| Monday, 6th May 2019, 7:57 pm

മതനേതാക്കളേ, നിഖാബിന്റെ പന്ത് നിങ്ങളുടെ കോര്‍ട്ടിലാണ്

എ.കെ.അബ്ദുല്‍ ഹക്കീം

മുസ്‌ലിം സ്ത്രീകളുടെ മുഖാവരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍, നിഖാബിനെ അനുകൂലിക്കുന്നവര്‍ മുമ്പോട്ടു വെക്കുന്നത് പ്രധാനമായും രണ്ട് വാദങ്ങളാണ്. മത നിഷ്‌കര്‍ഷയുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തേത്. മുഖമടക്കം മറയ്ക്കണമെന്ന നിര്‍ബന്ധബുദ്ധി പുലര്‍ത്തുന്നവര്‍ തുലോം കുറവായതുകൊണ്ടും മതവാദികളില്‍ നിന്നുപോലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാലും ഒന്നാം വാദക്കാര്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടില്ല. എന്നാല്‍ വസ്ത്രം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ പക്ഷത്ത് നില്‍ക്കുന്നവരാണ് രണ്ടാമത്തെ കൂട്ടര്‍. സ്വത്വവാദികളുടേയും ലിബറല്‍ ജനാധിപത്യവാദികളുടേയുമൊക്കെ പിന്തുണ ലഭിച്ചതോടെ രണ്ടാമത്തെ കൂട്ടര്‍ കൂടുതല്‍ കരുത്തരായിത്തീര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ മുഖംമൂടിയിട്ട സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് അടുത്ത കാലത്താണ്. പതിയെ പതിയെ ഇത്തരക്കാരുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം നിഖാബ് ധാരികളുടെ എണ്ണത്തില്‍ ഒരു കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ഇസ്‌ലാമിന്റെ ആന്തരഘടനയെ പറ്റിയും പൗരോഹിത്യത്തിന്റെ സ്വാധീനത്തെപ്പറ്റിയും അറിവുള്ളവര്‍ക്ക് ഞാനീ പറഞ്ഞതിന്റെ പൊരുള്‍ മനസിലാക്കാന്‍ പ്രയാസമുണ്ടാവില്ല.

മുഖാവരണവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ രണ്ടഭിപ്രായങ്ങള്‍ മുസ്‌ലിം പണ്ഡിതര്‍ക്കിടയിലുണ്ട്. സലഫി പണ്ഡിതനായ എം.എം.അക്ബര്‍, എം.ഇ.എസ് സര്‍ക്കുലറുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പില്‍ ഇക്കാര്യം വിശദമായി എഴുതുന്നുണ്ട്. ഖുര്‍ആന്റെയും നബിചര്യയുടേയും അടിസ്ഥാനത്തില്‍, നിഖാബ് ധരിക്കേണ്ടതില്ലെന്ന ശൈഖ് അല്‍ബാനിയുടെ വാദത്തോട് യോജിക്കുന്ന ആളാണ് താനെന്നും തന്റെ വീട്ടിലെ സ്ത്രീകള്‍ നിഖാബ് ധരിക്കാറില്ലെന്നും ഈ കുറിപ്പില്‍ എം.എം.അക്ബര്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ ഒരു സ്ത്രീ തന്റെ സുരക്ഷയ്ക്ക് നല്ലതാണെന്ന വിശ്വാസത്താല്‍ നിഖാഖ് ധരിച്ച് പുറത്തിറങ്ങുകയാണെങ്കില്‍ അതിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഓരോരുത്തര്‍ക്കും തങ്ങളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും ജീവിക്കാനും ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട് എന്നും അതിനെതിരെയുള്ള ഏത് നിലപാടും ഫാസിസമാണെന്നുമാണ് പ്രസ്തുത കുറിപ്പിന്റെ കേന്ദ്ര ആശയം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മതവിധി എന്ന വിശ്വാസ തലത്തിനേക്കാള്‍ വ്യക്തിസ്വാതന്ത്ര്യം എന്ന ജനാധിപത്യ ആശയത്തിലാണ് അദ്ദേഹത്തിന്റെ ഊന്നല്‍.

