തിരുവനന്തപുരം: നിയമസഭയില്‍ അവിശ്വാസപ്രമേയത്തിന്‍മേലുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കിടെ പ്രതിഷേധവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി മറുപടി പറയാന്‍ അധികം സമയമെടുത്തെന്ന് പറഞ്ഞാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്.
മുഖ്യമന്ത്രി ആരോപണങ്ങളില്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.
മൂന്ന് മണിക്കൂറിലേറെയായി മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം തുടരുകയാണ്. ഭരണനേട്ടങ്ങളിലൂന്നിയും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
നല്ലൊരു വാഗ്ദാനവുമായി ബി.ജെ.പി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിമുടി ബി.ജെ.പിയാവാന്‍ കാത്തിരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസിനെ മാറ്റി. അങ്ങനെയുള്ള ഒരു പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
പ്രതിപക്ഷത്തിന് അവരില്‍ തന്നെ അവിശ്വാസം വന്നിട്ടുണ്ട്. ഘടകകക്ഷികള്‍ക്കിടയില്‍ യു.ഡി.എഫിനകത്തുള്ള ബന്ധം ശിഥിലമാവുന്നു. വിശ്വാസ യോഗ്യമായ ഒരു കാര്യം പോലും അവതരിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വന്തം അണികളില്‍ നിന്ന് നേതൃത്വത്തിന്റെ കഴിവിലുള്ള അവിശ്വാസം ശക്തമായി വരുന്നുണ്ട്. അതും ഇതിന് അടിസ്ഥാനമാണ്. യു.ഡി.എഫിനുള്ളിലെ അസ്വസ്ഥത മറയ്ക്കാനുള്ള അവിശ്വാസ പ്രമേയമെന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടി വരുന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമ സഭയില്‍ ഇടത് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോള്‍ ദല്‍ഹയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ ഇത്രയും പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ടാണ് നേതാക്കള്‍ മടിച്ചു നില്‍ക്കുന്നത്. കേരളത്തിലെ നേതാക്കളും രണ്ടു പക്ഷമാണ്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത് കേരളത്തിലെ നേതാക്കള്‍ കാട്ടിയ മണ്ടത്തരമാണെന്നാണ് ഇപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അന്നേ ഇടതുപക്ഷം ഇതു ചൂണ്ടിക്കാട്ടിയിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക