കേരളത്തിലെ രോഗികള്‍ കര്‍ണാടകയിലേക്ക് വരേണ്ട, ചത്തോട്ടെ എന്നാണ് പറയുന്നത്; ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു
Kerala News
കേരളത്തിലെ രോഗികള്‍ കര്‍ണാടകയിലേക്ക് വരേണ്ട, ചത്തോട്ടെ എന്നാണ് പറയുന്നത്; ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th March 2020, 11:47 am

കാസര്‍കോട്: ലോക്ക് ഡൗണിനെ തുടര്‍ന്ന് കര്‍ണാടക അതിര്‍ത്തി കടന്ന് കേരളത്തില്‍ നിന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ഒരു വണ്ടിയും കടത്തിവിടുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അസ്‌ലം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് മരിച്ച ബണ്ട്വാള്‍ സ്വദേശി പാത്തുഞ്ഞിയെ അസ്‌ലമിന്റെ ആംബുലന്‍സിലായിരുന്നു കൊണ്ടുപോയത്.

‘അഞ്ച് ദിവസമായിട്ട് ഒരു ആംബുലന്‍സിനെ പോലും കടത്തിവിടുന്നില്ല. ഡയാലിസിസ്, ക്യാന്‍സര്‍ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ കടത്തിക്കൊണ്ടുപോകുമ്പോഴൊന്നും അതിര്‍ത്തി തുറക്കുന്നില്ല. കേരളത്തിലെ രോഗികള്‍ കര്‍ണാടകയിലേക്ക് വേണ്ട, ചത്തോട്ടെ എന്നാണ് പറയുന്നത്’, അസ്‌ലം പറഞ്ഞു.

ഇന്ന് രാവിലെയാണ് കര്‍ണാടക സ്വദേശിയായ പാത്തുഞ്ഞി മരിച്ചത്. ഇദ്ദേഹത്തെ ഇന്നലെ അത്യാസന്ന നിലയില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി വെച്ച് ആംബുലന്‍സ് തടയുകയായിരുന്നു.

ഇതോടെ ഇവര്‍ തിരിച്ച് സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് കാസര്‍കോട് നഗരത്തിലെ ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു.

കര്‍ണാടക സ്വദേശിയായ പാത്തുഞ്ഞിയുടെ മകളെ കല്യാണം കഴിച്ചത് കേരള സ്വദേശിയാണ്.

മകളുടെ കൂടെയായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മംഗലാപുരത്തെ ആശുപത്രിയിലേക്ക് ഇവരുടെ വീട്ടില്‍ നിന്ന് 15 മിനിറ്റ് യാത്രയെ ഉണ്ടായിരുന്നൂള്ളൂ,.

നേരത്തെ കാസര്‍കോട്-കര്‍ണാടക അതിര്‍ത്തിയായ തുമിനാട്ടില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചിരുന്നു. അബ്ദുള്‍ ഹമീദ് എന്ന ആസ്മ രോഗിയാണ് മരണപ്പെട്ടത്.

WATCH THIS VIDEO: