| Wednesday, 20th May 2020, 5:01 pm

ആദിവാസി മേഖലയടക്കം സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം സാധ്യമാകാതെ 2.61 ലക്ഷം കുട്ടികള്‍; ബദല്‍ സംവിധാനങ്ങള്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്

കവിത രേണുക

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളം ഓണ്‍ലൈന്‍ ആയി പുതിയ അധ്യയന വര്‍ഷത്തെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈനായി പഠനം പുനരാരംഭിക്കുമ്പോള്‍ യാതൊരു സൗകര്യവും ലഭ്യമല്ലാത്ത രണ്ടര ലക്ഷത്തിലധികം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ) നടത്തിയ പ്രാഥമിക പഠനത്തിന്റെ കണ്ടെത്തല്‍.

കംപ്യൂട്ടറും ഇന്റര്‍നെറ്റും പോയിട്ട് ടി.വിയോ സ്മാര്‍ട്ട് ഫോണോ പോലുമില്ലാത്ത 2.61 ലക്ഷം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്നാണ് എസ്.എസ്.കെയുടെ പഠനത്തില്‍ വിലയിരുത്തുന്നത്.

പഠനത്തിനായി എസ്.എസ്.കെ ശേഖരിച്ചത് 43.76 ലക്ഷം കുട്ടികളുടെ വിവരങ്ങളാണ്. ഇതില്‍ 5.98 ശതമാനം കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ യാതൊരു സൗകര്യങ്ങളുമില്ലെന്നാണ് സൂചിപ്പിക്കുന്നത്.

ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ സംഘടിപ്പിക്കുമ്പോള്‍ പ്രായോഗിക തലത്തില്‍ അത് എത്രമാത്രം നടപ്പിലാവും എന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ക്യാമ്പസ് സ്‌കൂളിലെ അധ്യാപിക ഷീജ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലായിരുന്നിട്ട് കൂടി അവരുടെ സ്‌കൂളിലും ഇത്തരത്തില്‍ സംവിധാനങ്ങളില്ലാത്ത കുട്ടികളുണ്ടെന്നും ഷീജ കൂട്ടിച്ചേര്‍ത്തു.

‘ഈയൊരു ഘട്ടത്തില്‍ ഓണ്‍ലൈന്‍ പഠനം പരമാവധി സാധ്യമാക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ എത്രത്തോളം അത് നടപ്പിലാവുമെന്നത് അറിയില്ല. കാരണം ഓണ്‍ലൈന്‍ ക്ലാസുകള്‍ വിജയകരമായി കുട്ടികളിലേക്കെത്തണമെങ്കില്‍ അതിന് ഒന്നാമതായി രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണകൂടി വേണം. ആ സാഹചര്യത്തില്‍ എത്രമാത്രം ക്ലാസുകള്‍ നടപ്പാകും എന്നതിനെ സംബന്ധിച്ച് ആശങ്കയുണ്ട്. അതേ പോലെയാണ് ഇത്തരം സൗകര്യങ്ങളൊന്നുമില്ലാത്ത കുട്ടികളുടെ സാഹചര്യം. കോര്‍പറേഷന്‍ പരിധിയിലായിരുന്നിട്ട് കൂടി ഈ സ്‌കൂളിലും ഓണ്‍ലൈന്‍ ആയി വീടുകളിലിരുന്ന് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാനുള്ള സംവിധാനമില്ലാത്തവരുണ്ട്,’ ഷീജ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ക്ലാസുകളില്‍ പോയി പഠനം സാധ്യമാക്കാന്‍ കഴിയില്ലെന്നതാണ് താത്കാലികമായി ഓണ്‍ലൈന്‍ പഠനം സാധ്യമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാന വ്യാപകമായി ഓണ്‍ലൈന്‍ പഠനം സാധ്യമാകാത്ത വിഭാഗത്തെ ഉള്‍ക്കൊണ്ടു കൊണ്ട് എങ്ങനെ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന കരിക്കുലം സ്റ്റീയറിംഗ് കമ്മിറ്റി അംഗം എ. കെ അബ്ദുള്‍ഹക്കിം ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

‘ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരു സ്ഥിരം സംവിധാനം എന്ന രീതിയിലല്ല സര്‍ക്കാര്‍ സംഘടിപ്പിക്കാനൊരുങ്ങുന്നത് അതേസമയം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ ഓണ്‍ലൈന്‍ സാധ്യതയെ പ്രയോജനപ്പെടുത്തുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്ന സാഹചര്യത്തില്‍ അവര്‍ അസ്വസ്ഥരാകാനുള്ള സാധ്യതയുണ്ട്. പക്ഷെ ഇതിലപ്പുറം നമ്മള്‍ എടുത്ത ഒരു പ്രാഥമിക കണക്കെടുപ്പില്‍ 2.61 ലക്ഷത്തോളം കുട്ടികള്‍ക്ക് യാതൊരു തരത്തിലുള്ള സംവിധാനങ്ങളും ഇല്ലെന്നാണ് തെളിയിക്കുന്നത്. പ്രത്യേകിച്ചും ചില ആദിവാസി മേഖലകളിലും ഈ പ്രതിസന്ധിയുണ്ട്.