ഏതാണ്ടിതേ നിലപാട് തന്നെയാണ് സമസ്തയും ജമാഅത്തെ ഇസ്‌ലാമിയുമുള്‍പ്പെടെയുള്ള മിക്ക സംഘടനകള്‍ക്കുമുള്ളത്. മതനിയമം അനുശാസിക്കുന്നുണ്ടോ എന്നതല്ല, ഒരു സ്ത്രീ നിഖാബ് ധരിക്കാന്‍ തീരുമാനിച്ചാല്‍ അവള്‍ക്കതിന് സ്വാതന്ത്ര്യമുണ്ടോ എന്നതാണ് കാതലായ ചോദ്യമെന്ന് സമസ്തയുടെ പണ്ഡിത നേതാക്കളിലൊരാളായ നാസര്‍ ഫൈസി കൂടത്തായി പറയുന്നു.

മുഖാവരണത്തിലൂടെ കൂടുതല്‍ സുരക്ഷിതയാവുമെന്ന് ഒരു സ്ത്രീ വിശ്വസിക്കുന്ന പക്ഷം, അതിനവകാശമുണ്ടാവുക എന്നത് മതാചാരങ്ങള്‍ പിന്തുടരുന്നതിനുള്ള സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല എന്നും മനുഷ്യാവകശാത്തിന്റെ വിശാല തലത്തില്‍ നോക്കിക്കാണേണ്ട ഗൗരവമായ വിഷയമാണെന്നും ഡൂള്‍ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് അദ്ദേഹം വിശദമാക്കുന്നു.

മുഖാവരണത്തോട് യോജിപ്പോ താല്‍പര്യമോ ഇല്ലാത്ത മുസ്‌ലിംകളില്‍ പലരും ഇതേ കാഴ്ചപ്പാടുള്ളവരാണ്. പൊതു വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന അമുസ്‌ലിംകളായ ചിലരും ഇതിനെ ഒരു മതപ്രശ്‌നം എന്ന രീതിയില്‍ തള്ളിക്കളയാതെ മേല്‍ സൂചിപ്പിച്ച തരത്തിലുള്ള നിലപാട് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. പര്‍ദ്ദയുടെയും ലെഗിന്‍സിന്റെയും ബിക്കിനിയുടെയും സിഖ് തലപ്പാവിന്റെയുമൊക്കെ കാര്യത്തിലും ഭൂരിപക്ഷം ആളുകളും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഓരോരുത്തരും അവരവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിച്ചും ഭക്ഷണം കഴിച്ചുമൊക്കെ ജീവിക്കുന്നത് തന്നെയാണ് ജനാധിപത്യത്തിന്റെ ഉന്നതമായ സാക്ഷാല്‍ക്കാരവും.

എന്നാല്‍ മുഖാവരണത്തിന്റെ കാര്യത്തില്‍ മാത്രം ചില വ്യത്യാസങ്ങള്‍ കാണുന്നവരുമുണ്ട്. ഒരാള്‍ സ്വയം മറച്ചുവെച്ചു കൊണ്ട് പൊതുസമൂഹത്തില്‍ ഇടപെടുന്നതിന്റെ നൈതികതയുമായി ബന്ധപ്പെട്ട വിഷയം എന്ന നിലയ്ക്കാണത്. കണ്ണ് ഒഴികെ ബാക്കിയെല്ലാം മറയ്ക്കുന്ന വസ്ത്രവും ധരിച്ച് പുറത്തിറങ്ങുന്നവര്‍ എല്ലാവരെയും കാണുകയും മറ്റുള്ളവര്‍ തന്നെ കാണുന്നത് തടയുകയും ചെയ്യുന്നത് ശരിയല്ല എന്നാണവരുടെ കാഴ്ചപ്പാട്. മാത്രവുമല്ല, ഇതില്‍ ഏത് തരത്തിലുള്ള ആള്‍മാറാട്ടത്തിനുമുള്ള സാധ്യതയുണ്ട് എന്നും ചിലരെങ്കിലും ഭയപ്പെടുന്നുണ്ട്. ഇതേ അവകാശം പറഞ്ഞ് നാളെ പുരുഷന്മാരും മുഖം മൂടി ധരിച്ച് നടന്നാലുള്ള അവസ്ഥ ഒന്നാലോചിക്ക് നോക്കൂ.രാജ്യത്തിന്റെ, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യതയില്‍ നിന്ന് ഏതെങ്കിലും ഭരണകൂടത്തിന് ഒഴിഞ്ഞു മാറാന്‍ സാധിക്കുമോ?

