ദേശീയ ഗെയിംസില്‍ കേരളത്തിന്റെ മോശം പ്രകടനത്തില്‍ കായിക മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഒളിംമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം കേരള കായിക മന്ത്രിയും സ്‌പോട്‌സ് കൗണ്‍സിലുമാണെന്നും മന്ത്രിയെന്ന നിലയില്‍ വി. അബ്ദുറഹ്‌മാന്‍ വട്ട പൂജ്യമാണെന്നും സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
‘കായിക മേഖലയിലെ നാഷണല്‍ ഗെയിംസില്‍ കേരളത്തിന് ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവെക്കാന്‍ സാധിച്ചത്. തീര്‍ച്ചയായും അതിന്റെ ഉത്തരവാദികള്‍ കേരളത്തിന്റെ സ്പോര്‍ട്സ് മന്ത്രിയും സ്പോര്‍ട്സ് കൗണ്‍സിലുമാണ്.
കായികത്തിന് മാത്രമായി ആദ്യമായി ഒരു മന്ത്രി ഉണ്ടായിട്ടും സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നോ മന്ത്രിയില്‍ നിന്നോ ഒരു രീതിയിലുള്ള സഹായങ്ങളോ സംഭാവനകളോ കഴിഞ്ഞ നാല് വര്‍ഷമായി ലഭിക്കുന്നില്ല. അതിന്റെ ഫലമാണ് നാഷണല്‍ ഗെയിംസില്‍ കേരളത്തിന്റെ മോശം പ്രകടനം,’ സുനില്‍ കുമാര്‍ പറഞ്ഞു.
മുന്‍ കാലങ്ങളിലെ കേരളത്തിന്റെ പ്രകടനങ്ങള്‍ നോക്കിയാല്‍ വലിയ പതനം തന്നെയാണ് മെഡല്‍ വേട്ടയില്‍ ഉണ്ടായിരിക്കുന്നത്. ചരിത്രത്തിലാധ്യമായിട്ടാണ് കേരളം ആദ്യത്തെ 10 സ്ഥാനങ്ങളില്‍ പോലുമില്ലാതെ പോകുന്നത്. കേരളം 14ാം സ്ഥാനത്താണ് പിന്തള്ളപ്പെട്ടത്.
ഇന്ത്യയുടെ കായിക ചരിത്രത്തില്‍ മികച്ച അത്‌ലറ്റുകളെ സംഭാവന ചെയ്ത കേരളത്തിന് ഈ തവണ വെറും 54 മെഡല്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. മികവുള്ള താരങ്ങള്‍ക്ക് പിന്തുണ നല്‍കാത്തതും സ്‌പോട്‌സ് കൗണ്‍സിലിന്റെ ഏകോപനവും പിന്തുണയും ഇല്ലാത്തതുമടക്കമുള്ള വിഷയങ്ങള്‍ കേരളത്തിന് വലിയ തിരിച്ചടിയാകുകയാണ്. അത്‌ലറ്റുകള്‍ക്ക് തയ്യാറെടുപ്പിനും ക്യാമ്പുകള്‍ക്കുമായുള്ള പണമോ മറ്റ് സഹായങ്ങളോ ഒരുക്കുന്നതില്‍ കായിക മന്ത്രിയും സ്‌പോട്‌സ് കൗണ്‍സിലും പരാജയപ്പെടുകയാണ്.
കോവിഡാനന്തരം കായിക മേഖലയ്ക്ക് തിരിച്ചടി സംഭവിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും കായിക മോഖലയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മറ്റ് സംസ്ഥാനങ്ങള്‍ മുന്നിലായിട്ടു കൂടെ കേരളം ഒന്നും ചെയ്യുന്നില്ല. ദേശീയ ഗെയിംസിന് 10 ദിവസം മുമ്പാണ് ഫണ്ട് അനുവദിച്ചത് എന്നടക്കുള്ള പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണ്.
Content Highlight: Kerala Olympic Association says Sports Minister and Sports Council are the reasons for Kerala’s lagging behind in National Games