| Sunday, 28th November 2021, 3:57 pm

അച്ചടക്ക ലംഘനം: മമ്പറം ദിവാകരനെ പുറത്താക്കി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി.

ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.

മമ്പറം ദിവാകരന് വേണ്ടി പ്രവര്‍ത്തിച്ച മമ്പറം മണ്ഡലം കോണ്‍ഗസ് കമ്മിറ്റി പ്രസിഡണ്ട് കെ.കെ. പ്രസാദിനെ സ്ഥാനത്ത് നിന്ന് നീക്കി. ഡി.സി.സി ജനറല്‍ സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന് താല്‍ക്കാലിക ചുമതല നല്‍കി.

ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മമ്പറം ദിവാകരനും സ്വരചേര്‍ച്ചയിലായിരുന്നില്ല. സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയ സമയത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ച മമ്പറം ദിവാകരന്‍ ബ്രണ്ണന്‍ കോളേജ് വിവാദവുമായി ബന്ധപ്പെട്ടടക്കം സുധാകരനെ വിമര്‍ശിച്ചിരുന്നു.

കെ. സുധാകരന്‍ പക്വത കാണിക്കണമെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷനായ ശേഷം ബ്രണ്ണന്‍ കോളേജ് വിവാദങ്ങളുയര്‍ത്തിയതില്‍ മമ്പറം ദിവാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്പറം ദിവാകരന്‍ കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: kerala-news/congress-leader-mambaram-divakaran-expelled-from-party

Latest Stories

We use cookies to give you the best possible experience. Learn more