അഞ്ചാമത്തെ ക്രിസ്ത്യന്‍ കുട്ടി പിറന്നാല്‍ 10000 രൂപ സമ്മാനം
Kerala
അഞ്ചാമത്തെ ക്രിസ്ത്യന്‍ കുട്ടി പിറന്നാല്‍ 10000 രൂപ സമ്മാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th September 2011, 8:23 pm

തിരുവനന്തപുരം: കേരളത്തില്‍ കിസ്ത്യന്‍ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ വിശ്വാസികളായ രക്ഷിതാക്കള്‍ക്ക് പണം വ്ഗാദാനം. കല്‍പറ്റ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളിയാണ് അഞ്ചാമത്തെ കുട്ടി പിറന്നാല്‍ ദമ്പദികള്‍ക്ക് 10,000 രൂപ വാഗ്ദാനം ചെയ്തിരിക്കുന്നത്. ദമ്പദികളുടെ പേരില്‍ പണം ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഇടവകയിലെ രണ്ട് കുടുംബങ്ങളുടെ പേരില്‍ തങ്ങള്‍ ഇതിനകം ബാങ്കില്‍ പണം നിക്ഷേപിച്ചുകഴിഞ്ഞുവെന്ന് പള്ളി വികാരി ഫാദര്‍ ജോസ് കൊച്ചറക്കല്‍ വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കാത്തലിക് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞായറാഴ്ച പ്രാര്‍ഥനകളില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഫലമായി പ്രദേശത്തെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മറ്റു ചില പാരിഷുകള്‍ കൂടി പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പരിപാടിയുടെ മുഖ്യ സംഘാടകനായ സാലു മേച്ചേരില്‍ വ്യക്തമാക്കുന്നു. ചര്‍ച്ച് ഇത്തരത്തില്‍ പദ്ധതിയുമായി രംഗത്തു വന്നത് ഏറെ സന്തോഷകരമാണെന്ന് അഞ്ച് മക്കളുടെ പിതാവായ അബ്രഹാം ജേക്കബ് ചെട്ടിപ്പുഴ വ്യക്തമാക്കി.

ഒരു കുടുംബത്തിന് ഒരു കുട്ടി എന്ന നയം കത്തോലിക്ക സമുദായത്തെ അപകടപ്പെടുത്തുമെന്ന് 2008ലെ കേരള കാത്തൊലിക് ബിഷപ്പ് കോണ്‍ഫ്രന്‍സ്് വ്യക്തമാക്കിയിരുന്നു. 2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യ 19 ശതമാനമായിരുന്നു. 1991ല്‍ അത് 19.5 ശതമാനായിരുന്നു.