| Saturday, 8th August 2020, 11:09 am

കരിപ്പൂര്‍ വിമാനപകടം: കോഴിക്കോട് സ്വദേശികളായ അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ നിന്ന് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സൈഫൂദ്ദിന്റെ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

കൊടുവള്ളി സ്വദേശിയായ സൈഫുദ്ദിന് ദുബായില്‍ ബിസിനസ്സാണ്. സ്‌കൂളുകള്‍ക്ക് അവധിയായതോടെയാണ് ഭാര്യയേയും മക്കളെയും കൂട്ടി നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി അപകടത്തില്‍പ്പട്ട ദുബായില്‍ നിന്ന് കോഴിക്കോടെക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സൈഫുദ്ദിനും കുടുംബവും നാട്ടിലേക്ക് തിരിച്ചത്.

ഭാര്യ ഫസലുന്നിസയും മക്കളായ മുഹമ്മദ് ഷാഹില്‍, ഫാത്തിമ സന, അയിഷ സന എന്നിവരൊടൊപ്പം ആയിരുന്നു യാത്ര.

ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമല്ലാത്ത പരിക്കുകള്‍ മാത്രമേ സൈഫുദ്ദിനും കുടുംബത്തിനും പറ്റിയിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട 4 പേരേയും ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. സൈഫുദ്ദിന്റെ മകളായ സനയെ പെരിന്തല്‍മണ്ണയിലെ അല്‍ഷിഫ ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അഞ്ച് പേരുടെയും നില ഗുരുതരമല്ലെന്നും വലിയ പരിക്കുകളേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ എട്ട് മണിക്കാണ് ഞങ്ങള്‍ അപകടവിവരം അറിയുന്നത്. സൈഫുദ്ദിനും കുടുംബവും സുഖമായിരിക്കുന്നു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്- സൈഫുദ്ദിന്റെ ബന്ധുവായ മുഹമ്മദ് സാലിഹ് പറഞ്ഞു.

ദുബായില്‍ നിന്നും കോഴിക്കോടേയ്ക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് (IX1344) അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.41ഓടെയാണ് അപകടമുണ്ടായത്.

പൈലറ്റ് അടക്കം 19 പേര്‍ മരിച്ചു. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 13 പേരാണ് ഇതുവരെ മരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലായി ആറ് പേരും മരിച്ചു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയിലുണ്ടായ വഴുക്കലാണ് അപകട കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more