കേരളത്തിലെ അനാഥാലയങ്ങളില്‍ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പീഡനം; സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമുമായി മുഖ്യമന്ത്രിക്ക് 'നിസ'യുടെ കത്ത്
Kerala News
കേരളത്തിലെ അനാഥാലയങ്ങളില്‍ കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പീഡനം; സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യമുമായി മുഖ്യമന്ത്രിക്ക് 'നിസ'യുടെ കത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th February 2018, 10:01 am

കോഴിക്കോട്: കേരളത്തിലെ അനാഥാലയങ്ങളിലെ ഗൗരവമുള്ള പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയിന്തരമായി ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിസ പ്രവര്‍ത്തകര്‍ കത്തയച്ചു.

കോഴിക്കോട് കുന്ദമംഗലം ഒഴയാടി ബെറാക്ക് എന്ന അനാഥാലയത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കത്തില്‍ പറയുന്നു.

അംഗീകാരം ഉള്ളതും ഇല്ലാത്തതുമായ കേരളത്തിലെ വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട അനാഥാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പീഡനങ്ങളും വിവേചനങ്ങളും നേരിടേണ്ടി വരുന്നതായും കച്ചവട മനോഭാവത്തിലാണ് പല സ്ഥാപനങ്ങളും നടത്തുന്നതെന്നും ഇവര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അനാഥാലയങ്ങളില്‍ കുട്ടികള്‍ കുറയുകയും ഫണ്ടുകളും മറ്റും നിലച്ചുപോകുമെന്ന ഭീതിയിലും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇവര്‍ കുട്ടികളെ കൊണ്ടുവരികയാണെന്നും ഇത്തരത്തില്‍ കുട്ടിക്കടത്ത് നടത്തുമ്പോള്‍ പലരും പകുതിവഴിക്ക് കണാതാവുന്ന സംഭവവുമുണ്ടെന്നും കത്തില്‍ പറുന്നുണ്ട്.

കേരളത്തിലെ വിവിധ അനാഥാലയങ്ങളില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഓരോ മത വിഭാഗക്കാരുടേയും സ്ഥാപനങ്ങളില്‍ അവരുടേതായ മതപഠനത്തിന് കുട്ടികളെ പ്രേരിപ്പിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കെ കുട്ടികള്‍ക്കായുള്ള സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയും സര്‍ക്കാര്‍ അതില്‍ അനാസ്ഥ കാണിക്കുകുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ അനധികൃത സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്നും ഏതുതരം സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്കും പൊതു വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുത്തു.

വി.പി. സുഹ്‌റ(പ്രസിഡന്റ്,നിസ) നസീമ കെ.( സെക്രട്ടറി) മുംതാസ് എം.ടി, ഷംഷാദ് ഹുസൈന്‍, അന്‍സിയ ആഷ്മിന്‍, ബേനസീര്‍ എം.വി, ഷീബ അമീര്‍, അഡ്വ. അണിമ, അഡ്വ. കുക്കു തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.