സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായി: ഹൈക്കോടതി
Kerala News
സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായി: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st October 2021, 3:20 pm

കൊച്ചി: സംസ്ഥാനത്ത് സഞ്ചരിക്കുന്ന മദ്യശാലകള്‍ തുടങ്ങേണ്ട സമയമായെന്ന് ഹൈക്കോടതി. ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ക്കു മുന്നിലെ ആള്‍ക്കൂട്ടം സംബന്ധിച്ച കത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പ്രതികരണം.

പരിഷ്‌കാരങ്ങള്‍ ഒരു കാലിലെ മന്തെടുത്ത് അടുത്ത കാലില്‍ വച്ചതുപോലെ ആകരുത് എന്നും കോടതി നിര്‍ദേശിച്ചു. മദ്യശാലകള്‍ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിവയ്ക്കുക മാത്രമാണ് ചെയ്യുന്നത് എന്ന പരാതി ഉയര്‍ന്നപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

‘ആരും വീടിന് മുന്നില്‍ മദ്യശാലകള്‍ തുടങ്ങുന്നത് ആഗ്രഹിക്കുന്നില്ല. മദ്യശാലകളുടെ കാര്യത്തില്‍ നയപരമായ മാറ്റം ആവശ്യമാണ്. മദ്യശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ക്ക് ക്യൂ നില്‍ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുത്,’ ഹൈക്കോടതി പറഞ്ഞു.

മറ്റ് കടകളിലേത് പോലെ കയറാനും ഇറങ്ങാനുമുള്ള സൗകര്യം സര്‍ക്കാര്‍ മദ്യശാലകളിലുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, കോടതി നിര്‍ദേശങ്ങളെ തുടര്‍ന്ന് ഇതുവരെ 10 മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. 33 കൗണ്ടറുകള്‍ ഇതിനകം പരിഷ്‌കരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

കേസില്‍ എക്സൈസ് കമ്മീഷണറെയും ബെവ്കോ സി.എം.ഡിയേയും കോടതി നേരത്തെ കക്ഷി ചേര്‍ത്തിരുന്നു. സൗകര്യമില്ലാത്ത ബെവ്കോ ഷോപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്നും നിലവാരം മെച്ചപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.