ശബരിമല സ്ത്രീ പ്രവേശന വിധി: വിശാല ബെഞ്ചിനെ എതിര്‍ത്ത് കേരളം സുപ്രീം കോടതിയില്‍; നടപടി ഭാവിയില്‍ വലിയ അട്ടിമറികള്‍ക്ക് ഇടയാക്കുമെന്നും കേരളം
Kerala News
ശബരിമല സ്ത്രീ പ്രവേശന വിധി: വിശാല ബെഞ്ചിനെ എതിര്‍ത്ത് കേരളം സുപ്രീം കോടതിയില്‍; നടപടി ഭാവിയില്‍ വലിയ അട്ടിമറികള്‍ക്ക് ഇടയാക്കുമെന്നും കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th February 2020, 1:41 pm

ന്യൂദല്‍ഹി:ശബരിമല സ്ത്രീ പ്രവേശന വിധി വിശാലബെഞ്ചിന് വിട്ടതിനെ എതിര്‍ത്ത് കേരളം സുപ്രീം കോടതിയില്‍. വിശാലബെഞ്ച് നിയമപരമായി നിലനില്‍ക്കില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജയ്ദീപ് ഗുപ്ത പറഞ്ഞു.

വിധിയില്‍ അപാകതകള്‍ കണ്ടെത്തിയിരുന്നെങ്കില്‍ കേസ് വിശാല ബെഞ്ചിന് വിടുന്നത് അംഗീകരിക്കാമായിരുന്നു. ശബരിമല സ്ത്രീ പ്രവശേന വിധി ശരിയെന്നോ തെറ്റെന്നോ കോടതി വ്യക്തമാക്കാത്ത സാഹചര്യത്തില്‍ കേസ് വിശാല ബെഞ്ചിന് വിടുന്നത് തെറ്റായ നടപടിയാണെന്ന് കേരള സര്‍ക്കാര്‍ കോടതിയിലറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി തീര്‍പ്പാക്കിയ കേസില്‍ വന്ന പുനഃപരിശോധന ഹരജികള്‍ പരിഗണിക്കേണ്ടത് അഞ്ചംഗ ഭരണഘടന ബെഞ്ചാണ്. ഇതിനു പകരം വിശാലബെഞ്ച് അന്തിമ തീരുമാനമെടുത്താല്‍ പുതിയ കീഴ്‌വഴക്കമാണുണ്ടാകുക. ഇത് ഭാവിയില്‍ വലിയ അട്ടിമറികള്‍ക്ക് ഇടയാക്കുമെന്നും കേരളം സുപ്രീം കോടതിയിലറിയിച്ചു.

വിശാലബെഞ്ച് വിഷയത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശബരിമല പുനഃപരിശോധനയുമായി ബന്ധപ്പെട്ട ഹരജികളെ ബാധിക്കില്ലെന്നും കേരളത്തിനു വേണ്ടി കോടതിയില്‍ ഹാജരായ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാണിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ അഭിപ്രായത്തോട് അംഗീകരിക്കുന്ന നിലപാടാണ് കേരളം സുപ്രീം കോടതിയിലറിയിച്ചത്. സുപ്രീം കോടതിയുടെ ഭരണപരമായ ഉത്തരവുകള്‍ വിശാലബെഞ്ചിന് വിട്ട് ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു വിഷയത്തില്‍ നരിമാന്റെ നിലപാട്. പുനഃപരിശോധന ഹരജി അംഗീകരിച്ചിട്ട് വിധി വീണ്ടും പരിശോധിക്കാം അല്ലാതെ കേസ് നേരിട്ട് വിശാലബെഞ്ചിന് വിടുന്ന നടപടി ഇതുവരെ കണ്ടിട്ടില്ലെന്നും നരിമാന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ശബരിമല കേസില്‍ വിശാലബെഞ്ചില്‍ നടപടിക്രമങ്ങള്‍ നടക്കവേ ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നായിരുന്നു കന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്
.