ന്യൂദല്‍ഹി: കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി. ഒരാഴ്ചത്തേക്കാണ് കോടതി പരീക്ഷാ നടത്തിപ്പ് സ്റ്റേ ചെയ്തത്.
ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പരീക്ഷ ഓഫ് ലൈനാക്കി നടത്തുന്നതിനാണ് സ്റ്റേ. സെപ്തംബര്‍ 5 മുതല്‍ പരീക്ഷ ആരംഭിക്കാനാരിക്കെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം.
അതേസമയം ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
പരീക്ഷ നടത്തുന്നതിനെതിരെ ആറ്റിങ്ങല്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോണ്‍ഗ്രസ് കടയ്ക്കാവൂര്‍ മണ്ഡലം പ്രസിഡന്റുമായ റസൂല്‍ ഷാനാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
സംസ്ഥാനത്തെ ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തില്‍ അധികമാണ്. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളില്‍ അമ്പത് ശതമാനത്തില്‍ അധികം കേരളത്തിലാണെന്നും ഹരജിയില്‍ പറയുന്നു.
പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ വാക്സിന്‍ സ്വീകരിച്ചവരല്ല. മോഡല്‍ പരീക്ഷ ഓണ്‍ലൈന്‍ ആയാണ് നടത്തിയത്. ഇനി രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നേട്ടത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്തുമെന്നും അതിനാല്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുകയാണെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന കോടതിയുടെ മുന്‍ ഉത്തരവും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kerala Plus One Exam Supreme Court Stay