മുസ്‌ലിം സ്ത്രീ അവളുടെ സുരക്ഷയെ കരുതി മുഖം മറച്ചാല്‍ അതനുവദിച്ചു കൊടുക്കണമെന്ന എം.എം. അക്ബറിന്റെയും നാസര്‍ ഫൈസിയുടേയും വാദം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇതേ സുരക്ഷയുടെ ആനുകൂല്യം മറ്റുള്ളവര്‍ക്കും ബാധകമല്ലേ? നമ്മുടെ ഇടയില്‍ ഇരിക്കുന്ന, ആള്‍ക്കൂട്ടത്തിനിടയില്‍ നടക്കുന്ന, കൂടെ ജോലി ചെയ്യുന്ന കുറെ ആളുകള്‍ മുഖമുള്‍പ്പെടെ മറച്ചിരിക്കുന്നത് തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുമ്പോള്‍ അവരുടെ സുരക്ഷിതത്വത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വവും ജനാധിപത്യ ഭരണ സംവിധാനത്തിനുണ്ടാവില്ലേ?

എന്നെ കാണുന്നവരെ എനിക്കും കാണണമെന്ന വളരെ ലളിതമായ ഒരാവശ്യം ഒരാള്‍ ഉന്നയിച്ചാല്‍ ,ആ ആവശ്യമുന്നയിക്കുന്നവരുടെ അവകാശത്തിനൊപ്പവും നില്‍ക്കേണ്ടി വരില്ലേ നമ്മുടെ ഭരണഘടനയ്ക്ക്? എനിക്ക് കൈ വീശാനുള്ള സ്വാതന്ത്ര്യം അപ്പുറത്തുള്ളയാളുടെ മൂക്കിന്‍ തുമ്പത്ത് അവസാനിക്കും എന്നത് കൂടിയാണല്ലോ ജനാധിപത്യത്തിന്റെ ബാലപാഠങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്.

മുഖം മൂടി കൊണ്ട് ഒരാളുടെ ഐഡന്റിറ്റി നിഷേധിക്കപ്പെടുന്നു എന്നതും പ്രധാന വിഷയമാണ്. സ്വയം പ്രത്യക്ഷപ്പെടുത്താത്ത ഒരാള്‍ ചെയ്യുന്ന പ്രവൃത്തികളുടെ ഉത്തരവാദിത്വം അയാളില്‍ ആരോപിക്കാനാവില്ല എന്നത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ട് പൊതു ഇടങ്ങളില്‍ ഏതൊരാളും സ്വയം വെളിപ്പെടുത്തണം എന്ന് നിബന്ധന വെക്കാന്‍ സ്റ്റേറ്റ് നിര്‍ബന്ധിതമാവുന്നുണ്ട്. ഒരു വ്യക്തിയ്ക്ക് മുഖം മൂടാനുള്ള അവകാശത്തേക്കാള്‍ സ്റ്റേറ്റിനു വില കല്‍പിക്കേണ്ടി വരിക മറ്റുള്ളവര്‍ക്ക് മന:സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തിനായിരിക്കും.

വസ്ത്രം ഒരാളുടെ ചോയ്‌സ് ആണ് എന്ന് വാദിക്കുന്ന മതനേതാക്കള്‍ സൗകര്യപൂര്‍വം മറച്ചുവെക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്.ഇതേ ചോയ്‌സിന്റെ പേരും പറഞ്ഞ് കുട്ടികള്‍ ലെഗിന്‍സും ജീന്‍സും ധരിച്ചിറങ്ങിയാല്‍ തങ്ങള്‍ക്കതുള്‍ക്കൊള്ളാനാവില്ല എന്ന സത്യമാണത്.പാട്രിയാര്‍ക്കല്‍ മൂല്യങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന മുസ്‌ലിം സമൂഹത്തില്‍, പെണ്‍കുട്ടികളുടെ ചോയ്‌സ് എന്നതു തന്നെ എത്തിപ്പെടാനാവാത്ത അയഥാര്‍ത്ഥമായ ഒരു സൗന്ദര്യ സങ്കല്‍പമാണ്.

കേരളത്തിലെ മുസ്‌ലിം സംഘടനാനേതാക്കള്‍ തികഞ്ഞ പക്വതയോടെയും വലിയ ഉത്തരവാദിത്വത്തോടെയും തീരുമാനമെടുക്കേണ്ട ഒരു ചരിത്രഘട്ടമാണിത്. ഇസ്‌ലാമില്‍ നിര്‍ബന്ധമില്ല എന്ന കാര്യത്തില്‍ ഏതാണ്ട് ഒരേ അഭിപ്രായമാണെന്നിരിക്കെ, ഈ വിവാദം അവസാനിപ്പിക്കാന്‍ വിവേകമതികളായ മതനേതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്.

