| Saturday, 28th May 2022, 1:17 pm

അറസ്റ്റിലായത് സി.പി.ഐ.എമ്മുകാരായിട്ടും യു.ഡി.എഫാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും; ആ ശ്രമം മടക്കിവെച്ചാല്‍ മതി; അന്വേഷിച്ചാല്‍ വാദി പ്രതിയാകും: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചത് സി.പി.ഐ.എമ്മുകാര്‍ തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. താന്‍ നടത്തിയ പത്രസമ്മേളനത്തെ സി.പി.ഐ.എം സൈബര്‍ സംഘങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

”ഇതൊക്കെ സാധാരണയാണ് എല്ലാവരും ഇത് കിട്ടിയാല്‍ പ്രചരിപ്പിക്കും, എന്നാണോ ഞാന്‍ ഇന്നലെ പറഞ്ഞത്. ഇത് പ്രചരിപ്പിച്ചവരെയല്ല അപ്‌ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്നാണ് ഞാന്‍ പറഞ്ഞത്.

വീഡിയോ വ്യാജമാണെങ്കില്‍ അത് അപ്‌ലോഡ് ചെയ്തവരെയാണ് പിടിക്കേണ്ടത്. ഇത് കിട്ടിയ ധാരാളം പേര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ബി.ജെ.പിക്കാരും സി.പി.ഐ.എമ്മുകാരും പ്രചരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാരും പ്രചരിപ്പിച്ച് കാണും.

ഞങ്ങളുടെ ആളുകള്‍ അത് ചെയ്‌തെങ്കില്‍ തെറ്റാണ്. അതിനെ ഒരു കാരണവശാലും ന്യായീകരിക്കില്ല.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അതില്‍ ചവറയിലെ ശക്തികുളങ്ങരയില്‍ നിന്ന് അറസ്റ്റ് ചെയ്ത ജേക്കബ് ഹെന്റി സി.പി.ഐ.എമ്മുകാരനാണ്. കൊല്ലം ജില്ലയില്‍ ഞങ്ങളുടെ നേതാക്കള്‍ക്ക് പോലും അറിയാവുന്ന അറിയപ്പെടുന്ന സി.പി.ഐ.എമ്മുകാരനാണ്.

പിന്നെ ഞങ്ങളാണ് വീഡിയോ പ്രചരിപ്പിക്കുന്നത് എന്ന് പറഞ്ഞതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

രണ്ടാമതായി പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത ശിവദാസ് കൊഴിഞ്ഞമ്പാറ കെ.ടി.ഡി.സി ബിയര്‍ പാര്‍ലറിലെ താല്‍ക്കാലിക ജീവനക്കാരനാണ്, സി.ഐ.ടി.യു യൂണിയനിലെ അംഗമാണ്. ഞങ്ങള്‍ അന്വേഷിച്ചതാണ്.

എന്നിട്ട് കോണ്‍ഗ്രസുകാരനാണ് പ്രചരിപ്പിക്കുന്നതെന്ന് പറഞ്ഞാലോ. അതാണ് പറഞ്ഞത് വീഡിയോ അപ്‌ലോഡ് ചെയ്തത് അന്വേഷിച്ചാല്‍ വാദി പ്രതിയാകും.

സ്വന്തം ജില്ലാ സെക്രട്ടറി കിടന്ന കട്ടിലിന്റെ അടിയില്‍ കൊണ്ടുപോയി ക്യാമറ വെച്ച സി.പി.ഐ.എം നേതാക്കന്മാരുള്ള ജില്ലയാണിത്. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംഘം സി.പി.ഐ.എമ്മിലുണ്ട്.

വീഡിയോ പ്രചരിപ്പിക്കുന്നതില്‍ മിടുക്കരാണ്. അവര്‍ ഇതിനല്ല ഇതിനപ്പുറവും ചെയ്യും.

സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് സി.പി.ഐ.എമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് വേറൊരു സ്ഥാനാര്‍ത്ഥിയെ വെച്ചത്. അവര്‍ക്കിടയില്‍ തന്നെ എതിര്‍പ്പുണ്ട്.

ഈ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ പരാതിയും പരിഭവങ്ങളും എതിര്‍പ്പുകളും പാര്‍ട്ടിക്കകത്ത് തന്നെയുണ്ട്. അതിന്റെ ഭാഗമാണ് ഈ വീഡിയോ. അല്ലാതെ ഞങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ട.

മൂന്ന് പേരെ അറസ്റ്റ് ചെയ്തതില്‍ രണ്ട് പേര്‍ മാര്‍ക്‌സിസ്റ്റുകാരായിട്ടും യു.ഡി.എഫാണ് പ്രചരിപ്പിച്ചതെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. അതങ്ങ് മടക്കിവെച്ചാല്‍ മതി. ശരിയായ അന്വേഷണം നടത്തിയാല്‍ വാദി പ്രതിയാകും,”വി.ഡി. സതീശന്‍ പറഞ്ഞു.

വര്‍ഗീയതയുമായി ഒരു സന്ധിയും ചെയ്യാത്ത യു.ഡി.എഫിന്റെ വിജയമായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും മതേതര വാദികളുടെ വോട്ട് മാത്രം മതി തങ്ങള്‍ക്കെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Kerala Opposition leader VD Satheesan says CPIM workers did spread the video against Thrikkakkara LDF candidate Jo Joseph

We use cookies to give you the best possible experience. Learn more