെയുള്ള പ്രതികരങ്ങള്‍ വന്നിരുന്നു.

Content Highlight: Kerala Poice Support Asif Ali

We use cookies to give you the best possible experience. Learn more