ന്യൂദല്‍ഹി: രാജ്യത്തിന് ഭീഷണിയാകുന്ന തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകളുടെ പട്ടികയില്‍ കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക സംഘടനയായ നദ്‌വത്തുല്‍ മുജാഹിദീനെയും ഉള്‍പ്പെടുത്തി രാജ്യത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ യോഗം. ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും ദേശീയ തല കോണ്‍ഫറന്‍സില്‍ ഒരു ഉദ്യോഗസ്ഥന്‍ അവതരിപ്പിച്ച പേപ്പറിലാണ് കെ.എന്‍.എമ്മിനെ ഇസ്‌ലാമിസ്റ്റ് മതമതമൗലിക വാദ സംഘടനയായി അവതരിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്ത യോഗത്തിലാണ് രാജ്യത്ത് വളര്‍ന്നുവരുന്ന മൗലികവാദത്തിനും തീവ്രവാദങ്ങള്‍ക്കും ഇസ്‌ലാമിസ്റ്റ് സംഘടനകളും ഹിന്ദുത്വ സംഘടനകളും കാരണമാകുന്നുവെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജനുവരി 20 മുതല്‍ 22 വരെ ന്യൂദല്‍ഹിയില്‍ വെച്ചാണ് ഈ കോണ്‍ഫറന്‍സ് നടന്നത്. കോണ്‍ഫറന്‍സില്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച പ്രബന്ധങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയെ അധികരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കെ.എന്‍.എമ്മിനെ കുറിച്ച് പറയുന്നത്. എന്നാല്‍ കോണ്‍ഫറന്‍സിന്റെ വെബ്‌സൈറ്റില്‍ നിന്നും ഉദ്യോഗസ്ഥരുടെ പ്രബന്ധങ്ങള്‍ നീക്കം ചെയ്തുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടിലുണ്ട്.
ഇസ്‌ലാമിക തീവ്രവാദം രാജ്യത്തെ വളര്‍ന്നുവരുന്ന ഭീഷണിയാണെന്നാണ് ഒരു പ്രബന്ധത്തില്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്. ‘ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ ലോകത്തെ രണ്ട് വിഭാഗങ്ങളായി വേര്‍തിരിക്കുകയാണ്, മുസ്‌ലിങ്ങളും ബാക്കിയുള്ളവരും. പി.എഫ്.ഐയും അനുബന്ധ സംഘടനകളും, ദഅ്‌വത്ത്-ഇസ്‌ലാമി തൗഹീദ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകള്‍ ഇതിന്റെ ഉദാഹരണമാണ്,’ ഉദ്യോഗസ്ഥന്‍ പറയുന്നു.
ഇസ്‌ലാമിക് റാഡിക്കലിസവും പി.എഫ്.ഐ പോലുള്ള സംഘടനകളുടെ ആശയങ്ങളുടെ പ്രചരണവും തടയുന്നതിനുള്ള നടപടികളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ റാഡിക്കലായ ഹിന്ദുത്വ സംഘടനകളെ കുറിച്ചും ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
ഒരു ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ വി.എച്ച്.പിയും ബജ്‌രംഗ് ദളും തീവ്രസ്വഭാവമുള്ള സംഘടനകളാണെന്ന് പറയുന്നുണ്ട്. ബാബ്‌രി മസ്ജിദ് തകര്‍ത്തത്, ഹിന്ദു ദേശീയവാദം, ബീഫിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഘര്‍വാപസി മൂവ്‌മെന്റ് തുടങ്ങിയവ യുവാക്കള്‍ക്കിടയില്‍ റാഡിക്കലായ ആശയങ്ങള്‍ പ്രചരിക്കുന്നതിന് കാരണമാകുന്നുവെന്നും ചില പ്രബന്ധങ്ങളിലുണ്ട്.
രാഷ്ട്രീയത്തിലും സര്‍ക്കാരിലും ന്യൂനപക്ഷത്തിന്റെ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുക, മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കുക തുടങ്ങിയവയാണ് റാഡിക്കലൈസേഷന് പരിഹാരമായി നിരവധി ഉദ്യോസ്ഥര്‍ മുന്നോട്ടുവെച്ചത്.
Content Highlight: Kerala Nadvathul Mujahidheen aka KNM is presented as an Islamic fundamentalist group in DGP, IG national conference