| Thursday, 15th March 2018, 9:24 am

'ബെംഗളൂരുവിനു ഇനി കോഴിക്കോടന്‍ കരുത്തും'; വിനീതിനും റിനോ ആന്റോയ്ക്കും ശേഷം ബെംഗളൂരു എഫ്.സി സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് മലയാളിത്താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരു: സുനില്‍ ഛേത്രിയും സംഘവും അരങ്ങുതകര്‍ക്കുന്ന ബെംഗളൂരു എഫ്.സി സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച് മലയാളിത്താരം ലിയോണ്‍ അഗസ്റ്റിന്‍. ബെംഗളൂരു എഫ്.സി അക്കാദമി താരമായിരുന്ന കോഴിക്കോട്ടുകാരന്‍ ലിയോണ്‍ കഴിഞ്ഞദിവസമാണ് സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

ഇന്നലെ നടന്ന എ.എഫ്.സി കപ്പ് മത്സരത്തിലാണ് ലിയോണ്‍ അഗസ്റ്റിന്‍ ബെംഗളൂരു ജേഴ്‌സിയില്‍ മൈതാനത്തിറങ്ങിയത്. സി.കെ വിനീതും റിനോ ആന്റോയും ബെംഗളൂരു എഫ്.സി വിട്ടതിനു ശേഷം ആദ്യമായാണ് ഒരു മലയാളിത്താരം ബെംഗളൂരു എഫ്.സിക്കായി ബൂട്ടു കെട്ടുന്നത്. ബെംഗളൂരു അക്കാദമി താരമായിരുന്ന ലിയോണ്‍ എ.എഫ്.സി ടീമില്‍ നേരത്തെയും ഇടംപിടിച്ചിട്ടുണ്ടെങ്കിലും ഇന്നലെ ആദ്യമായാണ് മൈതാനത്തിറങ്ങുന്നത്.

ഇന്നലെ ധാക്ക അഭാനി ക്ലബിനെതിരെ പകരക്കാരുടെ ബെഞ്ചില്‍ ഇരുന്ന് തുടങ്ങിയ ലിയോണിനെ 80ാം മിനുട്ടിലാണ് റോക്ക കളിപ്പിക്കുന്നത്. ആല്‍വിന്‍ ജോര്‍ജ്ജിന് പകരക്കാരനായാണ് താരം ഗ്രൗണ്ടില്‍ ഇറങ്ങിയത്. ഇറങ്ങി രണ്ട് നിമിഷങ്ങല്‍ കൊണ്ടു തന്നെ ഒരു ഗോളിന് അടുത്തെത്തുന്ന മുന്നേറ്റം നടത്താനും ലിയോണ്‍ അഗസ്റ്റിനായി.

മത്സരം 1-0 എന്ന സ്‌കോറിന് ബെംഗളൂരു വിജയിച്ചു. നേരത്തെ ബെംഗളൂരു അക്കാദമി ക്യാപ്റ്റനായിരുന്നു ലിയോണ്‍. ബെംഗളൂരു റിസേര്‍വ്‌സിനായും കര്‍ണാടക സന്തോഷ് ട്രോഫി ടീമിനായും ലിയോണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more