| Wednesday, 12th May 2021, 9:23 am

കൊവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളമില്ല; ദക്ഷിണേന്ത്യയില്‍ പട്ടികയിലില്ലാത്തത് കേരളം മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ രണ്ടാമത്തെ പട്ടികയിലും കേരളത്തിന്റെ പേരില്ല. 18 സംസ്ഥാനങ്ങള്‍ക്കാണ് മേയ് ഒന്ന് മുതല്‍ കൊവാക്‌സിന്‍ ഭാരത് ബയോടെക്ക് നേരിട്ട് നല്‍കുന്നത്.

ആദ്യപട്ടികയിലും കേരളം ഇടം പിടിച്ചിരുന്നില്ല. കേന്ദ്രനയം അനുസരിച്ചാണ് വാക്‌സിന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.

ദക്ഷിണേന്ത്യയില്‍ കേരളം മാത്രമാണ് പട്ടികയിലില്ലാത്തത്.

ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്‌നാട്, ത്രിപുര, തെലങ്കാന, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.

25 ലക്ഷം ഡോസ് വാക്‌സിന്‍ കേരളം ആവശ്യപ്പെട്ടിരുന്നു. കമ്പനിയുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം കൊവിഡ് വാക്സിന്‍ വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്യാനൊരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. കര്‍ണാടകയാണ് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് അറിയിച്ചിട്ടുള്ളത്. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം തീവ്ര വ്യാപനത്തിലെത്തുകയും അതേസമയത്ത് തന്നെ വാക്സിന്‍ ക്ഷാമം രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വാക്സിന്‍ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്.

നേരത്തെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ വാക്സിന്‍ ഇറക്കുമതി ചെയ്യുന്ന തീരുമാനത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചിരുന്നു. ആന്ധ്രാപ്രദേശും തെലങ്കാനയും സമാനമായ തീരുമാനങ്ങള്‍ പങ്കുവെച്ചിരുന്നു.

രാജ്യത്ത് കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും കൊവിഡ് വ്യാപനം കുറഞ്ഞ വിദേശ രാജ്യങ്ങളിലേക്കായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ കയറ്റിയയച്ചിരുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യ കടുത്ത വാക്സിന്‍ ക്ഷാമം നേരിടുകയാണെന്ന് വ്യക്തമാക്കുന്ന നടപടികളുമായി സംസ്ഥാനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കമാണ് വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനുള്ള തീരുമാനെമെടുത്തിരിക്കുന്നത്.

അതേസമയം 18 കോടി വാക്സിന്‍ ഇതുവരെ സൗജന്യമായി വിതരണം നടത്തിയെന്നും അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 7,29,610 വാക്സിന്‍ കൂടി വിതരണം ചെയ്യുമെന്നുമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 90 ലക്ഷം വാക്സിന്‍ കൂടി വിതരണം ചെയ്യാനുണ്ടെന്നും കേന്ദ്രം അറിയിച്ചു.

എന്നാല്‍ അപ്പോഴും രണ്ടാം ഡോസ് വാക്സിന്‍ വിതരണം ചെയ്യുന്നതില്‍ തന്നെ കനത്ത ക്ഷാമം നേരിടുമെന്നാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വ്യക്തമാക്കുന്നത്. ഇത് വാക്സിന്‍ കുത്തിവെപ്പിലൂടെ പ്രതിരോധം കൈവരിക്കാനുള്ള നീക്കങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സംസ്ഥാനങ്ങള്‍ പറയുന്നു.

നേരത്തെ കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സിന്റെ 50 ശ്തമാനം കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ബാക്കി ആവശ്യമായ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും സംസ്ഥാനങ്ങളോടും സ്വകാര്യ ആശുപത്രികളോടും നേരിട്ട് വാങ്ങണമെന്നും അതിന്റെ വില കമ്പനികള്‍ നിശ്ചയിക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നയമാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala not in list Covaxin Direct Supply Bharat Biotech Covid 19

We use cookies to give you the best possible experience. Learn more