ബഹുസ്വരമായ ഒരു സമൂഹത്തില്‍ സാമാന്യേന സൈ്വര്യ ജീവിതം നയിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് മലയാളികള്‍. നമ്മുടെ മുന്‍ഗാമികളായ മത- സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ബുദ്ധിയും ത്യാഗവും കൂടിയാണ് നമുക്കീ ജീവിതം സാധ്യമാക്കിത്തന്നത്. അതിന് പ്രയാസം പറ്റുന്ന, പോറലേല്‍ക്കുക പോലും ചെയ്യുന്ന ഒന്നാവരുത് ഈ ഘട്ടത്തില്‍ എടുക്കുന്ന തീരുമാനങ്ങളൊന്നും. എല്ലാ മതവിശ്വാസികള്‍ക്കും മതമോ വിശ്വാസമോ ഇല്ലാത്തവര്‍ക്കും സ്വസ്ഥമായും സമാധാനമായും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നിരിക്കെ ആരുടേയെങ്കിലും ഒരവകാശം മറ്റുള്ളവരുടെ ആശങ്കയ്ക്ക് കാരണമായിക്കൂടാ എന്നത് ജനാധിപത്യത്തിന്റെ മൗലിക തത്വമായി എല്ലാവരും അംഗീകരിക്കണം.

മതാത്മക ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യ അവകാശങ്ങളെ കുറിച്ചും സംസാരിക്കുമ്പോള്‍ തന്നെ, ഒരു മതേതര സിവില്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പൗരര്‍ കാണിക്കേണ്ട മര്യാദകളെക്കുറിച്ചും വിട്ടുവീഴ്ച്ചകളെക്കുറിച്ചും കൂടി എല്ലാവരും ബോധവാന്‍മാരാവേണ്ടതുണ്ട്.

സര്‍വരാലും സ്വീകാര്യരായ സമുദായ നേതാക്കള്‍ ഇന്ന് മുസ്‌ലിംകള്‍ക്കിടയിലില്ല.പല ഗ്രൂപ്പുകളായി പിരിഞ്ഞ മതസംഘടനകളാണ് മുസ്‌ലിം ജീവിതത്തിന്റെ അലകും പിടിയും തീരുമാനിക്കുന്നത്. ആയതിനാല്‍ കേരളത്തിലെ മുസ്‌ലിം സംഘടനാ നേതാക്കള്‍ അടിയന്തിരമായി കൂടിയിരിക്കണം.വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി ചര്‍ച്ച ചെയ്യണം. തീവ്രവാദികള്‍ക്കോ തല്‍പരകക്ഷികള്‍ക്കോ മുതലെടുപ്പിനുള്ള അവസരം ലഭിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണം. മതസ്പര്‍ധ വളര്‍ത്തി ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെക്കുറിച്ച് ബോധ്യമുണ്ടാവണം.

എം.ഇ.എസ് സര്‍ക്കുലറുമായി ബന്ധപ്പെട്ടോ അല്ലാതെയോ, മുഖാവരണ വിഷയം കോടതി കയറാനുള്ള സാധ്യതയും ഏറെയാണ്.കേസും കോടതിയുമായി മുന്നോട്ട് പോകുന്നതിനേക്കാള്‍ എത്രയോ നല്ലതാവും മതനേതാക്കളുടെ ഉചിതമായ ഇടപെടലിലൂടെ വിവാദ-വ്യവഹാര സാധ്യതകള്‍ ഇല്ലായ്മ ചെയ്യുന്നത്. നിരോധനം പോലെയൊരു പരിഹാരം നിയമം മൂലമുണ്ടായാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും. അങ്ങനെയെങ്കില്‍ പെണ്‍കുട്ടികളിനി പുറത്തിറങ്ങണ്ട എന്ന തിട്ടൂരം പോലും നിഖാബ് ശാഠ്യക്കാരില്‍ ചിലരെങ്കിലും പുറപ്പെടുവിച്ചേക്കും. ഒരു പക്ഷെ മുസ്‌ലിം പെണ്‍കുട്ടികളുടെ ജീവിതത്തിനു മേല്‍ പതിക്കുന്ന ഭീകരമായ ആഘാതമായിരിക്കും അത്;പൊറുക്കാനാവാത്ത പിന്‍നടത്തവും!

എ.കെ.അബ്ദുല്‍ ഹക്കീം

എഴുത്തുകാരന്‍, അധ്യാപകന്‍

Latest Stories

We use cookies to give you the best possible experience. Learn more