| Tuesday, 23rd August 2022, 7:57 am

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാത്തവര്‍ ചേരിതിരിവിന് ശ്രമിക്കുന്നു: നിയമസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ അണിചേരാതിരുന്ന ശക്തികളാണ് ഇന്ത്യന്‍ ജനതയെ ചേരിതിരിക്കാനും ഒരുമയെ തകര്‍ക്കാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്നിലെന്ന് കേരള നിയമസഭ.

അത്തരം ശ്രമങ്ങളെയും ശക്തികളെയും ചെറുക്കേണ്ടതും പരാജയപ്പെടുത്തേണ്ടതും ഇന്ത്യയെ ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തേണ്ടതിന് ഒഴിച്ചുകൂടാനാവാത്തതാണെന്ന് നിയമസഭ കരുതുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച് നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

തിങ്കളാഴ്ച ആരംഭിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങള്‍ അനുസ്മരിച്ച് പ്രമേയം സഭ അംഗീകരിച്ചത്.

ഒരുമയെ തകര്‍ക്കുന്ന ശ്രമങ്ങള്‍ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും സ്വതന്ത്ര ഇന്ത്യക്കായി പൊരുതിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി എല്ലാ അംഗങ്ങളും പ്രതിജ്ഞ എടുക്കുന്നവെന്നും പ്രമേയത്തില്‍ പറയുന്നു.

വൈദേശിക ആധിപത്യത്തിന് അവസാനം കുറിക്കാന്‍ തക്കവണ്ണം ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി പകര്‍ന്നത് സര്‍വരെയും ഉള്‍ക്കൊള്ളുന്ന ‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ കാഴ്ചപ്പാടായിരുന്നു. ഇതിന് വിരുദ്ധമായ നീക്കമാണ് രാജ്യത്താകമാനം ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും അവയുടെ സമ്പന്നമായ സംസ്‌കാരങ്ങളെയും നിരവധി ഭാഷകളെയും വ്യത്യസ്ത ധാരകളില്‍പ്പെട്ടതും സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ചതുമായ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളെയും മതവിശ്വാസികളെയും മതവിശ്വാസികളല്ലാത്തവരെയും ഉള്‍ക്കൊള്ളുന്നതായിരുന്നു മഹത്തായ സ്വാതന്ത്ര്യപ്രസ്ഥാനം.

അതില്‍ പങ്കെടുത്ത ആദിവാസികള്‍, ദലിതര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ തുടങ്ങി എല്ലാ ജനവിഭാഗങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

അവരുടെ ബഹുജന പ്രക്ഷോഭങ്ങള്‍ മുന്നോട്ടുവെച്ചതും ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനമാകെ ഉയര്‍ത്തിപ്പിടിച്ചതുമായ മൂല്യങ്ങള്‍ അടങ്ങിയ ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷണത്തിനായി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയത്തില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി. രാജേഷ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

Content Highlight: Kerala Niyamasabha’s Resolution about 75 years of Indian Independence and struggle

We use cookies to give you the best possible experience. Learn more