പലയിടങ്ങളിലും കേബിള്‍ കണക്ഷനോ ടെലിവിഷനോ ടെലിഫോണ്‍ സംവിധാനം പോലും ഇല്ല എന്നത് പരിഗണനയില്‍ എടുത്തിട്ടുണ്ട്. ഇതിന് വിശദമായ പഠനം ആവശ്യമാണ്. അതിന് ശേഷം എങ്ങനെ പരിഹരിക്കണമെന്നതും പരിഗണിക്കും. ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് എങ്ങനെ ഇത് പരിഹരിച്ച് മുന്നോട്ട് പോകാമെന്ന സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. അടുത്തുള്ള ഒരു പൊതു സ്ഥാപനത്തില്‍ കുറച്ചു പേര്‍ക്ക് ഒന്നിച്ചു പോയിരുന്ന് പഠിക്കാനാവുന്ന സംവിധാനം ഇതിനോട് ചേര്‍ന്ന് ചെയ്യാവുന്ന ഒരു കാര്യമാണ്. അതിന് വേണ്ടി എം.എല്‍.എമാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്,’ എ. കെ അബ്ദുള്‍ഹക്കിം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഓണ്‍ലൈനായി ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള സൗകര്യമില്ലാത്ത കുട്ടികളുടെ നിരക്ക് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ വളരെ കുറവാണെങ്കിലും ഇത് പരിഹരിച്ച് പോകാനുള്ള നടപടിയാണ് നിലവില്‍ ചെയ്തു പോരുന്നതെന്നും അബ്ദുള്‍ ഹക്കിം പറഞ്ഞു.

അടിസ്ഥാന സൗകര്യമില്ലാത്ത ആദിവാസിമേഖലയില്‍ എങ്ങനെ സൗകര്യമൊരുക്കും?

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുക എന്നത് ആദിവാസി മേഖലയിലും മറ്റു പിന്നാക്കാവസ്ഥയിലുമുള്ള കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒരു പരാജയായിരിക്കുമെന്നാണ് വയനാട്ടിലെ തിരുനെല്ലിയിലെ നാഗമനക്കടുത്തുള്ള ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപിക ലളിത കുമാരി പറയുന്നത്.

‘ഓണ്‍ലൈന്‍ ക്ലാസുകള്‍ ആദിവാസി മേഖലയിലും മറ്റു പിന്നാക്കമേഖലയിലും പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായ ഒന്നാണ്. അതായത് ആദിവാസി മേഖലയിലെ കുട്ടികളെയും കുടുംബങ്ങളെയും വെച്ച് നോക്കുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ പോലും ഇല്ലാത്ത വീടുകളാണ് അധികവും. ഇവിടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പരാജയമായിരിക്കും. രക്ഷിതാക്കളുടെ അരക്ഷിതാവസ്ഥ, കുട്ടികള്‍ക്കാണെങ്കിലും അവരുടെ വീടുകളിലിരുന്ന് ഇത് ചെയ്യാനുള്ള സാഹചര്യങ്ങളില്ലല്ലോ. അതുപോലെ ഇവിടുത്തെ സ്‌കൂളുകളിലും അതിനുള്ള സൗകര്യങ്ങളില്ല. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലും അല്ലെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും ഒരു പരിധി വരെയെങ്കിലും ഇത് സാധ്യമാകുമെങ്കിലും പൂര്‍ണമായി അതും നടപ്പിലാകുമെന്ന് തോന്നുന്നില്ല,’ ലളിതകുമാരി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആദിവാസി മേഖലയിലെ ഏകാധ്യാപക വിദ്യാലയങ്ങളെ സംബന്ധിച്ചിടത്തോളം കുട്ടികള്‍ സ്‌കൂളുകളിലേക്കെത്തുന്നതു തന്നെ പലപ്പോഴും അധ്യാപകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്. ഇവരുടെ സാഹചര്യം എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമാണെന്നും അധ്യാപിക പറയുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഈ സ്ഥലങ്ങളില്‍ ഇല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

ബദല്‍ മാര്‍ഗങ്ങള്‍ എങ്ങനെ?

കേരളത്തില്‍ പ്രധാനമായും ആദിവാസി, തീരദേശമേഖലകളിലെ കുട്ടികള്‍ക്കും, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുമാണ് അധികവും ഈ പ്രശ്‌നം നേരിടേണ്ടി വരുന്നത്. ഇത് പരിഹരിക്കുന്നതിനായുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആലോചിച്ചുവരികയാണെന്ന് എസ്.എസ്.കെയുടെ സംസ്ഥാന പ്രൊജക്ട് കോഡിനേറ്റര്‍ എ.പി കുട്ടിക്കൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഓണ്‍ലൈന്‍ ആയി ക്ലാസുകള്‍ ലഭ്യമല്ലാത്തവര്‍ക്ക് ഇത് പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആലോചിച്ച് വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഇതിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു കൊണ്ടുള്ള ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണിപ്പോള്‍.

സൗകര്യമില്ലാത്തവര്‍ക്ക് സൗകര്യങ്ങളൊരുക്കികൊടുക്കുക എന്നതാണ് ആദ്യത്തെ പടി. ഇനി അങ്ങനൊരു സാധ്യത നടപ്പാക്കുന്നില്ലെങ്കില്‍ നമ്മുടെ സ്‌കൂളുകളില്‍ തന്നെ ടി.വികളും ഇന്റര്‍നെറ്റ് സൗകര്യങ്ങളുമുണ്ട്. അത്തരം സൗകര്യങ്ങളെ പരിഗണിച്ച് സാമൂഹ്യ അകലം പാലിച്ചു കൊണ്ട് കുട്ടികള്‍ക്ക് ക്ലാസുകള്‍ സംഘടിപ്പിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ശ്രമിക്കുന്നത്. മൂന്നാമതായി പിന്നാക്ക മേഖലയിലൊക്കെയുള്ളവര്‍ക്ക് നേരിട്ട് അധ്യാപകരുടെ ഭാഗത്തുനിന്ന് വര്‍ക്ക്ഷീറ്റുകളൊക്കെ കൊടുക്കാനുള്ള സാധ്യത കൂടി പരിഗണിച്ചു വരികയാണ്,’ എ. പി കുട്ടികൃഷ്ണന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more